Top

റോഹിം​ഗ്യൻ അഭയാർത്ഥികളുടെ മാറ്റിപ്പാർപ്പിക്കൽ പുനരാരംഭിച്ച് ബം​ഗ്ലാദേശ്; മാറ്റുന്നത് അപകടം നിറഞ്ഞ ദ്വീപിലേക്ക്

25 Nov 2021 7:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റോഹിം​ഗ്യൻ അഭയാർത്ഥികളുടെ മാറ്റിപ്പാർപ്പിക്കൽ പുനരാരംഭിച്ച് ബം​ഗ്ലാദേശ്; മാറ്റുന്നത് അപകടം നിറഞ്ഞ ദ്വീപിലേക്ക്
X

റോഹി​ഗ്യൻ അഭയാർത്ഥികളെ ബം​ഗാൾ ഉൾക്കടലിലെ വിദൂര ദ്വീപിലേക്ക് മാറ്റിപ്പാർപ്പിക്കുന്നത് പുനരാരംഭിച്ച് ബം​ഗ്ലാദേശ്. വെള്ളപ്പൊക്ക സാധ്യതയുള്ള ദ്വീപിലേക്ക് ഇവരെ മാറ്റുന്നതിൽ അന്താരാഷ്‌ട്ര തലത്തിൽ വിമർശനമുയരുന്നതിനിടെയാണ് നടപടികളുമായി ബം​ഗ്ലാദേശ് മുന്നോ‌ട്ട് പോവുന്നത്. ഈ ആഴ്ച 2000 പേരെ ദ്വീപിലേക്ക് മാറ്റാനാണ് പദ്ധതി. പടിപടിയായി ഒരു ലക്ഷത്തോളം റോഹിംങ്ക്യൻ വംശജരെ ഈ ദ്വീപിലേക്ക് മാറ്റിപ്പാർപ്പിക്കാനാണുദ്ദേശിക്കുന്നത്.

ബം​ഗ്ലാദേശ് തീരത്തു നിന്നും 60 കിലോ മീറ്റർ അകലെയുള്ള ഭഷൻ ചാർ എന്ന ദ്വീപിലേക്കാണ് ഇവരെ മാറ്റുന്നത്. നിലവിൽ 19000 ത്തിലേറെ റോഹിം​ഗ്യൻ അഭയാർത്ഥികൾ ഈ ദ്വീപിലുണ്ട്. അതിശക്തമായ ചുഴലിക്കാറ്റ് ഭീഷണിയുള്ള ദ്വീപാണിത്. ദ്വീപിലെ ചുഴലിക്കാറ്റിൽ പെട്ട് കഴിഞ്ഞ 50 വർഷത്തിനിടെ 10 ലക്ഷം പേർ മരിച്ചെന്നാണ് കണക്കുകൾ. അതിനാൽ ആരും പോവാൻ ഭയക്കുന്ന ദ്വീപാണിത്. കൊടുങ്കാറ്റിനെ പ്രതിരോധിക്കാനുള്ള ഭിത്തികൾ ഇവിടെ ബം​ഗ്ലാദേശ് സർക്കാർ നിർമ്മിക്കുന്നുണ്ട്. ഇതിന്റെ നിർമാണവുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ വർഷം ദ്വീപിലേക്കുള്ള റോഹിം​ഗ്യൻ മാറ്റിപ്പാർപ്പിക്കൽ നിർത്തി വെച്ചത്.

അതേസമയം ദ്വീപിലേക്ക് മാറ്റുന്നതിൽ റോഹി​ഗ്യൻ അഭയാർത്ഥികളിൽ ചിലർ എതിർപ്പറിയിച്ചിട്ടുണ്ട്. തങ്ങളുടെ സമ്മതമില്ലാതെയാണ് മാറ്റിപ്പാർപ്പിക്കുന്നതെന്നും അപക‌ടകരമായ ദ്വീപിൽ തങ്ങളുടെ ജീവിതം ഇതിനേക്കാൾ ദുരിതം നിറഞ്ഞതാവുമെന്നും ഇവർ പറയുന്നു.


Next Story

Popular Stories