Top

'യുദ്ധ ദുരിതത്തിന് റഷ്യ ലോകത്തോട് മറുപടി പറയണം'; യുക്രൈന് കൂടുതല്‍ പ്രതിരോധ സഹായം നല്‍കുമെന്ന് നാറ്റോ

120 പടക്കപ്പലുകളും 30 യുദ്ധവിമാനങ്ങളും തയ്യാറായതായും അദ്ദേഹം പറഞ്ഞു

25 Feb 2022 8:33 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുദ്ധ ദുരിതത്തിന് റഷ്യ ലോകത്തോട് മറുപടി പറയണം; യുക്രൈന് കൂടുതല്‍ പ്രതിരോധ സഹായം നല്‍കുമെന്ന് നാറ്റോ
X

യുക്രൈനില്‍ അധിനിവേശം തുടരുന്ന റഷ്യയ്ക്ക് നാറ്റോയുടെ കടുത്ത മുന്നറിയിപ്പ്. യുക്രൈന് കൂടുതല്‍ പ്രതിരോധ സഹായം ലഭ്യമാക്കുമെന്ന് നാറ്റോ തലവന്‍ ജെന്‍സ് സ്‌റ്റോള്‍ട്ടന്‍ബെര്‍ഗ് അറിയിച്ചു. കിഴക്കന്‍ യൂറോപ്പില്‍ സൈനിക വിന്യാസം വര്‍ധിപ്പിക്കും. 120 പടക്കപ്പലുകളും 30 യുദ്ധവിമാനങ്ങളും തയ്യാറായതായും അദ്ദേഹം പറഞ്ഞു.

റഷ്യ യൂറോപ്പിന്റെ സമാധാനം തര്‍ത്തു. റഷ്യ സൈനിക നടപടി അവസാനിപ്പിക്കണം. അനിവാര്യമായ അവസ്ഥ വന്നാല്‍ പ്രതികരിക്കും. യുക്രൈനില്‍ നിന്നും മുഴുവന്‍ റഷ്യന്‍ സൈന്യത്തേയും പിന്‍വലിക്കണം. യുദ്ധ ദുരിതത്തിന് റഷ്യ ലോകത്തോട് മറുപടി പറയണം. അടിയന്തര ഘട്ടം വന്നാല്‍ നാറ്റോ ഇടപെടുമെന്നും ജെന്‍സ് അറിയിച്ചു.

ദ്രുത പ്രതികരണ സേനകള്‍ കിഴക്കന്‍ യൂറോപ്പിന്റെ കരയിലും കടലിലും വായുവിലും വിന്യാസിപ്പിക്കപ്പെട്ടിട്ടുണ്ട്. ഒരു കൂട്ടായ പ്രതിരോധ പശ്ചാത്തലത്തില്‍ ആദ്യമായി നാറ്റോ പ്രതികരണ സേനയെ വിന്യസിക്കുന്നു. ആയിര കണക്കിന് വരുന്ന സൈനികരുടെ വിന്യാസമാണ് നിലവില്‍ നടക്കുന്നതെന്നും നാറ്റോ തലവന്‍ വ്യക്തമാക്കി.

അമേരിക്കയും കാനഡയും ഉള്‍പ്പെടെ സഖ്യകക്ഷികള്‍ ഇപ്പോള്‍ തന്നെ സൈന്യത്തെ അയച്ചിട്ടുണ്ട്. നാറ്റോ പ്രദേശത്തിന്റെ ഓരോ ഇഞ്ചും സൈന്യം പ്രതിരോധിക്കും. യുക്രൈന്‍ ഉള്‍പ്പെടെ റഷ്യയുടെ ഭീഷണി നേരിടുന്ന മേഖലയിലെ മറ്റ് രാജ്യങ്ങള്‍ക്കുമുള്ള പിന്തുണ തുടര്‍ന്നും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

STORY HIGHLIGHTS: NATO Response Force is being activated says Stoltenberg

Next Story