Top

നാസയുടെ ആര്‍ട്ടിമിസ് ദൗത്യത്തിന് ഇന്ന് തുടക്കം; അരനൂറ്റാണ്ടിന് ശേഷം മനുഷ്യരെ വീണ്ടും ചന്ദ്രനിലേക്ക് എത്തിക്കുക ലക്ഷ്യം

ആര്‍ട്ടിമിസ് പരമ്പരയിലെ ആദ്യ ദൗത്യമായ ആര്‍ട്ടിമിസ്-1 ഇന്ത്യൻ സമയം ഇന്ന് വൈകീട്ട് 6.04ന് ഫ്‌ളോറിഡയിലെ കേപ് കാനവറിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് ബഹിരാകാശത്തേക്ക് കുതിക്കും

29 Aug 2022 2:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നാസയുടെ ആര്‍ട്ടിമിസ് ദൗത്യത്തിന് ഇന്ന് തുടക്കം; അരനൂറ്റാണ്ടിന് ശേഷം മനുഷ്യരെ വീണ്ടും ചന്ദ്രനിലേക്ക് എത്തിക്കുക ലക്ഷ്യം
X

ന്യൂയോര്‍ക്ക്: അരനൂറ്റാണ്ടിന് ശേഷം വീണ്ടും മനുഷ്യനെ ചന്ദ്രനിലെത്തിക്കുക എന്ന ലക്ഷ്യത്തിനൊരുങ്ങാന്‍ ആര്‍ട്ടിമിസ്-1 ഇന്ന് യാത്ര ആരംഭിക്കും. ആര്‍ട്ടിമിസ് പരമ്പരയിലെ ആദ്യ ദൗത്യമായ ആര്‍ട്ടിമിസ്-1 ഇന്ത്യൻ സമയം ഇന്ന് വൈകീട്ട് 6.04ന് ഫ്‌ളോറിഡയിലെ കേപ് കാനവറിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് ബഹിരാകാശത്തേക്ക് കുതിക്കും. പരീക്ഷണ യാത്രയായതിനാല്‍ മനുഷ്യര്‍ യാത്രികരായിരിക്കില്ല. 400 കോടി യുഎസ് ഡോളറാണ് ഈ ദൗത്യത്തിനായി ചെലവായത്.

ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കാനാണ് ആദ്യ ദൗത്യം ലക്ഷ്യമിടുന്നത്. 2024-ല്‍ രണ്ടാം ദൗത്യത്തിലൂടെ ചന്ദ്രന് ചുറ്റും ഭ്രമണം ചെയ്യാനും 2025ല്‍ മൂന്നാം ദൗത്യത്തിലൂടെ 1972ന് ശേഷം മനുഷ്യനെ ചന്ദ്രനിലിറക്കാനുമാണ് ലക്ഷ്യമിടുന്നത്. ആദ്യമായി ഒരു സ്ത്രീയേയും വെള്ളക്കാരനല്ലാത്ത ഒരാളെയും ചന്ദ്രനിലെത്തിക്കുക എന്നതും നാസയുടെ പദ്ധതിയുടെ ലക്ഷ്യമാണ്.

322 അടി ഉയരമുള്ള റോക്കറ്റായ സ്‌പേസ് ലോഞ്ച് സിസ്റ്റമാണ് (എസ്എല്‍എസ്) യാത്രികരുടെ പേടകമായ ഓറിയോണ്‍ വഹിക്കുന്നത്. 50 വര്‍ങ്ങള്‍ക്ക് മുന്‍പ് അപ്പോളോ ദൗത്യത്തിലുപയോഗിച്ച സാറ്റേണ്‍ ഫൈവ് റോക്കറ്റുകളേക്കാള്‍ ഉയരം കുറവാണ് എങ്കിലും കരുത്തേറിയവയതാണ് എസ്എല്‍എസ്. 11 അടി പൊക്കമുള്ള ഓറിയോണ്‍ പേടകത്തിന് നാല് യാത്രക്കാരെ വഹിക്കാനുള്ള ശേഷിയുണ്ട്.

വിക്ഷേപണത്തിന് ശേഷം ആറാഴ്ച്ചയെടുത്താണ് ആര്‍ട്ടിമിസ്-1 യാത്ര പൂര്‍ത്തീകരിക്കുക. വിക്ഷേപണത്തിന് ശേഷം റോക്കറ്റിന്റെ കോര്‍ സ്‌റ്റേജ് ഭൂമിയില്‍ പതിക്കും. ഒരാഴ്ച്ചയെടുത്താണ് ഭൂമിയില്‍ നിന്ന് 3,86,000 കിലോമീറ്റര്‍ അകലെയുള്ള ചന്ദ്രനിലേക്ക് ഓറിയോണ്‍ എത്തുക. പിന്നീട് അഞ്ചാഴ്ച്ച പിന്നിടുന്ന ഓറിയോണ്‍ മണിക്കൂറില്‍ 40,000 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ച് പസഫിക് സമുദ്രത്തില്‍ പതിക്കും.

മൂന്ന് പാവകളാണ് യാത്രക്കാരായി പേടകത്തിലുള്ളത്. കമാന്‍ഡര്‍ മൂണ്‍ക്വിന്‍ കാംപോസ്, ഹെല്‍ഗ, സോഹന്‍ എന്നീ പേരുകളാണിട്ടിരിക്കുന്നത്. കമാന്‍ഡര്‍ മൂണ്‍ക്വിന്‍ കാംപോസാണ് മൂവര്‍ സംഘത്തിലെ പ്രധാനി. അപ്പോളോ 13 ദൗത്യത്തെ അപകടാവസ്ഥയിൽ രക്ഷിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച നാസ എഞ്ചിനീയര്‍ ആര്‍തുറോ കാംപോസിന്റെ പേരാണ് കമാന്‍ഡര്‍ക്ക് നല്‍കിയിരിക്കുന്നത്. പാവകളെ ധരിപ്പിച്ചിരിക്കുന്ന സ്‌പേസ് സ്യൂട്ട് യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം നാസ പരിശോധിക്കും. സ്യൂട്ടിലേല്‍ക്കുന്ന വികിരണങ്ങളുടെ തോതും തീവ്രതയും പഠനങ്ങളിലൂടെ വിലയിരുത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

9,300 കോടിയിലധികം യുഎസ് ഡോളറാണ് ആര്‍ട്ടിമിസ് ദൗത്യത്തിന്റെ മൊത്ത ചെലവ്. മനുഷ്യരെ ചന്ദ്രനിലിറക്കുന്ന ആര്‍ട്ടിമിസ്-3ന്റെ മൂണ്‍ ലാന്‍ഡര്‍ നിര്‍മ്മിക്കാന്‍ ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സിനെയാണ് നാസ തെരഞ്ഞെടുത്തിരിക്കുന്നത്.

STORY HIGHLIGHTS: NASA's Space Program Artemis-1 Will Start Today, Aims To take Back Humans To Moon

Next Story