Top

'ആക്രമണത്തിന് പിന്നിൽ മൂന്ന് പേരെ സംശയിക്കുന്നു'; ഇവരെ ഉടൻ പുറത്താക്കണമെന്ന് ഇമ്രാൻ ഖാൻ

3 Nov 2022 9:24 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആക്രമണത്തിന് പിന്നിൽ മൂന്ന് പേരെ സംശയിക്കുന്നു; ഇവരെ ഉടൻ പുറത്താക്കണമെന്ന് ഇമ്രാൻ ഖാൻ
X

ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ നടന്ന ആക്രമണത്തിന് പിന്നിൽ മൂന്ന് പേരെ സംശയിക്കുന്നതായി ഇമ്രാൻ ഖാന്റെ അടുത്ത സഹായി. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ആഭ്യന്തര മന്ത്രി റാണാ സനാഉല്ല, മേജർ ജനറൽ ഫൈസൽ നസീർ എന്നിവരെയാണ് ഖാൻ സംശയിക്കുന്നതായി കണ്ടെത്തിയതെന്ന് സഹായി അസദ് ഉമർ പറഞ്ഞു. ഇവരെ നിലവിലെ സ്ഥാനങ്ങളിൽ നിന്ന് ഉടൻ പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ആരോപണത്തെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നും അസദ് ഉമർ നൽകിയിട്ടില്ല. തനിക്ക് വിവരം ലഭിക്കുന്നുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പാകിസ്ഥാൻ ഇ തെഹ്രിക് ഇൻസാഫിന്റെ സർക്കാർ വിരുദ്ധ പ്രതിഷേധ റാലിക്കിടെയാണ് ഇമ്രാൻ ഖാന് നേരെ വധശ്രമമുണ്ടായത്. റാലി വസീറാബാദിലെ സഫർ അലിഖാൻ ചൗക്കിലെത്തിയപ്പോഴായിരുന്നു ആക്രമണം. കണ്ടെയ്‌നർ ട്രെക്കിന് മുകളിൽ നിൽക്കുകയായിരുന്ന ഇമ്രാൻ ഖാനെ പിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. ഇമ്രാൻ ഖാന്റെ വലതു കാൽ പാദത്തിലാണ് വെടിയേറ്റത്. കണ്ടൈനറിൽ കൂടെയുണ്ടായിരുന്ന പാർട്ടി നേതക്കളായ ഒമ്പത് പേർക്കും പരിക്കേറ്റു. ഇതിൽ ഒരാൾ ആശുപത്രിയിൽ വച്ച് മരിച്ചു.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനാൽ ഇമ്രാനെ കൊല്ലാൻ ആഗ്രഹിച്ചുവെന്ന് അക്രമിയായ യുവാവ് പൊലീസിനോട് പറഞ്ഞു. ''ഞാൻ ഇമ്രാനെ കൊല്ലാൻ വേണ്ടി മാത്രമാണ് വന്നത്. ഇമ്രാൻ ഖാൻ നുണ പറഞ്ഞ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്ന വ്യക്തിയാണ്. കൊല്ലാനാണ് ആഗ്രഹിക്കുന്നത്. പെരുംനുണയനാണ്. ഇമ്രാനെ കൊല്ലേണ്ടത് വളരെ അത്യാവശ്യമാണ്. പരമാവധി ശ്രമിച്ചു. പക്ഷേ സാധിച്ചില്ല. പക്ഷേ അത് ഒരിക്കൽ സംഭവിക്കും.'' പിടിയിലായ യുവാവ് പറഞ്ഞതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

STORY HIGHLIGHTS: Imran Khan names three suspects behind attack. Pak PM Shehbaz Sharif is one of them

Next Story