Top

ട്വിറ്റര്‍ കോടതിയില്‍; പറഞ്ഞ വിലയ്ക്ക് തന്നെ ട്വിറ്റര്‍ ഏറ്റെടുക്കാന്‍ തയ്യാറെന്ന് ഇലോണ്‍ മസ്‌ക്

വില നിശ്ചയിച്ച് വാങ്ങാന്‍ തീരുമാനിക്കുകയും പിന്നീട് അതില്‍ നിന്ന് മസ്‌ക് പിന്മാറുകയും ചെയ്തിരുന്നു

5 Oct 2022 4:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ട്വിറ്റര്‍ കോടതിയില്‍; പറഞ്ഞ വിലയ്ക്ക് തന്നെ ട്വിറ്റര്‍ ഏറ്റെടുക്കാന്‍ തയ്യാറെന്ന് ഇലോണ്‍ മസ്‌ക്
X

വാഷിങ്ടണ്‍: നേരത്തെ പറഞ്ഞ വിലയ്ക്ക് തന്നെ ട്വിറ്റര്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. ട്വിറ്റര്‍ കമ്പനിക്ക് അയച്ച കത്തിലാണ് മാസങ്ങള്‍ക്ക് മുമ്പ് താന്‍ മുന്നോട്ടുവെച്ച അതേ വിലയ്ക്ക് തന്നെ ഓഹരി വാങ്ങാനുള്ള തീരുമാനം മസ്‌ക് വീണ്ടും അറിയിച്ചിരിക്കുന്നത്. വില നിശ്ചയിച്ച് വാങ്ങാന്‍ തീരുമാനിക്കുകയും പിന്നീട് അതില്‍ നിന്ന് മസ്‌ക് പിന്മാറുകയും ചെയ്തിരുന്നു.

ഒരു ഓഹരിക്ക് 54.20 ഡോളര്‍ എന്ന വിലയാണ് കരാര്‍ പ്രകാരം അംഗീകരിച്ചിരിക്കുന്നതെന്ന് ട്വിറ്റര്‍ വ്യക്തമാക്കി. ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള മസ്‌കിന്റെ നീക്കം കഴിഞ്ഞമാസം ഓഹരിയുടമകള്‍ അംഗീകരിച്ചിരുന്നു. ഓഹരിയുടമകളുടെ അംഗീകാരം ട്വിറ്ററിന് നിയമപോരാട്ടവുമായി മുന്നോട്ടു പോകാന്‍ സഹായകമായി. ഇതിനിടെയാണ് നേരത്തെ നിശ്ചയിച്ച വിലയ്ക്ക് തന്നെ ട്വിറ്റര്‍ ഏറ്റെടുക്കുമെന്ന് അറിയിച്ച് മസ്‌ക് മുന്നോട്ടുവന്നിരിക്കുന്നത്. നിലപാട് മാറ്റി കമ്പനി ഏറ്റെടുക്കാനുള്ള തീരുമാനവുമായി ടെസ്ല സ്ഥാപകന്‍ മുന്നോട്ടുവന്നതോടെ ട്വിറ്ററിന്റെ ഓഹരി വില കുതിച്ചുകയറി.

3.67 ലക്ഷം കോടി രൂപയ്ക്കാണ് (4400 കോടി ഡോളര്‍) കമ്പനി ഏറ്റെടുക്കാന്‍ മസ്‌ക് കരാര്‍ ഒപ്പുവെച്ചത്. ജൂലൈയിലാണ് ട്വിറ്റര്‍ വാങ്ങാനുള്ള കരാര്‍ അവസാനിപ്പിക്കുകയാണെന്ന് മസ്‌ക് പ്രഖ്യാപിച്ചത്. ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകളുടെ എണ്ണം സംബന്ധിച്ച യഥാര്‍ത്ഥ കണക്കുകള്‍ നല്‍കണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടും നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മസ്‌കിന്റെ പിന്മാറ്റം.

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനിയായ ട്വിറ്റര്‍ ഉടമ്പടി പ്രകാരം മസ്‌കിന് സ്വന്തമാകുമ്പോള്‍ പൂര്‍ണമായും സ്വകാര്യ കമ്പനിയായി മാറും. അതിനായി മസ്‌ക് മുടക്കുന്നത് ഏകദേശം 4500 കോടി ഡോളറാണ്.

Story highlights: Elon Musk is ready to take over Twitter for the said price

Next Story