'ഹൃദയംഗമമായ അഭിനന്ദനങ്ങൾ'; ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി

സ്റ്റാർമറിന് എല്ലാ ആശംസകളും നേർന്ന രാഹുൽ ഗാന്ധി, സമീപഭാവിയിൽ കാണാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു
'ഹൃദയംഗമമായ അഭിനന്ദനങ്ങൾ'; ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ലേബർ പാർട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറിനെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സമത്വത്തോടെയുള്ള സാമ്പത്തിക വളർച്ച, ശക്തമായ സാമൂഹിക സേവനങ്ങളിലൂടെ എല്ലാവർക്കും മികച്ച അവസരങ്ങൾ, സാമൂഹ്യ ശാക്തീകരണം എന്നിവയ്ക്ക് ഊന്നൽ നൽകിയ തിരഞ്ഞെടുപ്പ് പ്രചാരണം യുകെയിലെ ജനങ്ങൾക്ക് മുതൽക്കൂട്ടായെന്ന് കെയർ സ്റ്റാർമറിന് അയച്ച കത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.

“നിങ്ങളുടെ തിരഞ്ഞെടുപ്പ് വിജയത്തിന് ഞാൻ എൻ്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു, ലേബർ പാർട്ടിക്കും നിങ്ങൾക്കുമുള്ള സുപ്രധാന നേട്ടമാണിത്. നിങ്ങളെയും യുകെയിലെ ജനങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു. നിങ്ങളുടെ വിജയം ജനങ്ങളെ ഒന്നാമതെത്തിക്കുന്ന ഒരു രാഷ്ട്രീയത്തിൻ്റെ ശക്തിയുടെ തെളിവാണ്'', അദ്ദേഹം പറഞ്ഞു. സ്റ്റാർമറിന് എല്ലാ ആശംസകളും നേർന്ന രാഹുൽ ഗാന്ധി, സമീപഭാവിയിൽ കാണാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു.

യുകെയിലെ കൺസർവേറ്റീവ് പാർട്ടി നേതാവ് ഋഷി സുനകിനും രാഹുൽ ഗാന്ധി കത്തയച്ചിരുന്നു. വിജയങ്ങളും പരാജയങ്ങളും ജനാധിപത്യത്തിൻ്റെ അനിവാര്യമായ ഭാഗമാണെന്നും രണ്ടും നമ്മുടെ മുന്നേറ്റത്തിൽ ഉൾക്കൊള്ളണമെന്നും രാഹുൽ പറഞ്ഞു. പൊതുസേവനത്തോടുള്ള മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സമർപ്പണത്തെയും ബ്രിട്ടീഷ് ജനതയോടുള്ള പ്രതിബദ്ധതയെയും രാഹുൽ ഗാന്ധി പ്രശംസിച്ചു.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തിരിച്ചടി നേരിട്ടപ്പോഴും ഋഷി സുനക് റിച്ച്മൗണ്ട് ആന്‍ഡ് നോര്‍ത്താലര്‍ട്ടണില്‍ വിജയിച്ചിരുന്നു. ലിബറല്‍ ഡെമോക്രാറ്റ് നേതാവ് എഡ് ഡാവി വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചു. യുകെയിലെ ജനങ്ങൾ മാറ്റത്തിനായി വോട്ട് ചെയ്തെന്ന് ലേബർ പാർട്ടി നേതാവ് കെയ്ർ സ്റ്റാർമർ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com