Top

നേപ്പാള്‍ വിമാനദുരന്തം: മരിച്ചവരില്‍ പത്തനംതിട്ടയില്‍ നിന്ന് മടങ്ങിയ നേപ്പാള്‍ സ്വദേശികളും

നേപ്പാളില്‍ സുവിശേഷ പ്രവര്‍ത്തകനായ പത്തനംതിട്ട ആനിക്കാട് സ്വദേശി മാത്യൂ ഫിലിപ്പിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് എത്തിയതായിരുന്നു ഇവര്‍, ചടങ്ങുകള്‍ക്ക് ശേഷമുള്ള മടക്കയാത്രയിലാണ് അപകടം നടന്നത്

16 Jan 2023 5:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നേപ്പാള്‍ വിമാനദുരന്തം: മരിച്ചവരില്‍ പത്തനംതിട്ടയില്‍ നിന്ന് മടങ്ങിയ നേപ്പാള്‍ സ്വദേശികളും
X

കാഠ്മണ്ഡു: നേപ്പാളില്‍ വിമാനാപകടത്തില്‍ മരിച്ചവരില്‍ കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ നിന്ന് മടങ്ങിയ നേപ്പാള്‍ സ്വദേശികളും. പത്തനംതിട്ട ആനിക്കാട് നിന്ന് പോയ അഞ്ചംഗ നേപ്പാള്‍ സംഘത്തിലെ മൂന്ന് പേര്‍ക്കാണ് വിമാനാപകടത്തില്‍ ജീവന്‍ നഷ്ടമായത്. രാജു ടക്കൂരി, റാബില്‍ ഹമല്‍, അനില്‍ ഷാഹി എന്നിവരാണ് മരിച്ചത്.

നേപ്പാളില്‍ സുവിശേഷ പ്രവര്‍ത്തകനായ പത്തനംതിട്ട ആനിക്കാട് സ്വദേശി മാത്യൂ ഫിലിപ്പിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് എത്തിയതായിരുന്നു ഇവര്‍. ചടങ്ങുകള്‍ക്ക് ശേഷമുള്ള മടക്കയാത്രയിലാണ് അപകടം നടന്നത്. വെളളിയാഴ്ച്ചയാണ് ഇവര്‍ തിരിച്ച് പോയത്. ശനിയാഴ്ച്ച ഒന്നിച്ച് അഞ്ച് പേരും നേപ്പാളിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ അവരില്‍ രണ്ട് പേര്‍ അപകടം നടക്കുന്നതിന് തൊട്ട് മുമ്പ് കാഠ്മണ്ഡു വിമാത്താവളത്തില്‍ ഇറങ്ങിയതിനാല്‍ തലനാരിഴയ്ക്ക് ജീവന്‍ രക്ഷപെടുകയായിരുന്നു. ദീപക്ക് തമാങ്, സരണ്‍ എന്നിവരാണ് അപകടത്തില്‍ നിന്നും രക്ഷപെട്ടവര്‍.

കാഠ്മണ്ഡുവിലെ ത്രിഭുവന്‍ വിമാനത്താവളത്തില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത് 20 മിനിറ്റിനുള്ളിലാണ് വിമാനം അപകടത്തില്‍പെടുന്നത്. എടിആര്‍72 വിമാനമാണ് അപകടത്തില്‍പെട്ടത്. പൊഖ്‌റയില്‍ പഴയ വിമാനത്താവളത്തിനും പുതിയ വിമാനത്താവളത്തിനുമിടയില്‍ സേതി നദിക്കരയിലാണ് വിമാനം തകര്‍ന്നുവീണത് എന്നാണ് ലഭിക്കുന്ന വിവരം. അഞ്ച് ഇന്ത്യക്കാരടക്കം 68 യാത്രികരും, രണ്ടു പൈലറ്റുമാരും രണ്ട് എയര്‍ഹോസ്റ്റസും ഉള്‍പ്പടെ 72 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ 68 പേരുടെ മൃതദേഹം കണ്ടെത്തി. രണ്ടു പേരെ ജീവനോടെ കണ്ടെത്തിയിരുന്നു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Story Highlights: Nepal plane crash: Nepali nationals returning from Pathanamthitta were among the dead

Next Story