Top

'കാര്യമായ നഷ്ടം'; യുദ്ധത്തിന്റെ 44-ാം ദിനത്തില്‍ തിരിച്ചടികള്‍ സമ്മതിച്ച് റഷ്യ; 'ലക്ഷ്യം നേടും അല്ലെങ്കില്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും'

എത്ര സൈനികര്‍ കൊല്ലപ്പെട്ടെന്ന് റഷ്യന്‍ പ്രതിനിധി വ്യക്തമാക്കിയിട്ടില്ല.

8 April 2022 7:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കാര്യമായ നഷ്ടം; യുദ്ധത്തിന്റെ 44-ാം ദിനത്തില്‍ തിരിച്ചടികള്‍ സമ്മതിച്ച് റഷ്യ; ലക്ഷ്യം നേടും അല്ലെങ്കില്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും
X

മോസ്കോ: യുക്രെയ്‌നെതിരായ യുദ്ധത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ തിരിച്ചടി സൈന്യത്തിനുണ്ടായെന്ന സൂചന നല്‍കി റഷ്യന്‍ സര്‍ക്കാര്‍ പ്രതിനിധി. യുക്രെയ്ന്‍ പ്രതിരോധം സൈന്യത്തിന് കാര്യമായ നഷ്ടമുണ്ടാക്കിയെന്നാണ് റഷ്യന്‍ പ്രസിഡന്റിന്റെ പ്രതിനിധി ദിമിത്രി പെസ്‌കോവ് വ്യക്തമാക്കിയത്. അതേസമയം എത്ര സൈനികര്‍ കൊല്ലപ്പെട്ടെന്ന് റഷ്യന്‍ പ്രതിനിധി വ്യക്തമാക്കിയിട്ടില്ല. സ്‌കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

സൈനിക നടപടി പെട്ടന്ന് അവസാനിപ്പിക്കാന്‍ റഷ്യ ശ്രമിക്കുന്നുണ്ടെന്നും വരും ദിവസങ്ങള്‍ക്കുള്ളിൽ ഓപ്പറേഷന്റെ ലക്ഷ്യം നേടിയെടുക്കുകയോ അല്ലെങ്കില്‍ ചര്‍ച്ചയിലൂടെ പരിഹാരം കാണാനോ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ 44ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ് റഷ്യ-യുക്രെയ്ന്‍ യുദ്ധം.

റഷ്യന്‍ പ്രതിരോധ മന്ത്രാലയം പുറത്തു വിട്ട കണക്ക് പ്രകാരം റഷ്യയുടെ 1351 സൈനികര്‍ ഇതിനകം കൊല്ലപ്പെട്ടു. യുക്രെയ്ന്‍ സൈന്യം പറയുന്നതാവട്ടെ 19,000 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്നാണ്. ഈ രണ്ട് കണക്കുകളും ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടില്ല. അതേസമയം മരണക്കണക്കുകള്‍ റഷ്യന്‍ സൈന്യം കൃത്യമായല്ല പുറത്തു വിടുന്നതെന്ന് ആരോപണമുണ്ട്. 7000 ത്തിനും 15,000 ത്തിനും ഇടയില്‍ റഷ്യന്‍ സൈനികര്‍ ഇതുവരെ കൊല്ലപ്പെട്ടെന്നാണ് പാശ്ചാത്യ രാജ്യങ്ങളുടെ അനുമാനം.

യുക്രെയ്ന്‍ യുദ്ധത്തില്‍ അപ്രതീക്ഷിതമായ തിരിച്ചടിയാണ് റഷ്യ നേരിടുന്നതെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. അഞ്ച് റഷ്യന്‍ സൈനിക ജനറല്‍മാരെ ഇതിനകം യുക്രെയ്ന്‍ സേന കൊലപ്പെടുത്തിയെന്നാണ് കണക്ക്. യുദ്ധത്തിൽ മിലിട്ടറി ജനറൽമാർ കൊല്ലപ്പെടുന്നത് സാധാരണമല്ലെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. യുദ്ധഭൂമിയിൽ സൈനികർ തമ്മിലുള്ള ആശയവിനിമയത്തിനും തടസ്സങ്ങളുണ്ട്. സൈനിക സന്നാഹങ്ങൾ എത്തിക്കൽ, ആൾ ബലം ചോരുന്നതിനുസരിച്ച് സൈന്യത്തെ വീണ്ടും ഇറക്കൽ, യുദ്ധ ഇടനാഴികളിലെ സൈന്യത്തിന്റെ സു​ഗമമായ ​ഗതാ​ഗതം എന്നിവയ്ക്ക് പ്രതിബന്ധങ്ങൾ നേരിടുന്നുണ്ടെന്നാണ് പാശ്ചാത്യ മാധ്യമങ്ങളിലെ റിപ്പോർട്ട്. എന്നാൽ റഷ്യ ഈ വാദങ്ങളെ അം​ഗീകരിക്കുന്നില്ല.

story highlight: kremlin spokesman Peskov admits significant Russian losses

Next Story