Top

'യുക്രെയ്‌നില്‍ റഷ്യന്‍ വിമത പ്രദേശത്തുനിന്നും തട്ടിക്കൊണ്ടുപോകല്‍'; 2,389 കൂട്ടികളെ റഷ്യ കടത്തിയെന്ന് അമേരിക്ക

റഷ്യന്‍ വിമതരുടെ നിയന്ത്രണത്തിലുള്ള ലുഹാന്‍സ്‌ക്, ഡൊണാട്ക്‌സ് മേഖലകളില്‍ നിന്നാണ് നീക്കം ചെയ്തതെന്ന് അമേരിക്കന്‍ എംബസി ട്വീറ്റ് ചെയ്തു

22 March 2022 10:34 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുക്രെയ്‌നില്‍ റഷ്യന്‍ വിമത പ്രദേശത്തുനിന്നും തട്ടിക്കൊണ്ടുപോകല്‍; 2,389 കൂട്ടികളെ റഷ്യ കടത്തിയെന്ന് അമേരിക്ക
X

കീവ്: യുക്രെയ്‌നില്‍ അധിനിവേശം തുടരുന്നതിനിടെ ഇവിടെ നിന്നും 2,389 കുട്ടികളെ തട്ടിക്കൊണ്ടുപോയതായി അമേരിക്കന്‍ എംബസി. റഷ്യന്‍ വിമതരുടെ നിയന്ത്രണത്തിലുള്ള ലുഹാന്‍സ്‌ക്, ഡൊണാട്ക്‌സ് മേഖലകളില്‍ നിന്നാണ് നിയമവിരുദ്ധമായി നീക്കം ചെയ്തതെന്ന് യുക്രെയ്ന്‍ വിദേശകാര്യമന്ത്രാലയത്തെ ഉദ്ധരിച്ച് അമേരിക്കന്‍ എംബസി ട്വീറ്റ് ചെയ്തു. റഷ്യയിലേയ്ക്കാണ് ഇവരെ കൊണ്ടുപോയതെന്നും എംബസി പറയുന്നു.

സാധാരണക്കാരെ ഡോണ്‍ബാസിന്റെ കിഴക്കന്‍ മേഖലകളിലേയ്ക്ക് മാറ്റുന്നുവെന്ന് നേരത്തെ യുക്രെയ്ന്‍ ആരോപിച്ചിരുന്നു. ഇതിനിടെ മരിയുപോളില്‍ നിന്നും കുട്ടികളെ നിയമവിരുദ്ധമായി കടത്തുന്നതായും യുക്രെയ്ന്‍ ആരോപിച്ചിരുന്നു. റഷ്യയുടെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ കടുത്ത ലംഘനമാണെന്നും യുക്രെയ്ന്‍ വിദേശകാര്യം മന്ത്രാലയം അറിയിച്ചു.

റഷ്യന്‍ സേനയ്ക്ക് തിരിച്ചടിയായി ശീതകാലാവസ്ഥ; കീവിന്റെ അതിര്‍ത്തികള്‍ തിരിച്ചുപിടിച്ചെന്ന് യുക്രെയ്ന്‍

കീവ്: യുക്രെയ്നില്‍ അധിനിവേശം തുടരുന്നതിനിടെ റഷ്യന്‍ സേനയ്ക്ക് കനത്ത തിരിച്ചടിയായി ശീതകാലാവസ്ഥ. യുക്രെയ്നിലെ തണുപ്പിനെ നേരിടാന്‍ ആവശ്യമായ സന്നാഹങ്ങള്‍ ഇല്ലാത്തതാണ് റഷ്യന്‍ സൈന്യത്തിന് വിനയാവുന്നത്. തണുപ്പുമൂലം ശരീരവീക്കമുണ്ടാവുന്ന അവസ്ഥയെ അഭിമുഖീകരിക്കുകയാണ് റഷ്യന്‍ സൈനികരില്‍ ഭൂരിഭാഗവുമെന്ന് യുഎസ് പ്രതിരോധ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കേഴ്സണ്‍, ഇസിയും നഗരങ്ങള്‍ റഷ്യന്‍ ആധിപത്യത്തില്‍ നിന്നും തിരിച്ചുപിടിക്കാന്‍ യുക്രെയ്ന് സാധിച്ചതായും യുഎസ് ചൂണ്ടിക്കാട്ടുന്നു. യുക്രെയ്നിലേയ്ക്ക് കൂടുതല്‍ സൈന്യത്തെ നിയോഗിക്കാനായി മറ്റ് രാജ്യങ്ങളില്‍ വിന്യസിച്ചിട്ടുള്ള സൈന്യത്തെ റഷ്യ പിന്‍വലിക്കാന്‍ സാധ്യതയുണ്ടെന്നും കഴിഞ്ഞ ആഴ്ചകളില്‍ സൈന്യം യുക്രെയ്ന്‍ പൗരന്മാരെ കൂടുതലായി ആക്രമിക്കുന്നതായി കാണുന്നുണ്ടെന്നും അമേരിക്ക പറയുന്നു.

അതേസമയം, കീവുമായി അതിര്‍ത്തി പങ്കിടുന്ന തന്ത്രപ്രധാനമായ പല നഗരങ്ങളും തങ്ങള്‍ തിരിച്ചെടുത്തതായി യുക്രെയ്ന്‍ അറിയിച്ചു. റഷ്യന്‍ സേനയുമായി കടുത്ത പോരാട്ടത്തിന് പിന്നാലെ കീവിന്റെ പ്രാന്തപ്രദേശമായ മകരിവ് തിരികെ പിടിച്ചെടുത്തുവെന്നും ഇവിടെ തങ്ങളുടെ സേനയ്ക്ക് പൂര്‍ണ്ണ നിയന്ത്രണം ലഭിച്ചുവെന്നും യുക്രേനിയന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാല്‍, വടക്ക് പടിഞ്ഞാറന്‍ പ്രാന്തപ്രദേശങ്ങളായ ബുച്ച, ഹൊസ്റ്റോമല്‍, ഇര്‍പിന്‍ എന്നിവ തങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ് റഷ്യന്‍ സേന അവകാശപ്പെടുന്നത്.

റഷ്യ ഇപ്പോള്‍ മരിയുപോള്‍ പിടിച്ചെടുക്കാനാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മരിയുപോളില്‍ റഷ്യ തുടര്‍ച്ചയായി ഷെല്‍ ആക്രമണം തുടരുന്നതായി ഇവിടം വിട്ടുപോകുന്ന സാധാരണക്കാര്‍ പറയുന്നു. പുറം ലോകവുമായി ഈ നഗരത്തിലുള്ളവര്‍ക്ക് ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും സഹായം അഭ്യര്‍ത്ഥിക്കാന്‍ പോലും സാധിക്കുന്നില്ലെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.

STORY HIGHLIGHTS: Russian forces 'kidnapped' 2,389 children from Donetsk and Luhansk says US embassy

Next Story