Top

'യാത്ര ചെയ്യാന്‍ പാമ്പും'; രക്ഷയില്ലാതെ വിമാനം തിരിച്ചിറക്കി അധികൃതര്‍

എയര്‍ക്രാഫ്റ്റിനു മുകളില്‍ വെളിച്ചം കടന്നുവരുന്ന ഭാഗത്താണ് പാമ്പിനെ കണ്ടെത്തിയത്

14 Feb 2022 8:27 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യാത്ര ചെയ്യാന്‍ പാമ്പും; രക്ഷയില്ലാതെ വിമാനം തിരിച്ചിറക്കി അധികൃതര്‍
X

വിമാനത്തില്‍ യാത്ര ചെയ്ത പാമ്പാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയി കൊണ്ടിരിക്കുന്നത്. കോലാലംപൂരില്‍ നിന്നു ടവൗവിലേക്ക് പുറപ്പെട്ട എയര്‍ ഏഷ്യ വിമാനത്തിലാണ് പാമ്പ് കയറിക്കൂടി ഭീതി പടര്‍ത്തിയത്. എയര്‍ക്രാഫ്റ്റിനു മുകളില്‍ വെളിച്ചം കടന്നുവരുന്ന ഭാഗത്താണ് പാമ്പിനെ കണ്ടെത്തിയത്. തുടര്‍ന്ന് ടവൗവിലേക്ക് പുറപ്പെട്ട വിമാനം കുച്ചിങ്ങ് എയര്‍പോര്‍ട്ടില്‍ ഇറക്കേണ്ടി വന്നു. വിമാനത്തില്‍ യാത്ര ചെയ്യുന്ന പാമ്പിന്റെ ദൃശ്യങ്ങള്‍ ഓരാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വൈറല്‍ ആയത്.

അതേസമയം പാമ്പ് എങ്ങനെയാണ് വിമാനത്തില്‍ കയറിയത് എന്ന് ഇതുവരെയും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. വിമാനത്താവളത്തില്‍ നിന്നും കയറിക്കൂടിയതോ, ഏതെങ്കിലും യാത്രക്കാരുടെ ബാഗില്‍ പതിയിരുന്നതോ ആവാം എന്നാണ് നിഗമനം.

വിമാനത്തില്‍ പാമ്പിനെ കണ്ടതോടെ ക്യാപ്റ്റന്‍ വിമാനം അടുത്ത വിമാനത്താവളത്തിലേക്ക് തിരിച്ചിറക്കി. യാത്രക്കാര്‍ക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്നും സുരക്ഷിതരായിരുന്നുവെന്നും എയര്‍ലൈന്‍ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ ലിയോങ് ടിയെന്‍ ലിംങ്ങ് പ്രതികരിച്ചു.


Next Story