Top

ഖഷോഗി വധത്തിലെ നിലപാട് മയപ്പെടുത്തി യുഎസ്; അന്നത്തേയും ഇന്നത്തേയും ധാരണ സൗദി കിരീടാവകാശിയെ ബോധ്യപ്പെടുത്തിയെന്ന് ബൈഡന്‍

ബൈഡന്റെ സൗദി സന്ദര്‍ശനത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി അമേരിക്കയിലെ ജേണലിസ്റ്റ് പ്രൊട്ടക്ഷന്‍ കമ്മിറ്റിയും വാഷിങ്ടണ്‍ പോസ്റ്റും രംഗത്തെത്തി

16 July 2022 8:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഖഷോഗി വധത്തിലെ നിലപാട് മയപ്പെടുത്തി യുഎസ്; അന്നത്തേയും ഇന്നത്തേയും ധാരണ സൗദി കിരീടാവകാശിയെ ബോധ്യപ്പെടുത്തിയെന്ന് ബൈഡന്‍
X

ജിദ്ദ: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ സൗദി സന്ദര്‍ശനത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ വധവും ചര്‍ച്ച. രണ്ട് ദിവസത്തെ സൗദി അറേബ്യ സന്ദര്‍ശനത്തിനെത്തിയ ബൈഡന്‍ സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇസ്താംബൂളിലെ സൗദി അറേബ്യന്‍ എംബസിയില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ മരണത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന് പങ്കുണ്ടെന്നാണ് താന്‍ മുന്‍പ് കരുതിയിരുന്നതെന്ന് ബൈഡന്‍ പറഞ്ഞു.

'കൂടിക്കാഴ്ച്ചയ്ക്കിടെ ഖഷോഗിയുടെ വധം ഞാന്‍ മുഖ്യ വിഷയമായി ഉയര്‍ത്തി. ആ സംഭവത്തേക്കുറിച്ച് ഞാന്‍ അന്ന് കരുതുന്നതും ഇന്ന് കരുതുന്നതും എന്താണെന്ന് വ്യക്തമാക്കി. വളച്ചുകെട്ടലില്ലാതെ നേരിട്ടാണ് ആ വിഷയം ഞാന്‍ ചര്‍ച്ച ചെയ്തത്. ഒരു അമേരിക്കന്‍ പ്രസിഡന്റിനെ സംബന്ധിച്ചിടത്തോളം മനുഷ്യാവകാശ വിഷയങ്ങളില്‍ നിശ്ശബ്ദത പാലിക്കല്‍ സാധ്യമല്ലെന്ന് ഞാന്‍ നേരിട്ട് വ്യക്തമാക്കി,' ബൈഡന്‍ പറഞ്ഞു.

ജമാല്‍ ഖഷോഗിയെ പിടികൂടുന്നതിനോ വധിക്കുന്നതിനോ ലക്ഷ്യമിട്ടുള്ള നീക്കത്തിന് സൗദി കിരീടാവകാശി അനുവാദം നല്‍കിയിരുന്നതായി അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഖഷോഗിയുടെ മരണത്തില്‍ തനിക്ക് പങ്കില്ലെന്നും മരണത്തിന് ഉത്തരവാദികളായവരെ അറിയാമെന്നുമാണ് സൗദി കിരീടാവകാശി പ്രതികരിച്ചത്. പിന്നീട് സംഭവത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാന്‍ തനിക്കാകില്ലെന്ന് സല്‍മാന്‍ പറഞ്ഞു. സൗദി പൗരനെ സൗദി ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തിയതില്‍ തനിക്ക് കൂടി ഉത്തരവാദിത്തമുണ്ടെന്ന നയപരമായ പ്രതികരണമാണ് സല്‍മാന്‍ നടത്തിയത്.

ബൈഡന്റെ സൗദി സന്ദര്‍ശനത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി അമേരിക്കയിലെ ജേണലിസ്റ്റ് പ്രൊട്ടക്ഷന്‍ കമ്മിറ്റിയും വാഷിങ്ടണ്‍ പോസ്റ്റും രംഗത്തെത്തി. ഖഷോഗി ജീവിച്ചിരുന്നെങ്കില്‍ ഇതിനെതിരെ പ്രതിരിക്കുമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ പ്രതിശ്രുത വധുവായിരുന്ന ഹാറ്റിസ് സെന്‍ഗിസ് ട്വിറ്ററില്‍ കുറിച്ചു. മുഹമ്മദ് ബിന്‍ സല്‍മാന്റെ അടുത്ത ഇരകളുടെ രക്തം നിങ്ങളുടെ (ബൈഡന്റെ) കൈകളിലുണ്ടെന്നും അവര്‍ ട്വീറ്റ് ചെയ്തു.

Story Highlights: Joe Biden on his visit to Saudi Arabia states his views on Jamal Khashoggi's murder

Next Story