'ഹമാസിനെ പൂർണമായും നിരോധിക്കും'; പിന്തുണയ്ക്കുന്നവർക്ക് 10 വർഷം തടവ് ശിക്ഷയുമെന്ന് ബ്രിട്ടീഷ് ഹോം സെക്രട്ടറി പ്രിതി പട്ടേൽ
20 Nov 2021 9:58 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

യുകെയിൽ പാലസ്തീൻ സംഘടനയായ ഹമാസിനെ തീവ്രവാദ സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി പൂർണമായും നിരോധിക്കുമെന്ന് ഹോം സെക്രട്ടറി പ്രിതി പട്ടേൽ. ഹമാസിനെ പിന്തുണയ്ക്കുന്നവർക്ക് 10 വർഷത്തിലധികം തടവ് ശിക്ഷ നൽകുമെന്നും രാജ്യത്ത് ജൂതർക്കെതിരെയുള്ള ആക്രമണങ്ങളെ ഒരു തരത്തിലും വെച്ച് പൊറുപ്പിക്കില്ലെന്നും പ്രിതി പട്ടേൽ വ്യക്തമാക്കി. രാജ്യത്ത് ജൂതർക്കെതിരെ നടക്കുന്ന ആക്രമണങ്ങൾക്ക് ഹാമാസിന് വ്യക്തമായ പങ്കുണ്ടെന്നും പ്രിതി പട്ടേൽ പറഞ്ഞു. നിലവിൽ ഹമാസിന്റെ സേനാ വിഭാഗത്തിന് യുകെയിൽ നിരോധനമുണ്ട്. പുതിയ നിയമം വരുന്നതോടെ ഹമാസിന്റെ പെളിറ്റിക്കൽ ശാഖയ്ക്കും വിലക്കു വരും.
ഹമാസ് അടിസ്ഥാനപരമായി യഹൂദ വിരുദ്ധമാണ്. ആന്റിസെമിറ്റിസം ഞാനൊരിക്കലും പൊറുക്കാത്ത തിൻമയാണ്. ജൂതർക്ക് നിരന്തരം അസുരക്ഷിതത്വം അനുഭവപ്പെടുന്നു. സ്കൂളുകളിൽ, തെരുവുകളിൽ, ആരാധന നടത്തുന്നിടത്ത്, വീടുകളിൽ ഒപ്പം ഓൺലൈനിലും, പ്രിതി പട്ടേൽ പറഞ്ഞു.
നിരോധിക്കപ്പെട്ട സംഘടനയെ പിന്തുണയ്ക്കുന്നതാരായാലും അവർ നിയമം ലംഘിക്കുകയാണ്. അതിൽ ഹമാസും പെടും, പ്രിതി പട്ടേൽ കൂട്ടി ച്ചേർത്തു. അടുത്തയാഴ്ച പാർലമെന്റിൽ വിഷയം ഉന്നയിച്ച് പുതിയ നിയമ ഭോദഗതി നടപ്പിലാക്കുമെന്നും പ്രിതി പട്ടേൽ പറഞ്ഞു. ഹമാസ് അനുകൂല യോഗങ്ങൾ സംഘടിപ്പിക്കുക, ഹമാസ് അനുകൂല ചിത്രങ്ങളും പോസ്റ്റുകളും പ്രചരിപ്പിക്കുക തുടങ്ങിയവ ഇതിലൂടെ നിയമലംഘനമാവും.