'സാന്റാ ക്ലോസൊന്നും യഥാർത്ഥത്തിലില്ല, അതൊക്കെ കൊക്ക കോളയുടെ പരസ്യം'; കുട്ടികളോട് ബിഷപ്പ്; പൊല്ലാപ്പായി പ്രസംഗം
12 Dec 2021 7:26 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊവിഡ് ആശങ്കകൾക്കിടയിലും ലോകമെങ്ങും പ്രതീക്ഷയോടെ പുതിയൊരു ക്രിസ്തുമസിനെ വരവേൽക്കാനാെരുങ്ങുകയാണ്. ഇതിനിടെ ക്രിസ്തുമസ് ആഘോഷമൊന്നും വലിയ സംഭവമല്ലെന്നാണ് ഒരു ബിഷപ്പ് അഭിപ്രായപ്പെടുന്നത്. അതും സാന്റാ ക്ലോസിനെ കുറിച്ചുള്ള കഥകൾ കേട്ടിരിക്കുന്ന കുട്ടികളോടാണ് ബിഷപ്പ് ഇക്കാര്യം പറഞ്ഞത്. സാന്റാ ക്ലോസൊന്നും യഥാർത്ഥത്തിലുള്ള ആളല്ലെന്ന് ഇയാൾ കുട്ടികളുടെ മുഖത്ത് നോക്കിപ്പറഞ്ഞു. ഇറ്റാലിയൻ നഗരമായ നോറ്റോയിലെ ഒരു പരിപാടിയിൽ പങ്കെടുക്കവെയാണ് ബിഷപ്പ് ആന്റോണിയൊ സ്റ്റാഗ്ലിനൊവിന്റെ പരാമർശം.
'ഇല്ല, സാന്റാ ക്ലോസ് യഥാർത്ഥത്തിലില്ല. സത്യമെന്തെന്നാൽ അദ്ദേഹം ധരിച്ചിരിക്കുന്ന ചുവന്ന സ്യൂട്ട് പരസ്യ ആവശ്യത്തിനായി കൊകൊ കോള തെരഞ്ഞെടുത്തതാണ്,' ബിഷപ്പ് ആന്റോണിയോ പറഞ്ഞു. വിശുദ്ധ നിക്കോളാസിന്റെ തിരുനാൾ ദിനത്തിൽ നടന്ന പരിപാടിയിലാണ് പരാമർശം. പരാമർശം വിവാദമായതോടെ നോടോ രൂപത ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ക്ഷമാപണം നടത്തി.
കുട്ടികളെ നിരാശരാക്കിയ ഈ പ്രസ്താവനയിൽ ബിഷപ്പിനെ പ്രതിനിധീകരിച്ച് ഞാൻ ആദ്യം ഖേദം പ്രകടിപ്പിക്കുന്നു. ബിഷപ്പ് അത്തമെരാരു ഉദ്ദേശത്തോടെയല്ല സംസാരിച്ചതെന്ന് ഞാൻ വ്യക്തമാക്കുന്നു, രൂപതയുടെ പ്രസ് സെക്രട്ടറിയുടെ പ്രസ്താവനയിൽ പറയുന്നു. ക്രിസ്തുമസ് കാലം വാണിജ്യവൽക്കരിക്കപ്പെടുന്നതിനെതിരെയാണ് ബിഷപ്പ് സംസാരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
പരാമർശത്തിൽ ബിഷപ്പും മാപ്പ് പറഞ്ഞു. അതേസമയം തന്റെ വാക്കുകളുടെ യഥാർത്ഥ അർത്ഥം മനസ്സിലാക്കാതെയാണ് വിമർശമെന്നും ഇദ്ദേഹം പറഞ്ഞു. സാന്റാ ക്ലോസ് നിലവിലില്ലെന്ന് ഞാൻ അവരോട് പറഞ്ഞില്ല. എന്നാൽ യാഥാർത്ഥ്യമല്ലാത്തതും യഥാർത്ഥമല്ലാത്തതും തിരിച്ചറിയേണ്ട ആവശ്യകതയെക്കുറിച്ച് ഞങ്ങൾ സംസാരിച്ചു, ബിഷപ്പ് പറഞ്ഞു.
ക്രിസ്തുമസ് നിലവിൽ ക്രിസ്ത്യാനികളുടേതല്ല. ഉപഭോക്തൃ സംസ്കാരം ക്രിസ്തുമസിന്റെ യഥാർത്ഥ അർത്ഥം മറച്ചു വെക്കുന്നെന്നും ബിഷപ്പ് ഒരു ഇറ്റാലിയൻ മാധ്യമത്തിന് നൽകിയ വിശദീകരണത്തിൽ പറയുന്നു.
- TAGS:
- christmas