Top

യുക്രെയ്‌നില്‍ നിന്ന് പലായനം ചെയ്തത് നാല് ദശലക്ഷത്തിലധികം കുട്ടികളെന്ന് യുഎന്‍

12 April 2022 4:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുക്രെയ്‌നില്‍ നിന്ന് പലായനം ചെയ്തത് നാല് ദശലക്ഷത്തിലധികം കുട്ടികളെന്ന് യുഎന്‍
X

ജനീവ: യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം ആറ് ആഴ്ചകള്‍ പിന്നിടുമ്പോള്‍ യുദ്ധക്കെടുതി ഏറ്റവും ബാധിച്ചത് കുട്ടികളെയെന്ന് ഐക്യരാഷ്ട്ര സഭ. യൂക്രെയ്‌നിലെ മൂന്നില്‍ രണ്ട് കുട്ടികള്‍ക്കും യുദ്ധം മൂലം സ്വന്തം വീട് വിടേണ്ടിവന്നതായാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച പുറത്ത് വിട്ട യുണിസെഫിന്റെ കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

യുക്രെയ്‌നിലെ 7.5 ദശലക്ഷം കുട്ടികളില്‍ 4.8 ദശലക്ഷവും ഇക്കഴിഞ്ഞ യുദ്ധ ദിനങ്ങളില്‍ പലായനം ചെയ്യപ്പെട്ടെന്നാണ് യുണിസെഫ് എമര്‍ജന്‍സി പ്രോഗ്രാം ഡയറക്ടറുടെ പ്രതികരണം. 31 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്കുകളാണിവയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പലായനം ചെയ്യപ്പെട്ട കുട്ടികള്‍ക്കൊപ്പം തന്നെ 3.2 ദശലക്ഷം വരുന്ന കുട്ടികള്‍ ഇപ്പോഴും യുക്രെയ്നില്‍ തുടരുന്നുണ്ട്. ഇതില്‍ പകുതിയോളം വരുന്നവരുടെ ജീവന്‍ പോലും അപകടത്തിലാണ്. മതിയായ ഭക്ഷണം പോലും ലഭിക്കാത്ത അവസ്ഥയാണെന്നും യുണിസെഫ് ചൂണ്ടിക്കാട്ടുന്നു.

യുക്രെയിന്‍ നഗരങ്ങളായ മരിയാപോള്‍, കെര്‍സണ്‍, എന്നിവിടങ്ങളിലാണ് പ്രതിസന്ധി രുക്ഷമായിട്ടുള്ളത്. കുടിവെള്ളം, അടിസ്ഥാന ശുചിത്വ സൗകര്യങ്ങള്‍ എന്നിവയുടെ അപര്യാപ്ത, ഭക്ഷണം, മരുന്നുകള്‍ എന്നിവയുടെ ലഭ്യതയും പ്രതിസന്ധിയിലാണ്. യുദ്ധക്കാലയളവില്‍ ഇതുവരെ കൗമാരക്കാര്‍ ഉള്‍പ്പെടെ 142 കുട്ടികള്‍ കൊല്ലപ്പെട്ടതായാണ് യുഎന്‍ കണക്കുകള്‍. എന്നാല്‍ യഥാര്‍ത്ഥ കണക്കുകള്‍ ഇതിലും ഉയര്‍ന്നതായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതിനിടെ, യുക്രെയ്നില്‍ നിന്ന് റഷ്യ കുട്ടികളെ കടത്തിക്കൊണ്ട് പോയതായും ആരോപണമുണ്ട്. യുക്രെയ്‌നിന്റെ യുഎന്‍ അംബാസഡര്‍ സെര്‍ഗി കിസ്ലിത്സയാണ് ഇത്തരം ഒരു ആരോപണം ഉന്നയിച്ചത്. 121,000-ത്തിലധികം കുട്ടികളെ യുക്രെയ്‌നില്‍ നിന്നും കടത്തി. ഈ കൂട്ടികളെ ദത്തെടുക്കല്‍ നടപടിക്രമങ്ങള്‍ ലഘൂകരിക്കാനും വേഗത്തിലാക്കാനുള്ള നിയമം ഉള്‍പ്പെടെ തയ്യാറാക്കിവരികയാണെന്നുമാണ് ആക്ഷേപം. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ക്ക് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും വിഷയം യുണിസെഫ് അന്വേഷിക്കുമെന്നുമാണ് യുഎന്‍ നിലപാട്.

റഷ്യയിലെ കുട്ടികളുടെ അവസ്ഥ വ്യക്തമാക്കുന്ന നിരവധി തെളിവുകള്‍ അടുത്തിടെ പുറത്ത് വന്നിരുന്നു. റഷ്യന്‍ അധിനിവേശത്തിനിടെ കൊല്ലപ്പെട്ട അമ്മയ്ക്ക് ഒമ്പതുകാരിയായ യുക്രെയ്ന്‍ പെണ്‍കുട്ടി എഴുതിയ വൈകാരികമായ കത്ത് യുക്രെയ്ന്‍ ആഭ്യന്തരമന്ത്രിയുടെ ഉപദേഷ്ടാവ് പങ്കുവച്ചത് വലിയ ചര്‍ച്ചയായിരുന്നു. ഒരു നല്ല മകളാകാന്‍ താന്‍ എപ്പോഴും ശ്രമിക്കുമെന്നും നമുക്കിനി സ്വര്‍ഗത്തില്‍ കാണാമെന്നും അമ്മയോട് കത്തിലൂടെ അറിയിക്കുകയാണ് മകള്‍. ട്വിറ്ററിലാണ് ആന്റണ്‍ ഗെരാഷ്ഗോ കത്ത് പങ്കുവെച്ചത്.

Content Highlight: Over four million Ukrainian children displaced says UN report


Next Story