Top

ഉപരോധം കടുപ്പിച്ചു; ഇത് റഷ്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് മറ്റൊരു തകർപ്പൻ പ്രഹരമായിരിക്കും; അമേരിക്ക

വ്യാപാര സൗഹൃദരാജ്യ പട്ടികയില്‍ നിന്ന് റഷ്യയെ ഒഴിവാക്കുമെന്ന് അമേരിക്ക അറിയിച്ചു. റഷ്യയില്‍ നിന്നും വോഡ്ക, വജ്രം, സമുദ്ര ഭക്ഷ്യ വിഭവങ്ങൾ എന്നിവയുടെ ഇറക്കുമതി അമേരിക്ക നിരോധിച്ചു

11 March 2022 7:34 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉപരോധം കടുപ്പിച്ചു; ഇത് റഷ്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് മറ്റൊരു തകർപ്പൻ പ്രഹരമായിരിക്കും; അമേരിക്ക
X

പതിനേഴാം ദിവസമായി യുക്രെയ്നിൽ ആക്രമണം നടത്തിക്കൊണ്ടിരിക്കുന്ന റഷ്യയ്‌ക്കെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക. വ്യാപാര സൗഹൃദരാജ്യ പട്ടികയില്‍ നിന്ന് റഷ്യയെ ഒഴിവാക്കുമെന്ന് അമേരിക്ക അറിയിച്ചു. റഷ്യയില്‍ നിന്നും വോഡ്ക, വജ്രം, സമുദ്ര ഭക്ഷ്യ വിഭവങ്ങൾ എന്നിവയുടെ ഇറക്കുമതി അമേരിക്ക നിരോധിച്ചു. അതേസമയം റഷ്യയുമായി നേരിട്ട് യുദ്ധത്തിനില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി.

അമേരിക്കയുടെ ഉപരോധം റഷ്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് മറ്റൊരു തകർപ്പൻ പ്രഹരമായിരിക്കുമെന്നാണ് ബൈഡൻ അറിയിച്ചിരിക്കുന്നത്. ഇത്തരം നീക്കങ്ങൾ തങ്ങള്‍ തുടരുമെന്നും അമേരിക്ക അറിയിച്ചു. അതേസമയം യുക്രെയ്നിലെ റഷ്യൻ അധിനിവേശം തടയാൻ റഷ്യയുമായി നേരിട്ട് അമേരിക്ക യുദ്ധത്തിനിറങ്ങുമെന്ന പ്രചരണത്തെ ബൈഡൻ നിഷേധിച്ചു.

റഷ്യക്കെതിരെ ഉപരോധങ്ങള്‍ തുടര്‍ച്ചയായി പ്രഖ്യാപിച്ചു കൊണ്ടിരിക്കുന്ന യുഎസിനും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും റഷ്യ മറുപടിയും നല്‍കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇരുനൂറിലധികം വിദേശനിര്‍മിത വസ്തുക്കളുടെ കയറ്റുമതി റഷ്യ നിരോധിച്ചു. മറ്റു രാജ്യങ്ങളില്‍ നിന്ന് നേരത്തെ റഷ്യയിലേക്ക് ഇറക്കുമതി ചെയ്ത കാറുകള്‍, ടെലികോം, ടെക്‌നോളജി, കൃഷി മേഖലകളിലെ ഉല്‍പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഉപരോധങ്ങള്‍ വർധിച്ചത് മൂലം ഊര്‍ജമേഖലയില്‍ വിലക്കയറ്റമുണ്ടായതോടെ യൂറോപ്പിലെ സ്റ്റീല്‍, രാസവള ഫാക്ടറികളുടെയും പേപ്പര്‍ മില്ലുകളുടെയും പ്രവർത്തനം നിലച്ച് തുടങ്ങി. റഷ്യയില്‍ നിന്നും യുക്രെയ്നില്‍ നിന്നുമുള്ള എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും ലഭ്യത കുറഞ്ഞതും, റഷ്യയില്‍ നിന്ന് ഇവ വാങ്ങുന്നത് യുഎസ് വേണ്ടെന്നു വച്ചതുമാണ് പെട്ടെന്നുള്ള വിലക്കയറ്റത്തിനു കാരണം.

യുക്രെയ്നിൽ രാസായുധം പ്രയോഗിച്ചാൽ റഷ്യ "കടുത്ത വില" നൽകേണ്ടി വരുമെന്നും ബൈഡൻ വ്യക്തമാക്കി. നാറ്റോ സഖ്യത്തെ പിണക്കുന്ന അത്തരം നീക്കങ്ങൾ മൂന്നാം ലോക മഹായുദ്ധത്തിനു കാരണമാകുമെന്നും ബൈഡൻ ചൂണ്ടിക്കാട്ടി. "യുക്രെയ്നിൽ റഷ്യക്കെതിരെ യുദ്ധം ചെയ്യില്ല. നാറ്റോയും റഷ്യയും തമ്മിലുള്ള സംഘർഷം മൂന്നാം ലോകമഹായുദ്ധമാണ്. അത് തടയാൻ നമ്മൾ ശ്രമിക്കണം," ബൈഡൻ പറഞ്ഞു. റഷ്യൻ ആക്രമണത്തിനെതിരെ നാറ്റോ ഇടപെടണമെന്ന് യുക്രെയ്ൻ ആവശ്യമുന്നയിക്കുന്നതിനിടെയാണ് ബൈഡൻ നിലപാടു വ്യക്തമാക്കിയത്.

story highlights: Biden revokes Russia's nation trading status

Next Story

Popular Stories