യുക്രൈനില്‍ നിന്ന് പൗരന്മാരെ തിരിച്ചു വിളിച്ച് അമേരിക്ക
റഷ്യന്‍ അധിനിവേശമുണ്ടായാല്‍ അമേരിക്ക പൗരന്മാരെ ഒഴിപ്പിക്കാന്‍ യുക്രൈനിലേക്ക് സൈന്യത്തെ അയക്കില്ലെന്നും ബൈഡന്
11 Feb 2022 8:28 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

യുക്രൈന്- റഷ്യ പ്രതിസന്ധി സന്ധിയില്ലാതെ തുടരുന്ന സാഹചര്യത്തില്‍ യുക്രൈനിലുള്ള പൗരന്മാരെ തിരിച്ചുവിളിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. ഉടന്‍ തന്നെ യുക്രൈന് വിടണമെന്നാണ് പൗരന്മാര്ക്ക് ബൈഡന്റെ നിര്‍ദേശം. ലോകത്തിലെ എറ്റവും വലിയ സൈനിക ശക്തിക്കെതിരെയാണ് നമ്മള് ഇടപെടുന്നതെന്നും റഷ്യന്‍ അധിനിവേശമുണ്ടായാല്‍ അമേരിക്ക പൗരന്മാരെ ഒഴിപ്പിക്കാന്‍ യൂക്രൈനിലേക്ക് സൈന്യത്തെ അയക്കില്ലെന്നും ബൈഡന് അറിയിച്ചു. വളരെ വ്യത്യസ്ഥമായ സാഹചര്യമാണെന്നും കാര്യങ്ങള്‍ പെട്ടെന്ന് വഷളായേക്കാമെന്നും ബൈഡന് എന്‍ ബി സി ന്യൂസുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കി.
യുക്രൈന്- റഷ്യ ബന്ധം ഏറ്റവും മോശമായ അവസ്ഥയിലാണെന്നും ഏത് നിമിഷവും റഷ്യ യുക്രൈനെ ആക്രമിച്ചെക്കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബെല്‍ജിയത്തിലെ നാറ്റൊ സഖ്യസേന തലവനുമായി നടത്തിയ ചര്‍ച്ചയില്‍ പറഞ്ഞു.
അതേസമയം തങ്ങളുടെ സുരക്ഷ പ്രധാനമാണെന്നും അതിക്രമിച്ചാല്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.