Top

ഗര്‍ഭഛിദ്ര നിരോധന നിയമം: കൂടുതല്‍ സംസ്ഥാനങ്ങളില്‍ പ്രാബല്യത്തിലേക്ക്; യുഎസില്‍ പ്രക്ഷോഭം തുടരുന്നു

അമ്മയുടെ ആരോഗ്യത്തെ ബാധിക്കുന്നതൊഴികെയുളള എല്ലാത്തരം ഗര്‍ഭഛിദ്രവും നിരോധനത്തിന്റെ പരിധിയില്‍ വരുന്നതാണ്.

27 Jun 2022 12:29 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗര്‍ഭഛിദ്ര നിരോധന നിയമം: കൂടുതല്‍ സംസ്ഥാനങ്ങളില്‍ പ്രാബല്യത്തിലേക്ക്; യുഎസില്‍ പ്രക്ഷോഭം തുടരുന്നു
X

വാഷിങ്ടണ്‍: സുപ്രീം കോടതിയുടെ ഗര്‍ഭഛിദ്ര നിരോധന ഉത്തരവിനെതിരെ യുഎസില്‍ പ്രക്ഷോഭം ശക്തമാകുന്നു. വിധി വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയാണ്. രൂപീകൃതമായി 50 വര്‍ഷത്തിന് ശേഷമാണ് ഗര്‍ഭച്ഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം യുഎസ് സുപ്രീം കോടതി വെള്ളിയാഴ്ച റദ്ദാക്കിയത്. ഇതിന് ശേഷമാണ് പ്രതിഷേധങ്ങള്‍ ആരംഭിക്കുന്നത്. ഓരോ സംസ്ഥാനങ്ങളുടേയും ആഭ്യന്തര തീരുമാനത്തിന് വിടുന്നതിനാല്‍ ഇത് പകുതിയോളം സംസ്ഥാനങ്ങളില്‍ ഗര്‍ഭച്ഛിദ്ര നിരോധനത്തിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഗര്‍ഭച്ഛിദ്രം നടത്തുവാന്‍ സംസ്ഥാനത്തിന് പുറത്തേക്ക് പോകുന്നതിന് നിയമ തടസമില്ലെന്നാണ് വിവരം. യുഎസിലെ ലൈംഗിക ആരോഗ്യ സംരക്ഷണ സംഘടനയായ പ്ലാന്‍ഡ് പേരന്റ്ഹുഡുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഒരു വെബ്‌സൈറ്റാണ് വിവരം പുറത്തുവിട്ടത്. എല്ലാത്തരം ഗര്‍ഭഛിദ്രങ്ങളും നിയമവിരുദ്ധമാക്കിയ ആദ്യ സംസ്ഥാനങ്ങളില്‍ ഒന്ന് യൂട്ടായാണ്. വിധിക്ക് ശേഷം ഗര്‍ഭച്ഛിദ്ര നിരോധനം വെള്ളിയാഴ്ച രാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു. യൂട്ടായിലെ സ്ത്രീകള്‍ അയല്‍ സംസ്ഥാനങ്ങളില്‍ ഗര്‍ഭച്ഛിദ്രം നടത്തുന്നത് തെറ്റാണെങ്കിലും നിയമവിരുദ്ധമല്ലെന്ന് യൂട്ടായിലെ റിപ്പബ്ലിക്കന്‍ സ്റ്റേറ്റ് സെനറ്റര്‍ ഡാനിയല്‍ മക്കേ പറഞ്ഞു.

'ഹാര്‍ട്ട് ബീറ്റ് ബില്‍' എന്നറിയപ്പെടുന്ന ഒഹായോയുടെ ഗര്‍ഭച്ഛിദ്ര നിരോധനവും പ്രാബല്യത്തില്‍ വന്നു. 2019ലെ നിയമം മൂന്ന് വര്‍ഷമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. എന്നാല്‍ വെള്ളിയാഴ്ചത്തെ സുപ്രീം കോടതിയുടെ പ്രഖ്യാപനത്തിന് ശേഷം അത് തടയുന്ന ഫെഡറല്‍ കോടതി നിരോധനം നീക്കം ചെയ്യാന്‍ ഒരു ഫെഡറല്‍ ജഡ്ജി സമ്മതിച്ചു.

2019ലെ സംസ്ഥാന ഗര്‍ഭഛിദ്ര നിരോധനം പ്രാബല്യത്തില്‍ വന്നതിനാല്‍ അലബാമയിലും ഗര്‍ഭച്ഛിദ്രം നിരോധിച്ചു. ബലാത്സംഗത്തിനും അഗമ്യഗമനത്തിനും ഉള്‍പ്പെടെയുളള ഇരകള്‍ക്കും നിയമം ബാധകമാണ്. അമ്മയുടെ ആരോഗ്യത്തെ ബാധിക്കുന്നതൊഴികെയുളള എല്ലാത്തരം ഗര്‍ഭഛിദ്രവും നിരോധനത്തിന്റെ പരിധിയില്‍ വരുന്നതാണ്.

Story Highlight: Multiple U.S. states outlaw abortion Protests continue.

Next Story