Top

ചാള്‍സിന്റെ കിരീടധാരണം; ധരിക്കുന്നത് പതിനേഴാം നൂറ്റാണ്ടിലെ വിശിഷ്ട രത്‌നങ്ങള്‍ പതിപ്പിച്ച കിരീടം

അടുത്ത വര്‍ഷം മെയ് ആറിന് വെസ്റ്റ്മിന്‍സ്റ്റര്‍ ദേവാലയത്തില്‍ വെച്ചാണ് കിരീടധാരണം നടക്കുന്നത്.

5 Dec 2022 4:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചാള്‍സിന്റെ കിരീടധാരണം; ധരിക്കുന്നത് പതിനേഴാം നൂറ്റാണ്ടിലെ വിശിഷ്ട രത്‌നങ്ങള്‍ പതിപ്പിച്ച കിരീടം
X

ലണ്ടന്‍: ബ്രിട്ടന്റെ പുതിയ രാജാവായുള്ള ചാള്‍സ് മൂന്നാമന്റെ കിരീടധാരണ ചടങ്ങുകള്‍ക്ക് 17-ാം നൂറ്റാണ്ടിലെ സെന്റ് എഡ്വേര്‍ഡ്‌സ് കിരീടം ഉപയോഗിക്കും. കിരീടം ചാള്‍സ് മൂന്നാമന് വേണ്ടി രൂപമാറ്റം വരുത്തുന്നതിനായി ശനിയാഴ്ച കൊണ്ടുപോയതായാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം മെയ് ആറിന് വെസ്റ്റ്മിന്‍സ്റ്റര്‍ ദേവാലയത്തില്‍ വെച്ചാണ് കിരീടധാരണം നടക്കുന്നത്.

ടവര്‍ ഓഫ് ലണ്ടനില്‍ സൂക്ഷിച്ചിട്ടുള്ള രാജചിഹ്നങ്ങളില്‍ ഏറ്റവും പ്രധാന ആകര്‍ഷണമാണ് സെന്റ് എഡ്വേര്‍ഡ്‌സ് കിരീടം. സ്വര്‍ണത്തില്‍ നിര്‍മ്മിച്ച് റൂബി, ഇന്ദ്രനീലം പോലുള്ള വിശിഷ്ട രത്‌നങ്ങള്‍ പതിപ്പിച്ച കിരീടത്തില്‍ പര്‍പ്പിള്‍ നിറത്തിലുള്ള വെല്‍വെറ്റ് തൊപ്പിയുമുണ്ട്.

1661-ല്‍ ചാള്‍സ് രണ്ടാമന്റെ രാജ്യാഭിഷേക ചടങ്ങുകള്‍ക്ക് വേണ്ടിയാണ് ഈ കിരീടം നിര്‍മ്മിക്കപ്പെടുന്നത്. അതുവരെയുള്ള രാജാക്കന്മാരെല്ലാം മിഡീവല്‍ കിരീടമാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ 1649-ല്‍ ബ്രിട്ടീഷ് ആഭ്യന്തര യുദ്ധത്തിന് ശേഷം ഒലിവര്‍ ക്രോംവെല്ലിന്റെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയ പാര്‍ലമെന്ററി സമിതി രാജവാഴ്ച നിരോധിച്ചിരുന്നു. പിന്നീട് കിരീടം ഉരുക്കിക്കളയുകയും ചെയ്തു.

ചാള്‍സ് രണ്ടാമനാണ് ബ്രിട്ടനില്‍ രാജവാഴ്ച തിരികെ കൊണ്ടുവരുന്നത്. ചാള്‍സ് രണ്ടാമന്റെ കിരീടം പിന്നീട് രണ്ടു നൂറ്റാണ്ടിന് ശേഷം 1911-ലാണ് ജോര്‍ജ് അഞ്ചാമന്റെ രാജ്യാഭിഷേകത്തിനാണ് ഉപയോഗിക്കുന്നത്. 1953-ല്‍ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിനായിരുന്നു കിരീടം അവസാനം ഉപയോഗിച്ചത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കിരീടം ഇപ്പോഴും 2.23 കിലോഗ്രാം ഭാരമുണ്ട്. ധരിക്കാന്‍ വളരെ ഭാരമുള്ളതു കൊണ്ട് തന്നെ കിരീടധാരണ ചടങ്ങുകള്‍ക്കു വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്.

Story highlights: Historic 17th century crown to be modified for King Charles iii

Next Story