Top

മതസംഘടനകളുടെ സമ്മർദ്ദം; ലെബനനിൽ എൽജിബിടിക്യു പരിപാടികൾക്ക് വിലക്ക്

26 Jun 2022 7:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മതസംഘടനകളുടെ സമ്മർദ്ദം; ലെബനനിൽ എൽജിബിടിക്യു പരിപാടികൾക്ക് വിലക്ക്
X

ബെയ്റൂട്ട്: ലൈം​ഗിക ന്യൂനപക്ഷങ്ങൾക്കായുള്ള പ്രെെ‍ഡ് മാസവുമായി ബന്ധപ്പെട്ട പൊതുപരിപാടികൾക്ക് ലെബനനിൽ വിലക്ക്. എൽജിബിടിക്യു വിഭാ​ഗങ്ങൾ പൊതു സ്ഥലത്ത് ഒത്തു ചേർന്ന് നടത്തുന്ന പരിപാടികൾ തടയാൻ ലെബനൻ ആഭ്യന്തര മന്ത്രി പൊലീസിന് നിർദ്ദേശം നൽകി. രാജ്യത്തെ മത സംഘടനകളുടെ സമ്മർദ്ദത്തെത്തുടർന്നാണ് തീരുമാനമെന്നാണ് റിപ്പോർട്ട്.

ഇത്തരം ആഘോഷങ്ങൾ നമ്മുടെ സമൂഹത്തിന്റെ ശീലങ്ങൾക്കും ആചാരങ്ങൾക്കും മത തത്വങ്ങൾക്കും വിരുദ്ധമാണെന്നും ഇതിൽ വ്യക്തി സ്വാതന്ത്ര്യ വാദം ഉന്നയിക്കാൻ കഴിയില്ലെന്നും ലെബനൻ ആഭ്യന്തര മന്ത്രി ബസം മവ് ലവി പറഞ്ഞു. രാജ്യത്ത് എൽജിബിടിക്യു അനുകൂല പരിപാടികളും ക്യാമ്പയിനുകളും സമൂഹ മാധ്യമങ്ങളിലടെയും മറ്റും നടക്കവെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം.

പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങളേക്കാൾ കൂടുതൽ സ്വാതന്ത്ര്യം താരതമ്യേന ലെബനനിൽ ഉണ്ടെങ്കിലും ലൈം​ഗിക ന്യൂനപക്ഷങ്ങൾക്ക് രാജ്യത്ത് വലിയ അവ​ഗണന നേരിടേണ്ടി വരുന്നെന്ന ആക്ഷേപമുണ്ട്. മത സംഘടനകൾക്ക് രാഷ്ട്രീയത്തിൽ വലിയ സ്വാധീനമുള്ള രാജ്യത്ത് ഈ വിഭാ​ഗങ്ങൾക്കെതിരെ വലിയ എതിർപ്പുണ്ട്. ക്രിസ്ത്യൻ‌, സുന്നി, ഷിയ വിഭാ​ഗങ്ങളിലെ മത നേതൃത്വം ഒരുപോലെ എൽജിബിടിക്യു അവകാശങ്ങളെ ഇല്ലാതാക്കുന്നെന്നാണ് രാജ്യത്തെ ആക്ടിവിസ്റ്റുകൾ ആരോപിക്കുന്നത്. ലെബനനിൽ സ്വവർ​ഗാനുരാ​ഗം നിയമ വിധേയമാക്കാൻ അനുവദിക്കില്ലെന്നാണ് രാജ്യത്തെ സുന്നി വിഭാ​ഗത്തിന്റെ പരമോന്നത അതോറിറ്റിയായ ദാർ അൽ ഫത്വയുടെ നയം.

2019 ൽ ​ഗേയായ പാട്ടുകാരൻ നടത്തുന്ന രാജ്യത്തെ ഒരു പ്രമുഖ മ്യൂസിക് ഫെസ്റ്റിവൽ പിൻവലിച്ചിരുന്നു. പരിപാടിയിലെ പാട്ടുകൾ ക്രിസ്ത്യൻ വിഭാ​ഗത്തിന്റെ മത വികാരം വ്രണപ്പെടുത്തുന്നെന്ന് ആരോപിച്ച് മതപുരോഹിതർ രം​ഗത്ത് വന്നതോടെയായിരുന്നു നടപടി.

Story Highlight: Lebanon to break up LGBTQ gatherings after pressure from religious groups

Next Story