Top

ഒമിക്രോണ്‍ വ്യാപകമായി പടര്‍ന്ന ദക്ഷിണാഫ്രിക്കയിലെ ഇപ്പോഴത്തെ സ്ഥിതിയെന്ത്?

3 Dec 2021 7:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒമിക്രോണ്‍ വ്യാപകമായി പടര്‍ന്ന ദക്ഷിണാഫ്രിക്കയിലെ ഇപ്പോഴത്തെ സ്ഥിതിയെന്ത്?
X

ഒമിക്രോണ്‍ സ്ഥിരീകരിച്ച ആദ്യ രാജ്യമായ ദക്ഷിണാഫ്രിക്കയിലും അയല്‍ രാജ്യങ്ങളിലും പ്രതീക്ഷിച്ചത്ര അപകടമുണ്ടാക്കാതെ രോഗവ്യാപനം. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടുന്നുണ്ടെങ്കിലും ഗുരുതരമായ രോഗ ലക്ഷണങ്ങള്‍ കുറവാണ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം, മരണ നിരക്ക് എന്നിവയിലും വര്‍ധനവില്ല.

വ്യാഴാഴ്ച 11,535 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എപ്പിസെന്ററായ ഗോടെങ്ക് പ്രവിശ്യയിലാണ് കൂടുതല്‍ രോഗികളും. കഴിഞ്ഞയാഴ്ചത്തെ അപേക്ഷിച്ച് അഞ്ചിരട്ടി വര്‍ധനവാണ് ഈയാഴ്ച ദക്ഷിണാഫ്രിക്കയില്‍ രോഗവ്യാപനത്തിലുണ്ടായിരിക്കുന്നത്. റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ മുക്കാല്‍ ഭാഗവും ഒമിക്രോണ്‍ വകഭേദവുമാണ്. പക്ഷെ വലിയ തോതില്‍ ഒമിക്രോണ്‍ ശരീരത്തെ ബാധിക്കുന്നില്ലെന്നാണ് ദക്ഷിണാഫ്രിക്കന്‍ ഡോക്ടര്‍മാരുടെ പ്രാഥമിക വിലയിരുത്തല്‍. രോഗികളില്‍ ഭൂരിഭാഗം പേര്‍ക്കും തലവേദന, മൂക്കൊലിപ്പ് തുടങ്ങിയ ലക്ഷണങ്ങളാണുള്ളത്.

കൊവിഡ് കാരണം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം മുന്‍പുണ്ടായ വ്യാപന സമയത്തെ അത്രയുമില്ലെന്നാണ് ദക്ഷിണാഫ്രിക്കന്‍ പ്രവിശ്യയിലെ കൊവിഡ് അഡ്‌വൈസറി കൗണ്‍സിലിനെ നയിക്കുന്ന ഡോക്ടര്‍ മേരി കവൊങ്ക വ്യക്തമാക്കിയത്. 'ആശുപത്രിയിലേക്ക് മാറ്റുന്നതിന്റെ തോത് സ്ഥിരീകരിച്ച കൊവിഡ് കേസുകളേക്കാളും മൂന്നാം തരംഗ സമയത്തേക്കാളും വളരെ കുറവാണ്,' ഡോക്ടര്‍ മേരി കവൊങ്ക പത്രസമ്മേളനത്തില്‍ പറഞ്ഞു.

കൊവിഡ് പിടിപെടുന്നതില്‍ ഭൂരിഭാഗം പേരും രോഗപ്രതിരോധ ശേഷിയുള്ള യുവാക്കളാണെന്നത് ഇതിനൊരു കാരണാണെന്നും ഇവര്‍ പറയുന്നു. അതേസമയം പ്രായമായവരെ രോഗം ബാധിക്കുന്നുണ്ട്.

കണക്കുകള്‍ പ്രകാരം ദക്ഷിണാഫ്രിക്കയുടെ നാലിലൊരാള്‍ മാത്രമാണ് വാക്‌സിനേഷന്‍ നടത്തിയിട്ടുള്ളത്. വാക്‌സിനേഷന്‍ വേഗത്തിലാക്കാനാണ് ദക്ഷിണാഫ്രിക്കന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം. രാജ്യത്തെ എല്ലാ പ്രവിശ്യകളിലും കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ കൂടുമെന്നാണ് ഞങ്ങള്‍ കരുതുന്നത്. വാക്‌സിന്‍ അവരെ ഗുരുതര രോഗാവസ്ഥയില്‍ നിന്നും സംരക്ഷിക്കുമെന്നും ഞങ്ങള്‍ കരുതുന്നു, ഡോക്ടര്‍ മേരി കവൊങ്ക പറഞ്ഞു.



Next Story

Popular Stories