Top

'ഗാര്‍ഹിക പീഡനക്കേസുകളില്‍പ്പെട്ടവര്‍ക്ക് തോക്കില്ല'; തോക്ക് നിയന്ത്രണ ബില്ലില്‍ ജോ ബൈഡന്‍ ഒപ്പുവെച്ചു

25 Jun 2022 11:03 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗാര്‍ഹിക പീഡനക്കേസുകളില്‍പ്പെട്ടവര്‍ക്ക് തോക്കില്ല; തോക്ക് നിയന്ത്രണ ബില്ലില്‍ ജോ ബൈഡന്‍ ഒപ്പുവെച്ചു
X

വാഷിംഗ്ടണ്‍: അമേരിക്കയില്‍ തോക്ക് നിയന്ത്രണ ബില്ലില്‍ ഒപ്പുവെച്ച് പ്രസിഡന്റ് ജോ ബൈഡന്‍. പാര്‍ലമെന്റിന്റെ ഇരു സഭകളിലും പാസായതിന് പിന്നാലെയാണ് ബൈഡന്‍ ബില്ലില്‍ ഒപ്പുവെച്ച് നിയമമാക്കിയത്. മുപ്പത് വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു നീക്കമെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തോക്കിന്റെ ലഭ്യതയില്‍ കുറവ് വന്നാലേ ജീവനുകളെ രക്ഷിക്കാന്‍ കഴിയൂവെന്ന് ജോ ബൈഡന്‍ പറഞ്ഞു. 'ഞാന്‍ ആഗ്രഹിക്കുന്നത് എല്ലാം ഈ ബില്‍ നടപ്പിലാക്കില്ല. എന്നാല്‍, ഒട്ടേറെ ജീവനുകള്‍ രക്ഷിക്കാന്‍ ഞാന്‍ ചെയ്യണമെന്ന് ആഗ്രഹിച്ച പലതും ഈ നിയമം മൂലം നടപ്പാവും,' ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

നിയമം നടപ്പാവുന്നതോടെ 21 വയസ്സില്‍ താഴെയുള്ളവര്‍ക്ക് തോക്ക് ലഭിക്കാന്‍ കര്‍ശന നിബന്ധനകളുണ്ടാവും. തോക്ക് അനുവദിക്കുന്നതിന് മുമ്പ് അപേക്ഷകരുടെ പശ്ചാത്തലം വിശദമായി പരിശോധിക്കും. ഗാര്‍ഹിക പീഡനക്കേസുകളില്‍പ്പെട്ടവര്‍ക്ക് തോക്ക് നല്‍കില്ല. അപകടകാരികളായ വ്യക്തികളില്‍ നിന്ന് സംസ്ഥാന ഭരണകൂടത്തിന് തോക്ക് പിടിച്ചെടുക്കാനുള്ള അധികാരവും ബില്‍ നല്‍കുന്നു. മാനസികാരോഗ്യം മെച്ചപ്പെടുത്താനും സ്‌കൂളുകളുടെ സുരക്ഷയ്ക്കായും ഫണ്ട് അനുവദിക്കുമെന്നും വ്യക്തമാക്കുന്നു.

കഴിഞ്ഞ വ്യാഴാഴ്ച തോക്ക് നിയന്ത്രണ ബില്‍ യുഎസ് സെനറ്റ് പാസാക്കിയിരുന്നു. വെള്ളിയാഴ്ച യുഎസ് കോണ്‍ഗ്രസും അംഗീകരിച്ചു. 193നെതിരെ 234 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. പാര്‍ട്ടി ഭേദമന്യേ റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങളും ബില്ലിനെ അനുകൂലിച്ചു. സ്‌കൂളുകളിലുള്‍പ്പെടെ വെടിവെപ്പും മരണങ്ങളും വര്‍ധിച്ച സാഹചര്യത്തിലായിരുന്നു തോക്ക് ഉപയോഗത്തിന് നിയന്ത്രണം കൊണ്ടുവരാന്‍ ബൈഡന്‍ ഭരണകൂടം തീരുമാനിച്ചത്.

STORY HIGHLIGHTS: Biden Signs US Gun Control Law

Next Story