Top

'എന്നെ കൊല്ലൂ, എന്റെ കുഞ്ഞിനെ രക്ഷിക്കൂ'; യുക്രെയ്‌നില്‍ പരുക്കേറ്റ ഗര്‍ഭിണിയും കുട്ടിയും കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

ഓപ്പറേഷനിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും കുഞ്ഞ് ജീവന്റെ ലക്ഷണങ്ങളൊന്നും കാണിച്ചില്ല.

14 March 2022 5:06 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എന്നെ കൊല്ലൂ, എന്റെ കുഞ്ഞിനെ രക്ഷിക്കൂ; യുക്രെയ്‌നില്‍ പരുക്കേറ്റ ഗര്‍ഭിണിയും കുട്ടിയും കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്
X

കീവ്: യുക്രെയ്നിലെ മരിയുപോളിൽ പ്രസവ ആശുപത്രിക്ക് നേരെയുണ്ടായ ബോംബാക്രമണത്തിൽ പരുക്കേറ്റ ​ഗർഭിണിയും കുഞ്ഞും കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ബോംബാക്രമണത്തിൽ പരുക്കേറ്റ ​ഗർഭിണിയായ യുവതിയെ സ്ട്രെക്ച്ചറിൽ ആംബുലൻസിലേക്ക് കയറ്റുന്ന ഫോട്ടോ പുറത്തുവന്നിരുന്നു. വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ്സിന്റെ മാധ്യമ പ്രവർത്തകരാണ് യുവതിയെ ആംബുലൻസിലേക്ക് മാറ്റുന്ന ഫോട്ടോ എടുത്തത്.

മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയ യുവതിക്ക് നട്ടെല്ലിന് ​ഗുരുതരമായി പരുക്കേറ്റിരുന്നു. ചികിത്സയ്ക്കിടെ തന്റെ കുഞ്ഞിനെ രക്ഷിക്കൂ, തന്നെ കൊല്ലൂ എന്ന് യുവതി പറഞ്ഞതായി മെഡിക്കൽ സംഘം പറഞ്ഞു. ഓപ്പറേഷനിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും കുഞ്ഞ് ജീവന്റെ ലക്ഷണങ്ങളൊന്നും കാണിച്ചില്ല. 30 മിനുട്ട് അമ്മയെ നിരീക്ഷണത്തിൽ വെച്ചെങ്കിലും രണ്ടു പേരും മരിച്ചെന്ന് സർജൻ തിമൂർ മാരിൻ വ്യക്തമാക്കി.

മരിക്കുന്നതിന് മുമ്പ് യുവതിയുടെ പേര് വിവരങ്ങൾ ആശുപത്രി അധികൃതർക്ക് ലഭിച്ചിരുന്നില്ല. പിന്നീട് യുവതിയുടെ ഭർത്താവും പിതാവും എത്തിയാണ് മൃതദേഹം കൊണ്ടുപോയത്.

ബോംബാക്രമണം നടന്ന ആശുപത്രിയിൽ ബ്ലോഗറായ മരിയാന വിശേഗിർസ്കായയും ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്. വ്യോമാക്രമണത്തിന്റെ പിറ്റേന്ന് ബ്ലോ​ഗർ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. അവശിഷ്ടങ്ങൾ നിറഞ്ഞ കോണിപ്പടികളിലൂടെ മരിയാന വിശേഗിർസ്ക സഞ്ചരിക്കുന്നതും ഗർഭത്തിന് ചുറ്റും പുതപ്പ് മുറുകെ പിടിക്കുന്നതുമായ ഫോട്ടോകളും വീഡിയോകളും പുറത്തുവിട്ടിരുന്നു. എന്നാൽ മരിയാന ഒരു വ്യാജ (സ്റ്റേജഡ്) അഭിനേതാവാണെന്ന് റഷ്യൻ ഉദ്യോഗസ്ഥർ അവകാശപ്പെട്ടു.

ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മരിയുപോളിലെ പ്രസവ വാർഡ് പുതുക്കിപ്പണിയുന്നതും കുഞ്ഞുങ്ങളുടെ ജനനവും ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ബോംബാക്രമണത്തിൽ നിരവധി പേർക്ക് പരുക്ക് പറ്റിയിട്ടുണ്ടെന്നാണ് വിവരം. ‌

എന്നാൽ യുക്രെയ്നിലെ വലത്പക്ഷ തീവ്രവാദികൾ മരിയുപോളിലെ പ്രസവാ ആശുപത്രിയെ താവളമായി ഉപയോ​ഗിച്ചിരുന്നുവെന്നും ആശുപത്രിയിൽ രോ​ഗികളോ ഡോക്ടർമാരോ ഉണ്ടായിരുന്നില്ലെന്നുമാണ് ബോംബാക്രമണത്തെക്കുറിച്ച് റഷ്യ നൽകിയ വിശദീകരണം. യുഎൻ റഷ്യൻ അംബാസഡറും ലണ്ടനിലെ റഷ്യൻ എംബസിയും ചിത്രത്തെ "വ്യാജ വാർത്ത"എന്ന് വിളിച്ചു പരിഹസിക്കുകയും ചെയ്തു.

മാർച്ച് രണ്ടിന് റഷ്യൻ സൈന്യം നഗരം വളഞ്ഞതുമുതൽ നിരന്തരമായി ബോംബാക്രമണം നടത്തുകയാണെന്ന് യുക്രെയ്ൻ അധികൃതർ വ്യക്തമാക്കി. ബോംബാക്രമണത്തെ തുടർന്ന് ഏകദേശം 4,00,000 ജനങ്ങൾ വെളളവും ഭക്ഷണവും മരുന്നും ലഭിക്കാതെ വലയുകയാണ്. മരിയുപോളിന്റെ വിവിധ ഭാ​ഗങ്ങളിൽ വൈദ്യുതിയും ഫോൺ സർവ്വീസ് കണക്ഷനും വിച്ഛേദിച്ചിട്ടുണ്ട്.

യുക്രെയ്നിലെ ആരോ​ഗ്യ കേന്ദ്രങ്ങൾക്ക് നേരെയുളള എല്ലാ ആക്രമണങ്ങളും നിർത്തിവയ്ക്കണമെന്ന് ഞായറാഴ്ച ലോ​കാരോ​ഗ്യ സംഘടന റഷ്യയോട് ആവശ്യപ്പെട്ടിരുന്നു. ദുർബലരായ കുഞ്ഞുങ്ങൾ, കുട്ടികൾ, ഗർഭിണികൾ, രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർ, ആരോഗ്യപ്രവർത്തകർ, സന്നദ്ധ സേവകർ തുടങ്ങിയവരെ ആക്രമിക്കുന്നത് മനസ്സാക്ഷിയില്ലാത്ത ക്രൂരതയാണെന്നും ലോ​കാരോ​ഗ്യ സംഘടനയിറക്കിയ പ്രസ്താവനയിൽ പറയുന്നു.

STORY HIGHLIGHTS: 'Kill Me and Save My Baby'; Injured Pregnant Woman and Baby Killed in Ukraine

Next Story