Top

ഷൂട്ടിനിടെ കാര്‍ അപകടം; ഫ്‌ളിന്റോഫിനെ എയര്‍ ലിഫ്റ്റ് ചെയ്ത് ആശുപത്രിയിലെത്തിച്ചു

ആശുപത്രിയിലേക്ക് കൊണ്ടുപോകും മുമ്പ് സംഭവസ്ഥലത്ത് വെച്ച് തന്നെ വൈദ്യസഹായം നല്‍കിയെന്നും വൈകാതെ തന്നെ ചികിത്സ ലഭ്യമാക്കിയതായും ബിബിസി വക്താവ് പറഞ്ഞു

14 Dec 2022 5:18 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഷൂട്ടിനിടെ കാര്‍ അപകടം;  ഫ്‌ളിന്റോഫിനെ എയര്‍ ലിഫ്റ്റ് ചെയ്ത് ആശുപത്രിയിലെത്തിച്ചു
X

ലണ്ടന്‍: മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് താരം ആന്‍ഡ്രൂ ഫ്‌ളിന്റോഫിന് പരുക്കേറ്റതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച്ച രാവിലെ ബിബിസിയുടെ 'ടോപ്പ് ഗിയര്‍' ഷോയുടെ ഒരു എപ്പിസോഡിന്റെ ചിത്രീകരണത്തിനിടെ കാര്‍ അപകടത്തില്‍ പെടുകയായിരുന്നു എന്നാണ് വിവരം. പരുക്കേറ്റ ആന്‍ഡ്രൂവിനെ എയര്‍ ലിഫ്റ്റ് ചെയ്ത് ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകും മുമ്പ് സംഭവസ്ഥലത്ത് വെച്ച് തന്നെ വൈദ്യസഹായം നല്‍കിയെന്നും വൈകാതെ തന്നെ ചികിത്സ ലഭ്യമാക്കിയതായും ബിബിസി വക്താവ് പറഞ്ഞു.

'അദ്ദേഹത്തിന്റെ പരുക്കുകള്‍ ജീവന് ഭീഷണിയുള്ളതല്ല. കൂടുതല്‍ വിവരങ്ങള്‍ യഥാസമയം അറിയിക്കും. ഷോയുടെ ചിത്രീകരണം മാറ്റിവച്ചു. ഫ്രെഡി സുഖം പ്രാപിക്കുന്നതിനെക്കുറിച്ചാണ് എല്ലാവരും ശ്രദ്ധിക്കുന്നത്,' ' ബിബിസി വക്താവ് വ്യക്തമാക്കി.

ഇയാന്‍ ബോട്ടത്തിന് ശേഷം ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്നയാളാണ് ഫ്‌ളിന്റോഫ്‌. ഇംഗ്ലണ്ടിനായി 79 ടെസ്റ്റുകളിലും 141 ഏകദിനങ്ങളിലും ഏഴ് ടി20 കളിലും കളിച്ചു. 7,000ത്തിലധികം റണ്‍സ് നേടുകയും വിവിധ ഫോര്‍മാറ്റുകളിലായി 400 വിക്കറ്റുകള്‍ നേടുകയും ചെയ്തിട്ടുണ്ട്. 2010ലാണ് ആന്‍ഡ്രൂ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.

2005ലും 2009ലും ഇംഗ്ലണ്ട് ആഷസ് പരമ്പര നേടുന്നതില്‍ ഫഌന്റോഫ് പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. പിന്നീട് ബോക്‌സിങ്ങ് റിങ്ങില്‍ അരങ്ങേറി. ശേഷം ടി20 ലീഗുകളില്‍ സജീവമായി. അതിനിടെ സ്വന്തമായി ഫാഷന്‍ ബ്രാന്‍ഡ് രൂപീകരിച്ചു. 2019ലാണ് ബിബിസി വണ്ണിന്റെ ടോപ് ഗിയറിന്റെ അവതാരകനാകുന്നത്.

STORY HIGHLIGHTS: Andrew Flintoff airlifted to hospital after car crash injuries not life threatening Reports

Next Story