Top

ഫേസ്ബുക്കിന് പിന്നാലെ ഇൻസ്റ്റാ​ഗ്രാമിനും പൂട്ടിട്ട് റഷ്യ; നിരോധനം ഇന്ന് മുതൽ

റഷ്യന്‍ മാധ്യമങ്ങള്‍ക്കെതിരെ വിവേചനം നടത്തുന്നുവെന്ന് ആരോപിച്ചാണ് നടപടി

13 March 2022 9:42 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഫേസ്ബുക്കിന് പിന്നാലെ ഇൻസ്റ്റാ​ഗ്രാമിനും പൂട്ടിട്ട് റഷ്യ; നിരോധനം ഇന്ന് മുതൽ
X

അമേരിക്കന്‍ കമ്പനി മെറ്റായുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റാഗ്രാമിനും റഷ്യ നിരോധനം ഏര്‍പ്പെടുത്തുന്നു. റഷ്യന്‍ മാധ്യമങ്ങള്‍ക്കെതിരെ വിവേചനം നടത്തുന്നുവെന്ന് ആരോപിച്ച് ഫേസ്ബുക്കിന് വിലക്കേർപ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ നടപടി. റഷ്യയുടെ വിവര വിനിമയ ഏജന്‍സിയായ റോസ്‌കോംനാഡ്‌സറാണ് ഇക്കാര്യം അറിയിച്ചത്.

റഷ്യന്‍ സൈന്യത്തിനെതിരേ ഭീഷണിമുഴക്കിക്കൊണ്ടുള്ള പോസ്റ്റുകള്‍ക്ക് യുക്രൈന്‍ ഉള്‍പ്പടെയുള്ള ചില രാജ്യക്കാര്‍ക്ക് മെറ്റാ അനുവാദം നൽകിയതിനെത്തുടര്‍ന്നാണ് ഇപ്പോൾ ഇന്‍സ്റ്റഗ്രാമിനെതിരെയും നടപടി സ്വീകരിച്ചിരിക്കുന്നത്. ഇന്ന് മുതലാണ് ഇൻസ്റ്റാ​ഗ്രാം നിരോധനം റഷ്യയിൽ പ്രാബല്യത്തില്‍ വരുക. രണ്ടു ദിവസം മുമ്പാണ് റഷ്യയിൽ ഇൻസ്റ്റ​ഗ്രാം നിരോധിക്കാനുള്ള തീരുമാനമായത്. എന്നാൽ റഷ്യയിലെ ഇന്‍സ്റ്റാഗ്രാം ഉപഭോക്താക്കള്‍ക്ക് അവരുടെ സുഹൃത്തുക്കളെയും മറ്റും നിരോധന വിവരം അറിയിക്കാനും, ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്ത വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനുമെല്ലാംവേണ്ടി സമയം നല്‍കുന്നതിന്റെ ഭാ​ഗമായാണ് നിരോധനം ഇന്ന് മുതലാക്കിയത്. അതേസമയം റഷ്യ സ്വീകരിച്ച ഈ നടപടി ശരിയായില്ലെന്നാരോപിച്ച് ഇന്‍സ്റ്റാഗ്രാം മേധാവി ആദം മൊസേരി രം​ഗത്തെത്തി. ഈ നടപടി 80 ശതമാനം റഷ്യക്കാരേയും തമ്മിലകറ്റുമെന്നും ലോകവുമായുള്ള ബന്ധമില്ലാതാക്കുമെന്നും മൊസേരി പറഞ്ഞു.

മെറ്റയുടെ സോഷ്യൽ നെറ്റ്വർക്കായ വാട്സ്ആപ്പിന് നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്ന് റഷ്യൻ അധികൃതർ അറിയിച്ചു. യൂട്യൂബിനും ട്വിറ്ററിനും റഷ്യയിൽ നേരത്തെ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. റഷ്യയ്ക്ക് നേരെയുള്ള യുക്രൈൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കന്‍ കമ്പനികളും റഷ്യന്‍ ഭരണകൂടവും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായത്. ഇതോടെ റഷ്യന്‍ മാധ്യമങ്ങള്‍ക്ക് ഫെയ്സ്ബുക്ക് വിവിധ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു.

STORY HIGHLIGHTS: 'Move photos, videos': Instagram users in Russia told services to cease from midnight

Next Story