Top

നാറ്റോയില്‍ അംഗത്വം പരിഗണിച്ച് ഫിന്‍ലാന്റ്, റഷ്യക്ക് അതൃപ്തി; അതിര്‍ത്തിയില്‍ സൈനിക വിന്യാസമെന്ന് റിപ്പോര്‍ട്ട്

13 April 2022 5:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നാറ്റോയില്‍ അംഗത്വം പരിഗണിച്ച് ഫിന്‍ലാന്റ്, റഷ്യക്ക് അതൃപ്തി; അതിര്‍ത്തിയില്‍ സൈനിക വിന്യാസമെന്ന് റിപ്പോര്‍ട്ട്
X

ഹെല്‍സിങ്കി: യുക്രെയ്‌നിനെതിരായി സൈനിക നടപടി ആറാഴ്ചകള്‍ പിന്നിടുമ്പോള്‍ അയല്‍രാജ്യമായ ഫിന്‍ലാന്റിനും റഷ്യയുടെ മുന്നറിയിപ്പ്. യുക്രെയ്‌ന് സമാനമായി നാറ്റോയുടെ ഭാഗമാവാനുള്ള ഫിന്‍ലന്റിന്റെ നീക്കമാണ് റഷ്യയെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഫിന്‍ലാന്റ് അതിര്‍ത്തിയില്‍ സൈനിക വിന്യാസം ഉള്‍പ്പെടെ നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസം പുറത്ത് വന്ന ചില വീഡിയോകള്‍ റഷ്യ ഫിന്‍ലാന്റ് ലക്ഷ്യമിട്ട് ആയുധങ്ങള്‍ വിന്യസിക്കുന്നതായി അവകാശപ്പെട്ടിരുന്നു. റഷ്യയുടെ തീരദേശ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ ഉള്‍പ്പെടെ റോഡ് മാര്‍ഗം ഫിന്‍ലാന്റുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയിലേക്ക് നീങ്ങുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ വാര്‍ത്തകള്‍ക്ക് സ്ഥിരീകരണം ഉണ്ടായിരുന്നില്ല.

നാറ്റോ അംഗത്വത്തിന് അപേക്ഷിക്കണമോ എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ് എന്നും 'ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാവുമെന്നുമുള്ള ഫിന്‍ലാന്റ് പ്രധാനമന്ത്രി സന മരിന്‍ പ്രതികരിച്ചതിന് പിന്നാലെയാണ് ഇത്തരം ഒരു നീക്കമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫിന്‍ലാന്റിന്റെ നീക്കം യൂറോപ്പിലെ സുരക്ഷാ സാഹചര്യത്തിന് ഗുണം ചെയ്യില്ലെന്നായിരുന്നു മാരിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ് നടത്തിയ പ്രതികരണം.

ഫിന്‍ലാന്‍ഡ് രാജ്യത്തിന്റെ സുരക്ഷാ നയത്തെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് തയ്യാറാക്കുമെന്ന് പ്രതീക്ഷിക്കുന്നു. നാറ്റോയില്‍ അംഗമാവാനുള്ള ഫിന്‍ലാന്റിന്റെ വഴിയിലെ പ്രധാന ചുവടുവെപ്പായിരിക്കും ഇതെന്നും നേരത്തെ യുഎസും പ്രതികരിച്ചിരുന്നു.

റഷ്യയുമായി സമുദ്രാതിര്‍ത്തി പങ്കിടുന്ന സ്വീഡനും നാറ്റോ അംഗരാജ്യമായേക്കുമെന്ന തരത്തില്‍ പ്രചാരണങ്ങള്‍ ശക്തമാണ്. ഈ വര്‍ഷം അവസാനം പൊതു തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന സ്വീഡനില്‍ പ്രധാന ചര്‍ച്ചാ വിഷയങ്ങളില്‍ ഒന്ന് നാറ്റോ അംഗത്വമാണ്. രാജ്യത്തെ പ്രധാന രാഷ്ട്രീയ കക്ഷികള്‍ ഒന്നും നാറ്റോയില്‍ ഭാഗമാവുന്നതിന് എതിരല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Russia warns Finland against NATO membership report says moves Russian military equipment toward Finnish border

Next Story