Top

'300 ഓളം മൃതദേഹങ്ങൾ'; യുക്രെയ്നിൽ കൂട്ടക്കുഴിമാടം കണ്ടെത്തി

യുക്രെയ്ൻ നഗരമായ ബുച്ചയിൽ 45 അടി നീളമുളള ശവക്കല്ലറയാണ് കണ്ടെത്തിയത്

4 April 2022 8:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

300 ഓളം മൃതദേഹങ്ങൾ; യുക്രെയ്നിൽ കൂട്ടക്കുഴിമാടം കണ്ടെത്തി
X

കീവ്: യുക്രെയ്ൻ നഗരമായ ബുച്ചയിലെ 45 അടി നീളമുളള ശവക്കല്ലറയുടെ ദൃശ്യങ്ങൾ പുറത്ത്. റഷ്യൻ സെെന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഒരുമിച്ച് മറവ് ചെയ്യുന്നതിന് വേണ്ടിയെടുത്ത കുഴിമാടമാണ് ദൃശ്യത്തിലുളളത്. യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്റെ ഭീകരത വെളിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

തലസ്ഥാനമായ കീവില്‍ നിന്ന് 37 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ബുച്ചയിലെ ഒരു പള്ളിയുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. ബുച്ചയുടെ ഡെപ്യൂട്ടി മേയർ പറയുന്നതനുസരിച്ച്, റഷ്യൻ സൈന്യത്തിന്റെ അധിനിവേശത്തിൽ കൊല്ലപ്പെട്ടവരിൽ 300 ഓളം പേരുടെ മൃതദേഹങ്ങളാണ് കുഴിമാടത്തിൽ അടക്കം ചെയ്തിരിക്കുന്നത്. ബുച്ച നഗരത്തിന്റെ തെരുവുകളില്‍ മൃതശരീരങ്ങള്‍ കാണപ്പെട്ടിരുന്നതായി സ്ഥലം സന്ദര്‍ശിച്ച റോയിറ്റേഴ്‌സിലെ മാധ്യമപ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിരുന്നു.

മണ്ണിട്ട് മൂടിയ നിലയിലുള്ള മൃതദേഹങ്ങളില്‍ നിന്ന് കൈകള്‍ പുറത്തെക്ക് തള്ളി നില്‍ക്കുന്ന ദൃശ്യങ്ങളും കണ്ടുവെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. നഗരത്തില്‍ റഷ്യന്‍ സൈന്യം കൂട്ടക്കൊലപാതകം നടത്തി എന്ന ആരോപണവുമായി യുക്രെയ്ൻ വിദേശകാര്യമന്ത്രി ഡിമിത്രോ കുലേബ രംഗത്തെത്തിയിരുന്നു. കൂട്ടക്കൊലയ്ക്ക് ഇരയാക്കപ്പെട്ട 410 പേരുടെ മൃതശരീരങ്ങൾ കണ്ടെത്തിയെന്നും യുക്രെയ്ൻ പ്രോസിക്യൂട്ടർ ജനറൽ ഇറീന വെനഡിക്ടോവ പറഞ്ഞിരുന്നു.

ബുച്ച കൂട്ടക്കൊലയ്ക്ക് ഇരയായവരുടെ മൃതശരീരങ്ങളുടെ കൈകൾ കെട്ടിവച്ച നിലയിലാണ് കിടന്നതെന്നും ഇവരിൽ പലരും പീഡനങ്ങൾക്ക് ഇരയായിരുന്നുവെന്നും കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നെന്നും വെളിപ്പെടുത്തലുകളുണ്ട്. ഇതിന് പിന്നാലെയാണിപ്പോൾ 45 അടി നിളമുളള ശവക്കല്ലറയുടെ ദൃശ്യങ്ങൾ ലഭിച്ചിരിക്കുന്നത്.

Story highlights: Picture Shows 45 Foot Long Grave in Ukraine Where 300 Were Buried

Next Story