Top

കൊവിഡ് വ്യാപനത്തിന് പിന്നാലെ ഉത്തരകൊറിയയിൽ പുതിയ പകർച്ച വ്യാധിയെന്ന് റിപ്പോർട്ട്

16 Jun 2022 9:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊവിഡ് വ്യാപനത്തിന് പിന്നാലെ ഉത്തരകൊറിയയിൽ പുതിയ പകർച്ച വ്യാധിയെന്ന് റിപ്പോർട്ട്
X

പാങ്യോങ്: കൊവിഡ് വ്യാപനത്തിനിടെ ഉത്തരകൊറിയയിൽ പുതിയ പകർച്ച വ്യാധി പടർന്നു പിടിക്കുന്നതായി റിപ്പോർട്ട്. രോ​ഗ വ്യാപനം തടയാൻ ഭരണാധികാരി കിം ജോങ് ഉൻ തന്റെ വ്യക്തിപരമായ ആവശ്യങ്ങൾക്കായി മാറ്റി വെച്ച മരുന്നുകളുൾപ്പെടെ സംഭാവന ചെയ്തെന്നാണ് റിപ്പോർട്ട്.

രാജ്യത്തെ ഒരു പത്ര മാധ്യമത്തിന്റെ ആദ്യ പേജിൽ കിമ്മും അദ്ദേഹത്തിന്റെ ഭാര്യ റി സൊൽ ജുവും സംഭാവന ചെയ്യുന്ന മരുന്നുകൾ പരിശോധിക്കുന്ന ചിത്രവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതേസമയം എത്രമാത്രം ​ഗുരുതരമാണ് നിലവിലെ പകർച്ച വ്യാധി എന്ന് വ്യക്തമല്ല. എത്ര പേർക്ക് രോ​ഗം ബാധിച്ചെന്നോ എന്ത് പകർച്ച വ്യാധിയാണ് പകർന്നതെന്നോ സംബന്ധിച്ച ഔദ്യോ​ഗിക വിവരമില്ല.

ഉത്തരകൊറിയയിൽ കോളറ, ടെെഫോയ്ഡ് തുടങ്ങിയ രോ​ഗങ്ങൾ സാധാരണയായി ഇടയ്ക്ക് പടർന്നു പിടിക്കാറുണ്ട്. ജലസേചന സൗകര്യക്കുറവും മികച്ച ആരോ​ഗ്യ സംവിധാനങ്ങളുമില്ലാത്തതാണ് ഇതിന് കാരണമാവുന്നത്. ഇത്തരത്തിൽ ഏതെങ്കിലും രോ​ഗമായിരിക്കാം പടർന്നു പിടിച്ചതെന്നും നിരീക്ഷകർ അഭിപ്രായപ്പെടുന്നു. ദക്ഷിണ കൊറിയയിൽ നിന്നുള്ള ചാര ഏജൻസികൾ നടത്തിയ അന്വേഷണത്തിൽ ഉത്തരകൊറിയയിൽ കഴിഞ്ഞ മാസം പനി സംബന്ധമായ ​രോ​ഗലക്ഷണങ്ങളോടെ നിരവധി പേർ ചികിത്സ തേടിയിട്ടുണ്ട്. ഇതിൽ പലർക്കും അഞ്ചാം പനി, ടൈഫോയ്ഡ് തുടങ്ങിയവയാണെന്നാണ് ഈ ഏജൻസികൾ പറയുന്നത്.

കൊവിഡ് പ്രതിസന്ധിക്കിടെ മറ്റൊരു പകർച്ച വ്യാധിയുണ്ടാക്കുന്ന പ്രശ്നങ്ങൾ ജനവികാരം എതിരാവാതിരിക്കാൻ വേണ്ടിയായിരിക്കാം കിം തന്റെ മരുന്നുകൾ നൽകിയതെന്നും നിരീക്ഷണമുണ്ട്. കൊവിഡ് വ്യാപന സമയത്തും കിം തന്റെ കുടുംബത്തിന്റെ പക്കലുള്ള മരുന്നുകൾ രോ​ഗികൾക്ക് നൽകിയിരുന്നു.

കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായെന്ന് കിം പ്രഖ്യാപിച്ചതിന് ശേഷമാണ് മറ്റൊരു പകർച്ച വ്യാധിയുടെ റിപ്പോർട്ട് പുറത്തു വരുന്നത്. എന്നാൽ രാജ്യത്തെ കൊവിഡ് കണക്കുകൾ സംബന്ധിച്ച് കൃത്യമായ കണക്കുകൾ ലഭ്യമല്ല. 40 ലക്ഷത്തിലേറെ പേർക്ക് പനി ബാധിച്ചെന്നാണ് സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ 73 പേർ മരണപ്പെട്ടെന്നുമാണ് ഔദ്യോ​ഗിക കണക്ക്.

Story Highlight: north Korea reports another disease outbreak amid covid wave

Next Story