യുദ്ധം ആറാം ദിനം: ഖാര്ക്കീവില് രൂക്ഷമായ ആക്രമണം, ജനവാസ കേന്ദ്രങ്ങളില്‍ റഷ്യന്‍ റോക്കറ്റാക്രമണം
1 March 2022 1:54 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

യുക്രൈനിലെ റഷ്യന്‍ അധിനിവേശം ആറാം ദിനത്തിലേക്ക് കടന്നപ്പോള്‍ രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കീവില്‍ സാഹചര്യങ്ങള്‍ രൂക്ഷമാവുന്നു. ഖാര്‍കീവില്‍ ഇന്ന് പുലര്‍ച്ചെ നടന്ന ശക്തമായ വ്യോമാക്രമാണെന്നാണ് റിപ്പോര്‍ട്ട്. സ്ഫോടനങ്ങളുടെ ശബ്ദങ്ങള്‍ കേട്ടാണ് ഇന്ന് ഉണര്‍ന്നത് എന്നാണ് മേഖലയിലെ സ്ത്രീകളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. റോക്കറ്റുകള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ പതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സാധാരണക്കാരായ ആളുകള്‍ കൊല്ലപ്പെട്ടതായും ഖാര്‍കീവ് മേയര്‍ ഇഗോര്‍ ടെറേകോവ് പ്രതികരിച്ചു.
ദിവസങ്ങളായി ആക്രമണം ഭയന്ന് ബങ്കറുകളില്‍ കഴിയുന്ന പ്രദേശവാസികള്‍ തങ്ങളുടെ ദുരിതം വിവരിക്കുന്ന വീഡിയോകള്‍ ഉള്‍പ്പെടെ ബിബിസി പുറത്ത് വിട്ടിട്ടുണ്ട്. റഷ്യന്‍ സൈന്യം വളഞ്ഞ തലസ്ഥാനമായ കീവിലും രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുകയാണ്. എന്നാല്‍ കീവില്‍നിന്ന് സാധാരണക്കാര്‍ക്ക് പുറത്ത് കടക്കാന്‍ സുരക്ഷിത ഇടനാഴി ഉപയോഗിക്കാമെന്ന് റഷ്യ പറഞ്ഞു. കീവിന് തെക്കുപടിഞ്ഞാറായി വാസില്‍കീവിലേക്കുള്ള ഹൈവേയിലൂടെ കീവ് വിടാമെന്നാണ് റഷ്യന്‍ പ്രതിരോധമന്ത്രാലയവക്താവ് മേജര്‍ ജനറല്‍ ഇഗോര്‍ കൊണഷെങ്കോവ് അറിയിച്ചത്.
അതേസമയം, യുക്രൈനില്‍ റഷ്യന്‍ സൈനിക നീക്കത്തില്‍ സിവിലിയമാരും ആക്രമിക്കപ്പെട്ടതായി യു.എന്‍. മനുഷ്യാവകാശവിഭാഗം കുറ്റപ്പെടുത്തി. റഷ്യയുടെ ആക്രമണത്തില്‍ ഏഴു കുട്ടികളുള്‍പ്പെടെ 102 സാധാരണക്കാര്‍ യുക്രൈനില്‍ കൊല്ലപ്പെട്ടെന്ന് യു.എന്‍. മനുഷ്യാവകാശവിഭാഗം മേധാവി മിഷേല്‍ ബാച്ലെ പ്രതികരിച്ചു. എന്നാല്‍ യഥാര്‍ഥ മരണസംഖ്യ ഇതില്‍ കൂടുതലായിരിക്കുമെന്ന് ഭയപ്പെടുന്നതായും അവര്‍ പറഞ്ഞു. 16 കുട്ടികള്‍ കൊല്ലപ്പെട്ടെന്നും 45 കുട്ടികള്‍ക്കു പരിക്കേറ്റെന്നുമായിരുന്നു യുക്രൈന് പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്കി നടത്തിയ പ്രതികരണം.
STORY HIGHLIGHTS: Russian forces shelled Ukraine's second-largest city