Top

'കൊവിഡ് ബാധിച്ച കൗമാരക്കാരില്‍ പെട്ടെന്ന് പ്രായം കൂടുന്നു'; മാനസികപ്രശ്‌നങ്ങള്‍ വര്‍ധിച്ചതായും പഠനങ്ങള്‍

കൗമാരക്കാരില്‍ വരുന്ന മാറ്റങ്ങള്‍ കൊവിഡിന് ശേഷം കൂടുതല്‍ പ്രകടമായി വന്നിരിക്കുകയാണ്

2 Dec 2022 12:11 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊവിഡ് ബാധിച്ച കൗമാരക്കാരില്‍ പെട്ടെന്ന് പ്രായം കൂടുന്നു; മാനസികപ്രശ്‌നങ്ങള്‍ വര്‍ധിച്ചതായും പഠനങ്ങള്‍
X

വാഷിങ്ങ്ടണ്‍: കൊവിഡ് വന്നുപോയ കൗമാരക്കാരില്‍ അകാല വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ തെളിയിക്കുന്ന പുതിയ ഗവേഷണ പഠനങ്ങള്‍ പുറത്ത്. പ്രായമാകലിലെ അസാധാരണ വേഗത്തിനൊപ്പം കൊവിഡ് മാനസിക പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ടെന്നും പരിശോധനകളില്‍ തെളിഞ്ഞു. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ മനഃശാസ്ത്ര പ്രൊഫസറായ ഇയാന്‍ ഗോട്ട്‌ലിബാണ് പഠനത്തിന് മുന്‍കൈയെടുത്തത്.

യുഎസില്‍ കൊവിഡ് മഹാമാരിക്ക് മുമ്പ് 2016 നവംബര്‍ മാസം മുതല്‍ 2019 നവംബര്‍ മാസം വരെയുള്ള 81 കൗമാരക്കാരുടെ എംആര്‍ഐ സ്‌കാനിങ്ങ് വിവരങ്ങള്‍ ഗവേഷകര്‍ ശേഖരിച്ചിരുന്നു. ഇവയെ 2020 ഒക്ടോബര്‍ മാസം മുതല്‍ 2022 മാര്‍ച്ച് മാസം വരെയുള്ള 81 കൗമാരക്കാരുടെ എംആര്‍ഐ സ്‌കാനുമായി താരതമ്യപ്പെടുത്തി. കൊവിഡിന്റെ ഭാഗമായുള്ള ലോക്ഡൗണിന് ശേഷമാണ് ഇത്തരത്തിലുള്ള പഠനം നടത്തിയത്.

താരതമ്യപ്പെടുത്തിയതിന് ശേഷം പഠനത്തില്‍ ഉള്‍പ്പെട്ട കൗമാരക്കാരുടെ തലച്ചോറില്‍ സംഭവിച്ച മാറ്റങ്ങള്‍, കോര്‍ട്ടെക്‌സിന്റെ കനം കുറയല്‍, ഹിപ്പോകാമ്പസ്, അമിഗ്ഡാല എന്നിവയുടെ വളര്‍ച്ച ലോക്ഡൗണിന് ശേഷമുള്ള കാലഘട്ടത്തില്‍ കൂടുതലാണെന്ന് ഗവേഷകര്‍ കണ്ടെത്തി. പകര്‍ച്ചവ്യാധിക്ക് മുമ്പുള്ളവരേക്കാള്‍ രോഗം ബാധിച്ചവരില്‍ ഇത്തരം ലക്ഷണങ്ങള്‍ വളരെ വേഗത്തിലാണ് പ്രകടമായത്.

പ്രായാധിക്യം വരുന്നതിലെ വ്യത്യാസം ഏകദേശം മൂന്ന് വര്‍ഷത്തോളമായിരുന്നു. ലോക്ഡൗണ്‍ ഒരു വര്‍ഷത്തില്‍ താഴെയായിരുന്നതിനാല്‍ വലിയ വര്‍ദ്ധനവ് പ്രതീക്ഷിച്ചിരുന്നില്ല എന്ന് ഇയാന്‍ ഗോട്ട്‌ലിബ് പറഞ്ഞു. അതേ സമയം ഉത്കണ്ഠ, വിഷാദം, ആന്തരിക പ്രശ്‌നങ്ങള്‍ എന്നിവയുടെ ഗുരുതര ലക്ഷണങ്ങള്‍ ഉള്‍പ്പെടെ, വലിയ മാനസികാരോഗ്യ ബുദ്ധിമുട്ടുകള്‍ ലോക്ക്ഡൗണിന് ശേഷമുള്ളവരില്‍ കാണുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നുണ്ടായ സമ്മര്‍ദ്ദം കൗമാരക്കാരുടെ മാനസിക ആരോഗ്യത്തില്‍ ആഘാതം വരുത്തുന്നതായും ശാരീരികമായ മാറ്റങ്ങള്‍ക്ക് അവ വഴിതെളിയിക്കുന്നുവെന്നും പഠനങ്ങളില്‍ നിന്ന് വ്യക്തമാണെന്ന് ഗവേഷക ശാസ്ത്രജ്ഞന്‍ ഗോഡ്‌ലിബ് ചൂണ്ടിക്കാട്ടി. പ്രായമായവരില്‍ ഇത്തരം മാറ്റങ്ങള്‍ സ്വാഭാവികമാണ്. പക്ഷേ കൗമാരക്കാരില്‍ വരുന്ന മാറ്റങ്ങള്‍ കൊവിഡിന് ശേഷം കൂടുതല്‍ പ്രകടമായി വന്നിരിക്കുകയാണ്. പകര്‍ച്ചവ്യാധി ബാധിക്കുന്ന സമയത്ത് കൗമാരക്കാരിലെ ഉത്കണ്ഠയും വിഷാദവും വര്‍ദ്ധിക്കുന്ന സാഹചര്യമാണുള്ളതെന്ന് ലണ്ടനിലെ ബിര്‍ക്ക്‌ബെക്ക് യൂണിവേഴ്‌സിറ്റിയിലെ കോഗ്‌നിറ്റീവ് ന്യൂറോ സയന്‍സ് പ്രൊഫസര്‍ മൈക്കല്‍ തോമസും കൂട്ടിച്ചേര്‍ക്കുന്നു.

Story Highlights: Covid-affected teenagers age quickly

Next Story