Top

​'ഗുരുതര പ്രത്യാഘാതമുണ്ടാവും'; ദക്ഷിണ കൊറിയയോട് കിമ്മിന്റെ സഹോദരി

3 April 2022 2:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

​ഗുരുതര പ്രത്യാഘാതമുണ്ടാവും; ദക്ഷിണ കൊറിയയോട് കിമ്മിന്റെ സഹോദരി
X

പോങ്യാങ്: ഉത്തരകൊറിയക്കെതിരെ ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രി നടത്തിയ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്. പ്രസ്താവന ഇരു രാജ്യങ്ങളുടെയും ബന്ധത്തെ ബാധിക്കുമെന്നും ദക്ഷിണ കൊറിയക്ക് ​ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും കിം യോ ജോങ് പറഞ്ഞു. ഉത്തരകൊറിയയിൽ ഭരണത്തിലുള്ള വർക്കേഴ്സ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി വൈസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടറാണ് കിം യോ ജോങ്.

ഉത്തരകൊറിയക്കെതിരെ ദക്ഷിണ കൊറിയൻ സൈന്യം കൂടുതൽ പ്രാപ്തി കൈവരിച്ചിട്ടുണ്ടെന്നും നൂതന വ്യോമായുധ ശേഖരങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നുമായിരുന്നു ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രി സൂ വിക്കിന്റെ പ്രസ്താവന. ഉത്തരകൊറിയയെ ശത്രു രാജ്യമെന്നും വിളിച്ചു. ഇതിനെതിരായാണ് കിം യോ ജോങ് രം​ഗത്തെത്തിയിരിക്കുന്നത്.

ദക്ഷിണ കൊറിയയോട് നിലവിലുള്ള നയത്തിൽ പല ഘടകങ്ങളും ഉത്തരകൊറിയ മാറി ചിന്തിക്കുമെന്ന് കിം യോ ജോങ് മുന്നറിയിപ്പ് നൽകി. ഒപ്പം വർക്കേഴ്സ് പാർട്ടി കേന്ദ്രകമ്മിറ്റി സെക്രട്ടറിയായ പാക് ജോങ് ചോനും രൂക്ഷ വിമർശനവുമായി രം​ഗത്തെത്തി. ദക്ഷിണ കൊറിയയിലെ ലക്ഷ്യ സ്ഥാനങ്ങൾ തകർക്കാൻ തങ്ങളുടെ സൈനിക ശക്തിക്ക് നിഷ്കരുണം നിർദ്ദേശം നൽകുമെന്ന് ഇദ്ദേഹം മുന്നറിയിപ്പ് നൽകി.

അടുത്തിടെ ഉത്തരകൊറിയ നടത്തിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഇപ്പോഴത്തെ അസ്വാരസ്യത്തിന് കാരണം. ഫെബ്രുവരി 26 നും മാർച്ച് നാലിനും നടത്തിയ മിസൈൽ പരീക്ഷണത്തിൽ 3500 മൈലിലിധികം ദൂരപരിധിയുള്ള ആണവ സായുധ സംവിധാനമായ ഐസിബിഎം മിസൈൽ പരീക്ഷണമാണ് നടന്നത്. നിലവിൽ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് മാത്രമാണ് ഈ ശ്രേണിയിലുള്ള മിസൈലുകളുള്ളത്.

story highlight: Kim yo Jong warns action against seol over remarks on military ability

Next Story