Top

ഹൂതികളെ അനുകൂലിച്ച് ട്വീറ്റ്; ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വ്യാപക പ്രതിഷേധം; എന്തൊരാക്രമണമാണിതെന്ന് റാണ അയ്യുബ്

26 Jan 2022 5:09 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹൂതികളെ അനുകൂലിച്ച് ട്വീറ്റ്; ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വ്യാപക പ്രതിഷേധം; എന്തൊരാക്രമണമാണിതെന്ന് റാണ അയ്യുബ്
X

കഴിഞ്ഞ ദിവസങ്ങളിലായി നടക്കുന്ന ഹൂതി വിമതസേനയും അറബ് സഖ്യസേനയും തമ്മിലുള്ള സംഘര്‍ഷവുമായി ബന്ധപ്പെട്ടുള്ള മാധ്യമപ്രവര്‍ത്തക റാണ അയ്യുബിന്റെ ട്വീറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ വിവാദത്തില്‍. ഗള്‍ഫ് രാജ്യങ്ങളിലെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമാണ് റാണ അയ്യുബിനെതിരെ നടക്കുന്നത്. ഹൂതികളെ അനുകൂലിച്ചു സൗദിയെ വിമര്‍ശിച്ചുമായിരുന്നു റാണയുടെ ട്വീറ്റ്. രക്തദാഹികള്‍ എന്നായിരുന്നു സൗദിയെ റാണ അയൂബ് വിമര്‍ശിച്ചത്.

"യെമനില്‍ ചോര ചിതറുകയാണ്. രക്തദാഹികളായ സൗദികളെ തടുക്കാന്‍ ആരുമില്ല. ഇവരാണ് ഇസ്ലാമിന്റെ കാത്തുസൂക്ഷിപ്പുകാര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നത്. ഒരു മുസ്ലിം എന്ന നിലയില്‍ ഈ കാട്ടാളന്‍മാരാണ് വിശുദ്ധ പള്ളിയുടെ കാത്ത് സൂക്ഷിപ്പുകാരാണെന്നതില്‍ ഞാന്‍ ലജ്ജിക്കുന്നു. ലോകത്തിന് ഈ വംശഹത്യയില്‍ നിശബ്ദരായിരിക്കാന്‍ പറ്റില്ല," റാണ അയ്യുബിന്റെ ട്വീറ്റില്‍ പറയുന്നു.

ട്വീറ്റിനു പിന്നാലെ വ്യാപക വിമര്‍ശനമാണ് റാണ അയ്യുബിനെതിരെ ഉയര്‍ന്നത്. റാണ അയ്യുബിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ പലും യുഎഇ രാജകുടുംബാംഗമായ ഹിന്ദ് ബിന്ദ് ഫൈസല്‍ അല്‍ ഖാസിമിയും റീ ട്വീറ്റ് ചെയ്തിട്ടുണ്ട്. യെമനില്‍ ഹൂതികള്‍ നടത്തുന്നത് പോരാട്ടമല്ല തീവ്രവാദ ആക്രമണമാണെന്നാണ് റാണ അയ്യുബിന് വന്ന മറുപടി ട്വീറ്റുകള്‍.

റാണയെ പോലുള്ള വൈറ്റ് ലേബല്‍ ഇസ്ലാമിസ്റ്റുകളാണ് യഥാര്‍ത്ഥത്തില്‍ തീവ്രവാദികളേക്കാള്‍ അപകടകാരികളെന്നാണ് യുഎഇയിലെ പ്രമുഖ ബിസിനസ്‌കാരനായ ഹസ്സന്‍ സജ്വാനി ട്വീറ്റ് ചെയ്തത്. ഹൂതികളുടെ ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതുപോലും ഇവര്‍ മറന്നെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി.

വിമര്‍ശനങ്ങള്‍ കടുത്തതോടെ റാണ അയ്യൂബ് മറുപടിയുമായി രംഗത്തെത്തി. "യെമനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഞാന്‍ ഒരു ട്വീറ്റ് ഇട്ടപ്പോള്‍ നിങ്ങള്‍ എന്നെ തീവ്രവാദികളെ സംരക്ഷിക്കുന്നവരെന്ന് ആരോപിച്ചു. ഇത് എത്രമാത്രം വളഞ്ഞതും അപകടരവുമാണ്. നിങ്ങള്‍ എനിക്കെതിരെ വൃത്തികെട്ട വലതുപക്ഷ പീഡനങ്ങളും അധിക്ഷേപങ്ങളും അഴിച്ചു വിട്ടു," റാണ അയ്യുബ് ട്വീറ്റ് ചെയ്തു.

Next Story