Top

'കണ്ണീരുറച്ച നിമിഷങ്ങൾ'; യുക്രൈനിൽ നിന്നുള്ള ആദ്യ ദൗത്യ വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടു, 30 മലയാളികൾ

രണ്ടാം ദൗത്യത്തിനായി റൊമാനിയയിലേക്ക് വിമാനം തിരിച്ചിട്ടുണ്ട്.

26 Feb 2022 9:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കണ്ണീരുറച്ച നിമിഷങ്ങൾ; യുക്രൈനിൽ നിന്നുള്ള ആദ്യ ദൗത്യ വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടു, 30 മലയാളികൾ
X

യുക്രൈനിൽ യുദ്ധം തുടങ്ങിയതിന് പിന്നാലെ കുടുങ്ങിയ ഇന്ത്യക്കാരുമായുള്ള ആദ്യ ദൗത്യ വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടു. 219 യാത്രക്കാരുമായി പുറപ്പെട്ട ദൗത്യ വിമാനം മുംബൈയിലാണ് പറന്നിറങ്ങുക. ഇന്ന് അർദ്ധരാത്രിയോടെ വിമാനം എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംഘത്തെ സ്വീകരിക്കാൻ പീയുഷ് ഗോയൽ മുംബൈയിലെത്തും. റഷ്യ ആക്രമണം ശക്തമാക്കിയതിന് പിന്നാലെ ഇന്ത്യയിലേക്ക് തിരിക്കുന്ന ആദ്യ വിമാനമാണിത്. രണ്ടാം ദൗത്യത്തിനായി റൊമാനിയയിലേക്ക് വിമാനം തിരിച്ചിട്ടുണ്ട്.

ഡൽഹിയിൽ നിന്നും ഹംഗറിയിലേക്കുള്ള വിമാനം 9 മണിയോടെ പുറപ്പെടുമെന്നാണ് സൂചന. ഹംഗറിയിൽ നിന്നും 1.15 ഓടെ വിമാനം ഇന്ത്യയിലേക്ക് തിരിക്കുക എന്ന രീതിയിലാണ് സമയക്രമീകരണങ്ങൾ. വന്ദേ ഭാരത് മിഷന്റെ കീഴിലാണ് 256 സീറ്റുകളുള്ള ബോയിംഗ് 787 വിമാനങ്ങൾ സർവീസ് നടത്തുകയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം രക്ഷാദൗത്യങ്ങൾ വിലയിരുത്താനായി ഇന്ന് കേന്ദ്ര മന്ത്രിസഭായോഗം ചേരും. സുരക്ഷാ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായാണ് യോഗം ചേരുന്നത്. യുക്രൈൻ സാഹചര്യങ്ങളെ യോഗം വിലയിരുത്തും.

30 ലേറെ മലയാളികൾ വിമാനത്തിലുണ്ടെന്നാണ് വിവരം. യുക്രെയിനിൽ നിന്നും കേന്ദ്രസർക്കാരിന്റെ ദൗത്യ വിമാനങ്ങളിൽ ഡൽഹി, മുംബൈ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലെത്തുന്ന വിദ്യാർത്ഥികൾക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകൾ സംസ്ഥാന സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെത്തുന്ന മലയാളികളുടെ വിവരങ്ങൾ മുൻകൂട്ടി ലഭ്യമാകാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

വിമാനത്താവളത്തിലെത്തുന്ന വിദ്യാർത്ഥികളെ സ്വീകരിച്ച് നാട്ടിലേയ്ക്കുള്ള യാത്ര സുഗമമാക്കാൻ വേണ്ട നടപടികൾ റെസിഡന്റ് കമ്മീഷണറും നോർക്ക ഉദ്യോഗസ്ഥരും കൈക്കൊള്ളും. കേരളത്തിലെ വിമാനത്താവളങ്ങളിൽ എത്തുന്ന വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിനും അവശ്യ സൗകര്യങ്ങൾ ഒരുക്കുന്നതിനും ജില്ലാ കലക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

STORY HIGHLIGHTS: First rescue flight from Ukraine left for India with 30 Malayalees

Next Story