Top

യുക്രെയ്ന്‍ ചര്‍ച്ചകള്‍ക്ക് പിന്നാലെ അബ്രമോവിച്ചിനും രണ്ട് ഉദ്യോഗസ്ഥര്‍ക്കും വിഷബാധ; ദുരൂഹത

യുക്രെയ്‌നില്‍ നടന്ന സമാധാന ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് വിഷബാധ സ്ഥിരീകരിച്ചതെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു

29 March 2022 1:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുക്രെയ്ന്‍ ചര്‍ച്ചകള്‍ക്ക് പിന്നാലെ അബ്രമോവിച്ചിനും രണ്ട് ഉദ്യോഗസ്ഥര്‍ക്കും വിഷബാധ; ദുരൂഹത
X

വാഷിംഗ്ടണ്‍: റഷ്യന്‍ ശതകോടീശ്വരനും ചെല്‍സി ഫുട്‌ബോള്‍ ക്ലബ് ഉടമയുമായിരുന്ന പുടിന്റെ അടുത്ത അനുയായി റോമന്‍ അബ്രമോവിച്ചിന് വിഷബാധയേറ്റതായി റിപ്പോര്‍ട്ടുകള്‍. യുക്രെയ്‌നില്‍ നടന്ന സമാധാന ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് വിഷബാധ സ്ഥിരീകരിച്ചതെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇദ്ദേഹത്തിന് പുറമേ സമാധാന ചര്‍ച്ചകള്‍ക്ക് നിയോഗിക്കപ്പെട്ട റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും വിഷബാധയേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.

കീവില്‍ നടന്ന ചര്‍ച്ചകള്‍ക്ക് പിന്നാലെ അബ്രമോവിച്ചിനും രണ്ട് ഉദ്യോഗസ്ഥര്‍ക്കും കണ്ണ് ചുവന്ന് വേദന അനുഭവപ്പെടുകയും കൈയ്യിലേയും മുഖത്തേയും തൊലിയുരിഞ്ഞുപോവുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തമല്ലെന്നും ചര്‍ച്ചകള്‍ തടസ്സപ്പെടുത്താന്‍ ലക്ഷ്യമിടുന്നവരാണ് ഇതിന് പിന്നിലെന്ന് കരുതുന്നതായും വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചികിത്സ തേടിയ ഇവരുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നും ജീവന് ഭീഷണിയില്ലെന്നും സൂചനകളുണ്ട്.

നേരത്തെ അബ്രമോവിച്ച് അടക്കമുള്ളവരില്‍ നിന്ന് തങ്ങള്‍ക്ക് പിന്തുണ ലഭിക്കുന്നുണ്ടെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായതെന്നും ശ്രദ്ധേയമാണ്. കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചല്ല ആക്രമണമെന്നും ഇതൊരു മുന്നറിയിപ്പ് മാത്രമാണെന്നുമാണ് വിലയിരുത്തപ്പെടുന്നത്. പുടിനുമായുള്ള അടുത്ത ബന്ധത്തെത്തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ ഉപരോധമേര്‍പ്പെടുത്തിയവരില്‍ പ്രധാനിയാണ് അബ്രമോവിച്ച്.

STORY HIGHLIGHTS: Russian billionaire Abramovich, Ukrainian peace negotiators hit by suspected poisoning

Next Story