Top

മമതയുടെ ആറുമണിക്കൂര്‍ കുത്തിയിരുപ്പ് സമരം; തൃണമൂല്‍ മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്ക് ജാമ്യം

സിബിഐ ഓഫീസിന് മുന്നിലെത്തിയ മമത കുത്തിയിരുപ്പ് സമരം ആരംഭിക്കുകയും നേതാക്കളെ വിട്ടയച്ചില്ലെങ്കില്‍ തന്നെ അറസ്റ്റുചെയ്യണമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

17 May 2021 10:38 AM GMT

മമതയുടെ ആറുമണിക്കൂര്‍ കുത്തിയിരുപ്പ് സമരം; തൃണമൂല്‍ മന്ത്രിമാര്‍  അടക്കമുള്ളവര്‍ക്ക് ജാമ്യം
X

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സിബിഐ ഓഫീസിന് മുന്നിലെ കുത്തിയിരിപ്പ് സമരം ആറാം മണിക്കൂറിലേക്കു കടക്കുന്നതിനിടെ അറസ്റ്റിലായ തൃണമൂല്‍ നേതാക്കള്‍ക്ക് ജാമ്യം. 2014ല്‍ ബംഗാള്‍ രാഷ്ട്രീയത്തില്‍ വലിയ ചലനം സൃഷ്ടിച്ച നാരദ കൈക്കൂലി കേസില്‍ സിബിഐ കസ്റ്റഡിയിലെടുത്ത മന്ത്രിമാരടങ്ങുന്ന നേതാക്കള്‍ക്കാണ് ജാമ്യം ലഭിച്ചിരിക്കുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാരായ ഫിര്‍ഹാദ് ഹക്കീം, സുബ്രത മുഖര്‍ജി എന്നിവര്‍ക്കും തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ മദന്‍ മിത്ര, കേസില്‍ നേരത്തെ അറസ്റ്റിലായ മുന്‍ ടിഎംസി നേതാവും മുന്‍ കൊല്‍ക്കത്ത മേയറുമായ സോവന്‍ ചാറ്റര്‍ജിയ്ക്കുമാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.

തൃണമൂല്‍ നേതാക്കളുടെ അറസ്റ്റിന് പിന്നാലെ നാടകീയ സംഭവങ്ങള്‍ക്കാണ് സിബിഐ ഓഫീസ് സാക്ഷ്യം വഹിച്ചത്. സിബിഐ ഓഫീസിന് മുന്നിലെത്തിയ മമത കുത്തിയിരുപ്പ് സമരം ആരംഭിക്കുകയും നേതാക്കളെ വിട്ടയച്ചില്ലെങ്കില്‍ തന്നെ അറസ്റ്റുചെയ്യണമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

അറസ്റ്റ് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കറിന്റെ പ്രതികാര നടപടിയാണെന്നും മമത ആരോപിച്ചിരുന്നു. ഫിര്‍ഹാദ് ഹക്കീം ഉള്‍പ്പെടെ മന്ത്രി സുഭ്രത മുഖര്‍ജി, മുന്‍ മന്ത്രിമാരായ മധന്‍ മിത്ര, സോവന്‍ ചാറ്റര്‍ജി എന്നിവര്‍ക്കെതിരായ അന്വേഷണത്തിന് മുന്‍പ് ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നു.

കൊവിഡ് പശ്ചാത്തലത്തില്‍ ആരെയും അനാവശ്യമായി കസ്റ്റഡിയില്‍ വെയ്ക്കുകയോ അറസ്റ്റുചെയ്യുകയോ ചെയ്യരുതെന്ന സുപ്രീം കോടതിയുടെ ഉത്തരവ് നിലനില്‍ക്കെയാണ് സിബിഐയുടെ നടപടിയെന്ന് ടിഎംപി എംപി കല്ല്യാണ്‍ ബാനര്‍ജിയും കുറ്റപ്പെടുത്തിയിരുന്നു.

ഇതിനിടെ ടിഎംസി നേതാക്കളുടെ അപേക്ഷ പരിഗണിച്ച കൊല്‍ക്കത്തയിലെ ബാങ്ക്ഷാള്‍ കോടതി വെര്‍ച്വലായി വാദം കേള്‍ക്കുകയും ജാമ്യം അനുവദിക്കുകയുമായിരുന്നു.

Also Read: ഗാസയിലെ ആക്രമണങ്ങളില്‍ യുഎസ് ഇടപെടണമെന്ന് ചൈന, ഇസ്രായേലിനെതിരെ കടുത്ത വിമര്‍ശനം

Next Story