Top

പത്ത് വർഷത്തിന് ശേഷം പാകിസ്താൻ സന്ദർശിച്ച് മലാല

ദുരിത ബാധിത പ്രദേശങ്ങളിലേക്ക് അന്താരാഷ്ട്ര ശ്രദ്ധ ക്ഷണിക്കാനും സഹായം തേടാനുമാണ് സന്ദർശനമെന്ന് സന്നദ്ധ സംഘടനയായ മലാല ഫണ്ട് അറിയിച്ചു.

11 Oct 2022 2:35 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പത്ത് വർഷത്തിന് ശേഷം പാകിസ്താൻ സന്ദർശിച്ച് മലാല
X

ഇസ്‍ലാമാബാദ്: പാക് താലിബാന്റെ വധശ്രമം നടന്ന് പത്ത് വർഷത്തിന് ശേഷം പാകിസ്താൻ സന്ദർശിച്ച് മലാല യൂസഫ്സായി. പാകിസ്താനിലെ പ്രളയ ബാധിതരെ സന്ദർശിക്കാനാണ് മലാല എത്തിയത്. ദുരിത ബാധിത പ്രദേശങ്ങളിലേക്ക് അന്താരാഷ്ട്ര ശ്രദ്ധ ക്ഷണിക്കാനും സഹായം തേടാനുമാണ് സന്ദർശനമെന്ന് സന്നദ്ധ സംഘടനയായ മലാല ഫണ്ട് അറിയിച്ചു.

കനത്ത മഴയെ തുടർന്നുണ്ടായ വെളളപ്പൊക്കത്തിൽ പാകിസ്താനിൽ 2800 കോടി ഡോളറിന്റെ നാശനഷ്ടമുണ്ടായിട്ടുണ്ട്. 80 ലക്ഷം ആളുകളെ മാറ്റിപ്പാർപ്പിച്ചു. മലാലയുടെ ജന്മസ്ഥലമായ മിംഗോറയിൽ മാത്രം 28 ബില്യൺ ഡോളറിന്റെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

2012ലാണ് മലാലക്ക് നേരെ പാക് താലിബാന്റെ വധശ്രമമുണ്ടായത്. 2007ൽ സ്വാത് താഴ്‌വര അധീനതയിലാക്കിയ താലിബാൻ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുകയായിരുന്നു. ഇതിനെതിരെ മലാല രം​ഗത്തുവന്നിരുന്നു. ഇതോടെയാണ് താലിബാൻ മലാലയെ ലക്ഷ്യമിട്ടത്.

തലയ്ക്ക് വെടിയേറ്റ മലാല ഇംഗ്ലണ്ടിലെ ചികിത്സക്ക് ശേഷം സുഖം പ്രാപിക്കുകയും ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്ന് ബിരുദം നേടുകയും ചെയ്തു. പിന്നീട് പാക് സൈന്യം താലിബാനെ സ്വാത് താഴ്വരയിൽ നിന്ന് തുരത്തിയതിന് ശേഷം അവിടെ മലാല പെൺകുട്ടികൾക്കായി സ്കൂൾ സ്ഥാപിക്കുകയും ചെയ്തു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി മലാല ഫണ്ട് എന്ന സന്നദ്ധ സംഘടന ആരംഭിക്കുകയുമുണ്ടായി. 2014ൽ മലാലക്ക് സമാധാനത്തിനുളള നൊബേൽ ലഭിച്ചിരുന്നു.

STORY HIGHLIGHTS: Malala Yousafzai visits Pakistan

Next Story