Top

യുക്രൈനിൽ ആശുപത്രിക്ക് നേരെ റഷ്യൻ ഷെല്ലാക്രമണം

ആശുപത്രിയിൽ നിന്നും എല്ലാവരെയും ഒഴിപ്പിക്കാൻ സാധിച്ചതിനാൽ ആളപായമില്ലെന്ന് ആശുപത്രി സിഇഒ വിറ്റാലി ഗിരിൻ ഫേസ്ബുക്കിൽ കുറിച്ചു.

1 March 2022 9:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുക്രൈനിൽ ആശുപത്രിക്ക് നേരെ റഷ്യൻ ഷെല്ലാക്രമണം
X

യുക്രൈൻ തലസ്ഥാനമായ കീവിന് സമീപത്തെ പ്രസവാശുപത്രിക്കു നേരെ റഷ്യ ഷെല്ലാക്രമണം നടത്തി. ചൊവ്വാഴ്ചയാണ് ഷെല്ലാക്രമണം ഉണ്ടായത്. ആശുപത്രിയിൽ നിന്നും എല്ലാവരെയും ഒഴിപ്പിക്കാൻ സാധിച്ചതിനാൽ ആളപായമില്ലെന്ന് ആശുപത്രി സിഇഒ വിറ്റാലി ഗിരിൻ ഫേസ്ബുക്കിൽ കുറിച്ചു.

റഷ്യൻ സെെനികരുടെ കടുത്ത ആക്രമണം നടക്കുന്ന ബുസോവ ഗ്രാമത്തിലെ ആശുപത്രിക്കു നേരെയാണ് ഷെല്ലാക്രമണമുണ്ടായത്. "പ്രസവാശുപത്രിക്ക് എന്ത് സംഭവിച്ചു എന്ന് എല്ലാവരും അന്വേഷിക്കുന്നു. നിങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദി. ആക്രമണത്തിൽ വലിയ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. എന്നാൽ ആശുപത്രി കെട്ടിടം അവിടെയുണ്ട്. ആശുപത്രിയിലുണ്ടായിരുന്ന എല്ലാവരെയും ഒഴിപ്പിച്ചു. എല്ലാവരും സുരക്ഷിതമായ സ്ഥലങ്ങളിലാണ്" വിറ്റാലി ഗിരിൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

റഷ്യൻ സൈന്യം യുക്രെെന് നേരെ ഷെല്ലാക്രമണം ശക്തമാക്കുകയാണ്, ഇത് തിങ്കളാഴ്ച നടന്ന ചർച്ചകളിൽ തന്റെ സർക്കാരിനെ വിട്ടുവീഴ്ച ചെയ്യാൻ നിർബന്ധിതരാക്കാനുള്ള ശ്രമമാണിതെന്നും യുക്രെെൻ പ്രസിഡന്റ് വ്ലാദിമർ സെലെൻസ്‌കി പറഞ്ഞു. ജനവാസ കേന്ദ്രങ്ങളിൽ ആക്രമണം നടത്തി യുക്രൈനെ സമ്മർദത്തിലാക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്ന് സെലൻസ്കി പ്രതികരിച്ചു. സിവിലിയൻമാർക്കെതിരായ ആക്രമണത്തിൽ റഷ്യക്കെതിരെ യുദ്ധക്കുറ്റം ചുമത്തണമെന്നും യുക്രൈൻ പ്രസിഡൻറ് സെലൻസ്കി ആവശ്യപ്പെട്ടു.

ഖാർകിവിലെ ജനവാസ കേന്ദ്രങ്ങളിലും ആക്രമണമുണ്ടായി. ഇവിടെ മൂന്ന് കുട്ടികൾ ഉൾപ്പെടെ 9 പേർ കൊല്ലപ്പെട്ടു. കെട്ടിടങ്ങളിൽ തീപടരുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഒഖ്തീർഖയിൽ റഷ്യയുടെ പീരങ്കി ആക്രമണത്തിൽ 70 സൈനികർ കൊല്ലപ്പെട്ടു. യുക്രൈനിലെ ആറു ദിവസത്തെ റഷ്യൻ അധിനിവേശത്തിൽ ഇതുവരെ 350ലധികം സാധാരണക്കാർ കൊല്ലപ്പെട്ടു.

Story highlights: Russian attack in maternity hospital near Kyiv

Next Story