Top

'ബഹുമാനത്തോടെ സന്ദർശിച്ചിരുന്ന ഇടം, ഇപ്പോഴിവിടെ കാർണിവൽ'; ഹാ​ഗിയ സോഫിയയിൽ നാശനഷ്ടങ്ങളെന്ന് റിപ്പോർട്ട്

29 Jun 2022 5:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബഹുമാനത്തോടെ സന്ദർശിച്ചിരുന്ന ഇടം, ഇപ്പോഴിവിടെ കാർണിവൽ; ഹാ​ഗിയ സോഫിയയിൽ നാശനഷ്ടങ്ങളെന്ന് റിപ്പോർട്ട്
X

ഇസ്താംബൂൾ: തുര്‍ക്കിയിൽ ചരിത്ര സ്മാരകവും മുൻ ക്രിസ്ത്യൻ ആരാധനാലയവുമായിരുന്ന ഹാഗിയ സോഫിയ മസ്ജിദാക്കി മാറ്റിയ ശേഷം കെട്ടിടത്തിലെ ചരിത്ര പ്രാധാന്യമുള്ള വസ്തുവകകള്‍ക്ക് നാശ നഷ്ടം സംഭവിക്കുന്നതായി റിപ്പോര്‍ട്ട്. തുര്‍ക്കി മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം ഹാഗിയ സോഫിയയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള മാര്‍ബിള്‍ നിലങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. തറ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന മെഷീനുകളാണ് മാര്‍ബിളുകള്‍ക്ക് കേടുപാടുകള്‍ വരാന്‍ കാരണമായത്. സമാനമായി ഏപ്രില്‍ മാസത്തില്‍ ഹാഗിയ സോഫിയയിലെ ചരിത്ര പ്രസിദ്ധമായ ഇംപീരിയല്‍ ഗേറ്റിന് കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

മ്യൂസിയമായിരുന്ന ഹാഗിയ സോഫിയ ആരാധനാലയമാക്കിയതോടെയാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ഹാഗിയ സോഫിയയിലെ ഗൈഡ് പറയുന്നു. 'ഈ ചരിത്ര കെട്ടിടത്തിന് വലിയ നാശ നഷ്ടങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഹാ​ഗിയ സോഫിയ ഒരു മ്യൂസിയമായിരുന്നപ്പോൾ ആളുകൾ അത് വളരെ ബഹുമാനത്തോടെയാണ് സന്ദർശിച്ചിരുന്നത്. ഇപ്പോൾ ഇത് ഒരു കാർണിവൽ പോലെയാണ്,' ​ഗൈഡ് തുർക്കി ദിനപത്രമായ 'cumhuriyet' നോട് പറഞ്ഞു.

ഏപ്രില്‍ മാസത്തില്‍ ഹാഗിയ സോഫിയയില്‍ കേടു വന്ന കവാടം കെട്ടിടത്തിലെ ഏറ്റവും വലിയ കവാടമാണ്. എഡി ആറാം നൂറ്റാണ്ടിലേതാണ് ഈ കവാടം. സംഭവത്തില്‍ തുര്‍ക്കിയുടെ അയല്‍രാജ്യമായ ഗ്രീസുള്‍പ്പെടെ ആശങ്കയറിയിച്ച് രംഗത്ത് വന്നിരുന്നു. കേടുവന്ന കവാടത്തിന്റെ ചിത്രങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ യുനെസ്‌കോ ഡയറക്ടര്‍ ജനറലുമായി ഗ്രീസ് പ്രധാനമന്ത്രി കിര്യാകോസ് മിത്സോടാകിസ് ഫോണില്‍ സംസാരിച്ചിരുന്നു.

ആ​ഗോള പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിലായിരുന്ന ഹാ​ഗിയ സോഫിയ മ്യൂസിയം 2020 ലാണ് മുസ്ലിം പള്ളിയായി അവരോധിക്കുന്നത്. 88 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആദ്യമായി ഇക്കഴിഞ്ഞ റമാദാൽ ഹയ സോഫിയയിൽ ആദ്യ തറാവീഹ് പ്രാര്‍ത്ഥനയും നടന്നിരുന്നു. 2020 ജൂലൈയിലാണ് ഹാഗിയ സോഫിയയെ മുസ്ലിം പള്ളിയാക്കി മാറ്റുന്നതായി തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാന്‍ പ്രഖ്യാപിച്ചത്. 916 വർഷക്കാലം ക്രിസ്ത്യൻ ആരാധനാലയമായിരുന്നു ഹാ​ഗിയ സോഫിയ.

1453 ല്‍ ഓട്ടോമന്‍ പടനായകര്‍ ഇപ്പോഴത്തെ ഇസ്താംബൂള്‍ കീഴടക്കിയപ്പോൾ ഹാഗിയ സോഫിയയെ മുസ്‌ലിം പള്ളി ആക്കി മാറ്റുകയായിരുന്നു. പിന്നീട് ആധുനിക തുര്‍ക്കി സ്ഥാപിതമായതിനു ശേഷം 1934 ലാണ് പള്ളി മ്യൂസിയമാക്കി മാറ്റിയത്. ഹാഗിയ സോഫിയയെ മുസ്ലിം പള്ളിയാക്കിയതിനെതിരെ അന്താരാഷ്ട്ര തലത്തില്‍ ഇപ്പോഴും വിമര്‍ശനം നിലനില്‍ക്കുന്നുണ്ട്.

Story Highlight: ancient marble floors damages in hagia sophia in turkey

Next Story