സുമിയില്‍ ഒഴിപ്പിക്കല്‍ തുടങ്ങി; 694 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമായി ബസ് പോള്‍ട്ടോവയിലേക്ക്
8 March 2022 10:07 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ദിവസങ്ങളായി കുടുങ്ങിക്കിടക്കുന്ന യുക്രൈനിന്റെ വടക്ക് കിഴക്കന്‍ മേഖലയായ സുമിയില്‍ നിന്ന് ഒഴിപ്പിക്കല്‍ തുടങ്ങി. റഷ്യയുടെ യുക്രൈന് അധിനിവേശം തുടങ്ങി പതിമൂന്ന് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് സുമിയില്‍ ഒഴിപ്പിക്കല്‍ നടപടികകള്‍ ആരംഭിക്കുന്നത്. 11 മണിക്കൂര്‍ സമയമാണ് ഒഴിപ്പിക്കലിന് ലഭിച്ചിരിക്കുന്നത്. സുമിയിലെ സുരക്ഷിത പാത തുറന്നതിന് പിന്നാലെയാണ് ഒഴിപ്പിക്കല്‍ തുടങ്ങിയെന്ന ആശ്വാസ വാര്‍ത്ത പുറത്ത് വരുന്നത്.
ഇതിന് പിന്നാലെ 694 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമായി ബസ് സുമിയില്‍ നിന്നും പുറപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തെക്കന്‍ യുക്രൈന് നഗരമായ പോള്‍ട്ടോവയിലേക്കാണ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരെ മാറ്റുന്നത്. സുമിയില്‍ നിന്നും 175 കിലോ മീറ്റര്‍ അകലെയാണ് പോള്‍ട്ടോവ. വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ വെടിനിര്‍ത്തലും, സുരക്ഷിത പാതയും ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയുള്‍പ്പെടെയുള്ള അന്താരാഷ്ട സമൂഹം വലിയ സമ്മര്‍ദം ചെലുത്തിയിരുന്നു.
സുമിയില്‍ നിന്നും വിദ്യാര്‍ത്ഥികളോട് പുറപ്പെടാന്‍ തയ്യാറായിരിക്കാന്‍ രാവിലെ തന്നെ അധികൃതര്‍ നിര്‍ദേശവും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികളുമായി ബസ്സുകള്‍ മാനുഷിക ഇടനാഴിലൂടെ യാത്ര തുടങ്ങിയത്. ഇന്ത്യന്‍ സമയം രാത്രി 12 വരെ സമയം ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ, റഷ്യ മുന്നോട്ട് വച്ച മാനുഷിക പാതകളിലൂടെയല്ല ഇപ്പോള്‍ രക്ഷാ ദൗത്യം നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. റഷ്യ മുന്നോട്ട് വച്ച പാതകള്‍ യുക്രൈന് തള്ളിയിരുന്നു. റഷ്യ മുന്നോട്ട് വച്ച പാതകള്‍ സുരക്ഷിതമല്ലെന്നും ഇവ മറ്റ് ചിലലക്ഷ്യങ്ങോടെ സാധ്യമാക്കിയത് ആണ് എന്നുമായിരുന്നു യുക്രൈന് നിലപാട്.
Content Highlight: Russia-Ukraine crisis Evacuation route opens from besieged city of Sumy