എട്ട് വര്‍ഷം മുമ്പ് മോഷണം പോയ ബൈക്ക് ; ഇപ്പോള്‍ ഉപയോഗിക്കുന്നത് പൊലീസുകാര്‍
ലാഹോറിലെ മുഗള്പുരയില് നിന്ന് എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇമ്രാന്റെ ഹോണ്ട സിഡി 70 ബൈക്ക് മോഷണം പോയത്.
6 Jun 2022 12:03 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ലക്നൗ: എട്ട് വര്‍ഷം മുമ്പ് മോഷണം പോയ ബൈക്കിന്റെ പേരിലുള്ള ഇ ചെലാന്‍ വന്നപ്പോള്‍ ഞെട്ടി പാകിസ്ഥാന് സ്വദേശിയായ ഇമ്രാന്. ചെലാന്‍ വിശദമായി പരിശോധിച്ചപ്പോഴാണ് മോഷണം പോയ ബൈക്ക് ഉപയോഗിക്കുന്നത് സ്ഥലത്തെ പൊലീസുകാരാണെന്ന് ഇമ്രാന് മനസിലായത്. പാകിസ്ഥാന് മാധ്യമമായ ദ എക്സ്പ്രസ് ട്രിബ്യൂണാണ് ഇമ്രാന്റെ ദുരനുഭവം പുറത്തുവിട്ടത്.
ലാഹോറിലെ മുഗള്പുരയില് നിന്ന് എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇമ്രാന്റെ ഹോണ്ട സിഡി 70 ബൈക്ക് മോഷണം പോയത്. സംഭവത്തില്‍ പരാതി നല്‍കുകയും പൊലീസ് അന്വേഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബൈക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ലഭിച്ച ഇ ചെലാനിൻ്റെ പുറകെ പോയപ്പോഴാണ് തന്റെ ബൈക്ക് പൊലീസുകാരാണ് ഓടിക്കുന്നതെന്ന കാര്യം ഇമ്രാന് അറിഞ്ഞത്.
ചീഫ് സിവിലിയന്‍ പേഴ്സണല്‍ ഓഫീസര്‍ വഴി പൊലീസുകാര്‍ തന്റെ ബൈക്ക് ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഇമ്രാന് നല്കിയ അപേക്ഷയില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഇതിനിടെ ബൈക്ക് യാത്രികര്‍ ട്രാഫിക് നിയമം ലംഘിച്ചെന്ന് കാണിച്ച് ഇ ചെലാന്‍ അയക്കുന്നത് നിയമ വിരുദ്ധമാണെന്ന് ലാഹോര്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പഞ്ചാബ് സേഫ് സിറ്റീസ് അതോറിറ്റിയുടെ സി സി ടി വി ദൃശ്യങ്ങളില്‍ നിന്നാണ് ഇ ചെലാന്‍ അയക്കുന്നതെന്നും ഇതിന് മന്ത്രിസഭയുടെ അനുമതിയില്ലെന്നുമാണ് പാക് പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഗതാഗത നിയമം ലംഘിക്കുന്നവരെ തത്സമയം പിടികൂടി നടപടിയെടുക്കാനാണ് കോടതി നിര്‍ദേശിക്കുന്നത്.നിലവില്‍ പാകിസ്ഥാനില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള ഇ ചെലാനുകള്‍ക്ക് വിലക്കുണ്ട്. പക്ഷേ ഇപ്പോഴും ഇമ്രാന്റെ ബൈക്ക് നഷ്ടപ്പെട്ട കാര്യത്തില്‍ ഒരു തീരുമാനവുമായിട്ടില്ല.
story highlights: Bike stolen eight years ago; Now used by the police