Top

മരിയുപോളിലെ അഭയാര്‍ത്ഥി കേന്ദ്രമായ സ്‌കൂളില്‍ റഷ്യയുടെ മിസൈല്‍ ആക്രമണം; കെട്ടിടം പൂര്‍ണമായും തകര്‍ന്നു

നാനൂറോളം പേര്‍ക്ക് അഭയം നല്‍കിയിരുന്ന സ്‌കൂളാണ് റഷ്യന്‍ സൈന്യത്തിന്റെ ഹൈപ്പര്‍സോണിക് മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നിരിക്കുന്നത്

20 March 2022 2:02 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മരിയുപോളിലെ അഭയാര്‍ത്ഥി കേന്ദ്രമായ സ്‌കൂളില്‍ റഷ്യയുടെ മിസൈല്‍ ആക്രമണം; കെട്ടിടം പൂര്‍ണമായും തകര്‍ന്നു
X

കീവ്: മരിയുപോളിലെ അഭയാര്‍ത്ഥി കേന്ദ്രത്തിലേക്ക് റഷ്യ മിസൈല്‍ ആക്രമണം നടത്തിയതായി യുക്രെയ്ന്‍ അധികൃതര്‍. മരിയുപോളില്‍ അഭയാര്‍ത്ഥികള്‍ കഴിയുന്ന സ്‌കൂളിനു നേരെയാണ് റഷ്യ മിസൈല്‍ ആക്രമണം നടത്തിയത്. സ്‌കൂള്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

നാനൂറോളം പേര്‍ക്ക് അഭയം നല്‍കിയിരുന്ന സ്‌കൂളാണ് റഷ്യന്‍ സൈന്യത്തിന്റെ ഹൈപ്പര്‍സോണിക് മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നിരിക്കുന്നത്. യുക്രെയ്‌നില്‍ വീണ്ടും ഹൈപ്പര്‍സോണിക് മിസൈല്‍ വിക്ഷേപിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ തെക്ക് ഇന്ധന സംഭരണ കേന്ദ്രം തകര്‍ത്തതായും റഷ്യന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു. നേരത്തെ ഒരു തിയേറ്ററിന് നേരെയും റഷ്യ ആക്രമണം നടത്തിയിരുന്നു. ഫെബ്രുവരി 24 ന് ആരംഭിച്ച റഷ്യന്‍ അധിനിവേശം രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്.

അതേസമയം യുക്രെയ്ന്‍ അധിനിവേശം അതിവേഗം പൂര്‍ത്തിയാക്കാമെന്ന കണക്കു കൂട്ടലുകള്‍ തെറ്റിയതോടെ സൈനിക മേധാവികള്‍ക്കെതിരെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ നടപടി സ്വീകരിക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. യുക്രെയ്‌നില്‍ അതിവേഗം ആധിപത്യം സ്ഥാപിക്കാമെന്ന് പുടിനെ വിശ്വസിപ്പിച്ചവര്‍ക്കെതിരാണ് പ്രധാനമായും നടപടിയെടുക്കുന്നത്. റഷ്യന്‍ നാഷനല്‍ ഗാര്‍ഡ് മേധാവി റോമന്‍ ഗാവ്‌റിലോവ് ഉള്‍പ്പെടെയുള്ള ഉന്നത സൈനികമേധാവികളും രഹസ്യാന്വേഷണ ഏജന്‍സിയിലെ ഉന്നതരും പുടിന്റെ ശിക്ഷാ നടപടിക്ക് വിധേയമായവരില്‍പ്പെടും.

റഷ്യയ്‌ക്കെതിരെ ലോക രാജ്യങ്ങളുടെ ഉപരോധം ശക്തമാവുന്നതോടെ മറു തന്ത്രങ്ങള്‍ മെനയാന്‍ പുടിന്‍ രാജ്യത്തെ സാമ്പത്തിക വിദഗ്ദ്ധര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. യുദ്ധം ആരംഭിച്ചതിന് പിന്നാലെ റഷ്യ ഉപേക്ഷിച്ച് പോയ 500ലധികം കമ്പനികള്‍ ഉടന്‍ തിരിച്ചെത്തണമെന്ന് പുടിന്‍ അന്ത്യശാസനം നല്‍കി. അതിവേഗത്തില്‍ തിരികെയെത്തിയില്ലെങ്കില്‍ 10 വര്‍ഷം വിലക്കേര്‍പ്പെടുത്തുമെന്നും റഷ്യ വ്യക്തമാക്കിയിരുന്നു.

STORY HIGHLIGHTS: Russia bombs Mariupol school housing refugees

Next Story