Top

കിരീടധാരണത്തിന്റെ പ്ലാറ്റിനം ജൂബിലിയാഘോഷം രാജകീയമാക്കാനൊരുങ്ങി എലിസബത്ത്; ചടങ്ങുകളുടെ സവിശേഷതകള്‍ അറിയാം

1952 ഫെബ്രുവരി 6-ന് തന്റെ പിതാവ് ജോർജ്ജ് ആറാമന്റെ മരണത്തെത്തുടർന്നാണ് 25 വയസ്സുള്ള എലിസബത്ത് സിംഹാസനത്തിലെത്തുന്നത്.

2 Jun 2022 6:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കിരീടധാരണത്തിന്റെ പ്ലാറ്റിനം ജൂബിലിയാഘോഷം രാജകീയമാക്കാനൊരുങ്ങി എലിസബത്ത്; ചടങ്ങുകളുടെ സവിശേഷതകള്‍ അറിയാം
X

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിന്റെ പ്ലാറ്റിനം ജൂബിലിയാഘോഷം രാജകീയമാക്കാനൊരുങ്ങി ബ്രിട്ടീഷ് രാജകുടുംബം. പ്ലാറ്റിനം ജൂബിലി ( 70 വർഷം) ആഘോഷം ഇന്ന് മുതൽ ജൂൺ 5 വരെ യുകെയിൽ നടക്കും. ബ്രിട്ടീഷ് ചരിത്രത്തിൽ മറ്റൊരു ഭരണാധികാരിയും 70 വർഷത്തെ സേവനം നേടിയിട്ടില്ല.1952 ഫെബ്രുവരി 6-ന് തന്റെ പിതാവ് ജോർജ് ആറാമന്റെ മരണത്തെത്തുടർന്നാണ് 25 വയസ്സുള്ള എലിസബത്ത് സിംഹാസനത്തിലെത്തുന്നത്. 63 വർഷവും ഏഴ് മാസവും ഭരിച്ച മുത്തശ്ശി വിക്ടോറിയ രാജ്ഞിയുടെ സിംഹാസനത്തിൽ ചെലവഴിച്ച സമയത്തെ മറികടന്ന് 2015 ൽ ഏറ്റവും കൂടുതൽ കാലം ഭരിച്ച ബ്രിട്ടീഷ് രാജ്ഞിയായി അവർ മാറിയിരുന്നു. ജൂൺ 2 മുതൽ ജൂൺ 5 വരെ നാലുദിവസത്തെ ദേശീയ ബാങ്ക് അവധി ഉൾപ്പടെ വാർഷികാഘോഷത്തിന്റെ ഭാ​ഗമായി യുകെയിൽ നിരവധി പരിപാടികളാണ് നടത്താനിരിക്കുന്നത്. അതേസമയം 2021ൽ മരിച്ച ഭർത്താവ് ഫിലിപ്പ് രാജകുമാരനില്ലാത്ത രാജ്ഞിയുടെ ആദ്യ ജൂബിലി ആഘോഷം കൂടിയാണിത്.


ബ്രിട്ടീഷ് സമ്മർ ടെെമിൽ ഇന്ന് രാവിലെ 10 മണിക്ക് (ഇന്ത്യൻ സമയം ഉച്ചക്ക് 2.30) ട്രൂപ്പിംഗ് ദി കളർ എന്നറിയപ്പെടുന്ന രാജ്ഞിയുടെ ജന്മദിന പരേഡോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാവുക. ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്രയിൽ രാജകുടുംബാംഗങ്ങൾ കുതിരപ്പുറത്തും വണ്ടികളിലുമായി ഹോഴ്‌സ് ഗാർഡിന്റെ പരേഡിലേക്ക് നീങ്ങും. രാജ്ഞിയുടെ സ്വകാര്യ സേനയായ ഹൗസ്‌ഹോൾഡ് ഡിവിഷനിൽ നിന്നുള്ള 1,200 ലധികം ഉദ്യോഗസ്ഥരും നൂറുകണക്കിന് ആർമി സംഗീതജ്ഞരും 240 കുതിരകളും ഇതിൽ അണിനിരക്കും. ഐറിഷ് ഗാർഡ്സിന്റെ ഒന്നാം ബറ്റാലിയനാകും കളർ എന്ന റെജിമെന്റൽ പതാകയേന്തുക. സൈനിക പ്രദർശനത്തിനൊടുവിൽ ഇവർ പരേഡ് ഗ്രൗണ്ടിൽ നിന്ന് മടങ്ങുമ്പോൾ രാജ്ഞിയും രാജകുടുംബത്തിലെ അംഗങ്ങളും ബാൽക്കണിയിൽ പ്രത്യക്ഷപ്പെടും. കൊട്ടാരത്തിന് മുകളിലൂടെ ഫ്ലൈ പാസ്റ്റോടെ ചടങ്ങുകൾ സമാപിക്കും. എന്നാൽ കൊവിഡ് മഹാമാരി വരുത്തിയ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം വലിയൊരു ചടങ്ങ് സെൻട്രൽ ലണ്ടനിലേക്ക് മടങ്ങുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്.


1809 ൽ ജോർജ്ജ് മൂന്നാമൻ രാജാവിന് ശേഷം ഒരു ബ്രിട്ടീഷ് ഭരണാധികാരി ഈ രീതിയിൽ നടത്തുന്ന ഒമ്പതാമത്തെ ആഘോഷമാണ് എലിസബത്ത് രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ. ഇതിന് മുമ്പ് 1837 മുതൽ 1901 വരെ ഭരിച്ച വിക്ടോറിയ രാജ്ഞിയും ഇരുപത്തിയഞ്ച്, അമ്പത്, അറുപത് വർഷങ്ങളിലെ സിൽവർ, ​ഗോൾഡൻ, ഡയമണ്ട് ജൂബിലി ആഘോഷങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ സിംഹാസനത്തിലെത്തിയതിന്റെ എഴുപതാം വർഷം ആഘോഷിക്കുന്നത് എലിസബത്ത് മാത്രമാണ്. 1992 ൽ അധികാരത്തിലേറിയതിന്റെ 40 ആം വർഷത്തിലെ റൂബി ജൂബിലി ആഘോഷങ്ങളും, 2017 ൽ 65 വർഷത്തെ സഫയർ ജൂബിലി ആഘോഷങ്ങളും നടത്താനുദ്ദേശിച്ചിരുന്നുവെങ്കിലും രാജ്ഞി ഇടപെട്ട് കൊട്ടിഘോഷിച്ചുള്ള പൊതുപരിപാടികൾ ഒഴിവാക്കുകയായിരുന്നു. ഇതിനു മുമ്പായി എലിസബത്ത് രാജ്ഞി അധികാരത്തിലേറിയതിന്റെ ഭാ​ഗമായി നടന്ന ജൂബിലി ആഘോഷങ്ങൾ ഇവയാണ്.

1977 രജതജൂബിലി

ആഘോഷത്തിന്റെ ഭാ​ഗമായി യൂണിയൻ ജാക്ക് പതാകകളേന്തിയ ബ്രിട്ടീഷ് ജനത രാജ്യവ്യാപകമായി തെരുവ് പാർട്ടികൾ നടത്തിയിരുന്നു. ജൂബിലി ആഘോഷിക്കുന്ന രാ‍ജ്ഞിയെ കാണാനായി സെൻട്രൽ ലണ്ടനിൽ ഒരു ദശലക്ഷം ആളുകൾ തിങ്ങിക്കൂടി. അതേസമയം എലിസബത്ത് രാജ്ഞി ഭർത്താവ് ഫിലിപ്പ് രാജകുമാരനോടൊപ്പം തെംസ് നദിയിലൂടെ ബോട്ട് യാത്ര നടത്തുകയും, യുകെയിലെ 36 കൗണ്ടികളിൽ പര്യടനം നടത്തുകയും ചെയ്തു. മാത്രമല്ല പസഫിക് ദ്വീപുകൾ, ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ, കാനഡ, കരീബിയൻ എന്നിവിടങ്ങളിലെ കോമൺവെൽത്ത് രാജ്യങ്ങൾ എന്നിവ സന്ദർശിച്ച രാജ്ഞി ജൂബിലിയുടെ ഭാ​ഗമായി ഏകദേശം 56,000 മൈൽ (90,100 കിലോമീറ്റർ) സഞ്ചരിക്കുകയും ചെയ്തിരുന്നു. പരിമിതമായ എണ്ണം പുതിയ 25-പെൻസ് നാണയങ്ങൾ പുറത്തിറക്കിയും അതിവേ​ഗ തുരങ്ക റെയിൽപാതയായ ലണ്ടൻ അണ്ടർഗ്രൗണ്ടിന്റെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലിന് ജൂബിലി ലൈൻ എന്ന് പേരിട്ടതും ഈ ആഘോഷത്തിനെത്തുടർന്നായിരുന്നു.

"ഇനി നമ്മളൊരു സാമ്രാജ്യത്വ ശക്തിയല്ല. ലോകത്തിന്റെ മറ്റു ഭാഗങ്ങളുമായുള്ള ബന്ധത്തിനും എന്താണ് അർത്ഥമാക്കുന്നത് എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു." എന്ന് വിപ്ലവകരമായ പ്രസ്താവന എലിസബത്ത് രാജ്ഞി ബ്രിട്ടീഷ് പാർലമെന്റിൽ നടത്തുന്നതും ഈ ജൂബിലിയുടെ ഭാ​ഗമായാണ്. യൂറോപ്യൻ യൂണിയനിൽ ചേർന്നതിനെ "ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നായിരുന്നു" എന്നു പറഞ്ഞ അവർ ഈ 25 വർഷം ബ്രിട്ടനെ സംബന്ധിച്ചിടത്തോളം വളരെയധികം മാറ്റങ്ങൾ വരുത്തിയെന്നും വ്യക്തമാക്കിയിരുന്നു.


2002 സുവർണ ജൂബിലി

1990 കളിലെ മൂന്ന് രാജകീയ വിവാഹമോചനങ്ങളും, വിൻഡ്‌സർ കാസിലിലുണ്ടായ തീപിടുത്തവും, ഡയാന രാജകുമാരിയുടെ മരണവും ഉൾപ്പടെ രാജകുടുംബത്തിന്റെ ജനപ്രീതിക്ക് ഇടിവും സംഭവിച്ചുവെന്ന് കരുതപ്പെടുന്ന സമയത്താണ് സുവർണ ജൂബിലി ആഘോഷം നടക്കുന്നത്. എന്നാൽ ഈ ധാരണകളെല്ലാം തെറ്റിച്ച് ജൂണിലെ നാല് ദിവസത്തെ വാരാന്ത്യത്തിൽ വീണ്ടും തെരുവ് പാർട്ടികൾ സജീവമായിരുന്നു. ബക്കിംഗ്ഹാം പാലസ് ഗാർഡനിൽ 12,000 ആളുകൾക്ക് മുന്നിൽ ക്യൂൻ ഗിറ്റാറിസ്റ്റ് ബ്രയാൻ മേ ദേശീയ ഗാനം ആലപിച്ചിരുന്നു. ഇതു കേൾക്കാനായി ഒരു ദശലക്ഷം ആളുകൾ തെരുവുകളിൽ തിങ്ങിനിറഞ്ഞതും ശ്രദ്ധേയമായിരുന്നു. എലിസബത്ത് രാജ്ഞിക്ക് സഹോദരി മാർഗരറ്റ് രാജകുമാരിയേയും 101 വയസ്സുള്ള മാതാവിനെയും നഷ്ടപ്പെട്ടത് വ്യാപകമായ പൊതുജന സഹതാപത്തിനും കാരണമായി. അതേസമയം മൂന്നു മാസത്തെ ബ്രിട്ടൻ പര്യടനവും, ജമൈക്ക, ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ, കാനഡ എന്നിവിടങ്ങളും രാജ്ഞി ജൂബിലിയുടെ ഭാ​ഗമായി സന്ദർശിച്ചു.


2012 വജ്രജൂബിലി

ലണ്ടൻ ഒളിമ്പിക്‌സിനും പാരാലിമ്പിക്‌സിനും ബ്രിട്ടൺ ആതിഥേയത്വം വഹിച്ച അതേ വർഷമാണ് രാജ്ഞിയുടെ വജ്രജൂബിലിയെത്തിയത്. 350 വർഷത്തിനിടെ തേംസ് നദിയിൽ 1000 ബോട്ടുകളെ ഉൾപ്പെടുത്തി ഏറ്റവും വലിയ ബോട്ടിം​ഗ് മത്സരവും ജൂബിലിയുടെ ഭാ​ഗമായി നടന്നിരുന്നു. കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് 1.2 ദശലക്ഷം ആളുകളാണ് മത്സരം കാണാൻ നദീതീരത്ത് അണിനിരന്നത്. എലിസബത്തും ഫിലിപ്പും ബ്രിട്ടനിൽ പര്യടനം നടത്തിയ അതേവേളയിൽ മറ്റ് രാജകുടുംബാം​ഗങ്ങൾ കോമൺവെൽത്ത് രാജ്യങ്ങളും സന്ദർശിച്ചു. ജമൈക്കയുടെ സ്പ്രിന്റ് സൂപ്പർ താരം ഉസൈൻ ബോൾട്ടിനെ ഹാരി രാജകുമാരൻ മത്സരിപ്പിച്ചതും, പാർലമെന്റിന്റെ ക്ലോക്ക് ടവറിന് എലിസബത്ത് ടവർ എന്ന് പുനർനാമകരണം ചെയ്തതും ഈ ‍ജൂബിലിയുടെ ഭാ​ഗമായാണ്. ഒളിമ്പിക് പാർക്കിനും എലിസബത്ത് രാജ്ഞിയുടെ നാമം തന്നെയായിരുന്നു.

Story Highlights: 70 Years On Throne; Queen Elizabeth II on Platinum Jubilee

Next Story