Top

ഉപരോധത്തില്‍പ്പെട്ട റഷ്യന്‍ ജൂത കോടീശ്വരന്‍മാരെ സംരക്ഷിക്കാന്‍ ഇസ്രയേല്‍; സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും പ്രത്യേക സമിതി

മന്ത്രിതല ഉന്നതസമിതിയേയാണ് ഇസ്രയേല്‍ നിയോഗിച്ചിരിക്കുന്നത്

14 March 2022 5:04 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉപരോധത്തില്‍പ്പെട്ട റഷ്യന്‍ ജൂത കോടീശ്വരന്‍മാരെ സംരക്ഷിക്കാന്‍ ഇസ്രയേല്‍; സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും പ്രത്യേക സമിതി
X

ടെല്‍ അവീവ്: പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധത്തില്‍പ്പെട്ട റഷ്യന്‍ ജൂത കോടീശ്വരന്മാരെ സംരക്ഷിക്കാന്‍ ശ്രമങ്ങളുമായി ഇസ്രയേല്‍. ഇതിന്റെ ഭാഗമായി റഷ്യ വിടുന്ന ജൂത കോടീശ്വരന്മാരെ രാജ്യത്ത് എത്തിക്കുന്നതിനെക്കുറിച്ച് പഠിക്കാനായി ഇസ്രയേല്‍ സര്‍ക്കാര്‍ ഒരു ഉന്നത സമിതിയെ നിയോഗിച്ചു. ഉപരോധത്തെക്കുറിച്ച് പഠിക്കാന്‍ മന്ത്രിതല ഉന്നതസമിതിയേയാണ് ഇസ്രയേല്‍ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. കോടീശ്വരന്മാരെ രാജ്യത്ത് എത്തിക്കുന്നതാണ് ഇവരുടെ പ്രധാന ദൗത്യം എന്നാണ് കരുതപ്പെടുന്നത്.

അടുത്തകാലത്തായി ഏറെ ജൂത കോടീശ്വരന്മാര്‍ ഇസ്രയേല്‍ പൗരത്വമെടുക്കുകയോ ഇവിടെ താമസമാക്കുകയോ ചെയ്തതായാണ് കണക്കാക്കപ്പെടുന്നത്. ഇതില്‍ ഏറെപ്പേര്‍ക്കും റഷ്യയുമായി നല്ല ബന്ധമാണ് ഉള്ളതെന്നാണ് അനുമാനം. ചെല്‍സി ഫുട്‌ബോള്‍ ക്ലബിന്റെ ഉടമസ്ഥതയൊഴിഞ്ഞ റോമന്‍ അബ്രമോവിച്ച്, റഷ്യന്‍ ബാങ്കറായ മൈക്കല്‍ ഫ്രിഡ്മാന്‍, രാഷ്ട്രീയ നേതാവും റഷ്യയിലെ ഏറ്റവും വലിയ ബാങ്കായ ആല്‍ഫാ ബാങ്കിന്റെ തലപ്പത്തുണ്ടായിരുന്ന പീറ്റര്‍ അവെന്‍, റെനോവാ ഗ്രൂപ്പിന്റെ പ്രസിഡന്റും സ്ഥാപകനുമായ വിക്ടോര്‍ വെക്‌സല്‍ബെര്‍ഗ് എന്നിവര്‍ പുടിനുമായി അടുത്തബന്ധമുണ്ടെന്ന പേരില്‍ ഉപരോധം നേരിടുന്നവരില്‍ പ്രധാനികളാണ്. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധവുമായി സഹകരിക്കാന്‍ ഇസ്രയേല്‍ ഇതുവരെ തയ്യാറായിട്ടില്ല. റഷ്യ യുക്രെയ്ന്‍ അധിനിവേശം അവസാനിപ്പിക്കാത്ത സാഹചര്യത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുമെന്നാണ് സൂചനകള്‍.

നേരത്തെ, ഇരുരാജ്യങ്ങള്‍ക്കിടയിലും ചര്‍ച്ചകള്‍ക്കായി മധ്യസ്ഥം വഹിക്കാമെന്ന് ഇസ്രയേല്‍ അറിയിച്ചിരുന്നു. ഇസ്രയേലിനോട് ഉപരോധങ്ങളില്‍ പങ്കുചേരാന്‍ അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നിരന്തരം ആവശ്യം ഉന്നയിക്കുന്നുമുണ്ട്. സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം ദശലക്ഷകണക്കിന് ജൂതന്മാര്‍ ഇസ്രയേലിലേയ്ക്ക് കുടിയേറിയിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. അടുത്ത കാലത്തായി കോടീശ്വരന്മാര്‍ കൂടുതലായി ഇസ്രയേലി പൗരത്വം എടുക്കുന്നതായും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. യുക്രെയ്‌നില്‍ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ റഷ്യന്‍ പ്രൈവറ്റ് ജെറ്റുകള്‍ രാജ്യത്ത് വന്നുപോകുന്നതായി ഇസ്രയേലി മാധ്യമങ്ങള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ അബ്രമോവിച്ചിന്റെ സ്വകാര്യവിമാനമുണ്ടെന്നും എന്നാല്‍ അദ്ദേഹം രാജ്യത്ത് പ്രവേശിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ഇത്തരക്കാരോട് അകലം പാലിക്കാന്‍ വിദേശകാര്യമന്ത്രി യയിര്‍ ലാപിഡ് തന്റെ സഹപ്രവര്‍ത്തകരോട് നിര്‍ദ്ദേശിച്ചതായും വാര്‍ത്തകളുണ്ട്. നയതന്ത്ര തലത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് കാണിച്ചാണ് അദ്ദേഹം ഈ നിര്‍ദ്ദേശം നല്‍കിയത്. റഷ്യയ്ക്കുമേലുള്ള ഉപരോധത്തെ മറികടക്കാനുള്ള ഉപാധിയായി ഇസ്രയേലിനെ കാണരുതെന്നും അദ്ദേഹം നിര്‍ദ്ദേശം നല്‍കിയതായാണ് സൂചന.

STORY HIGHLIGHTS: Israeli government has formed a high-level committee to bring Russia jew oligarchs

Next Story