Football latest

ബാഴ്‌സയ്ക്കും അത്‌ലറ്റിക്കോയ്ക്കും തിരിച്ചടി; മാര്‍ട്ടിനസിന്റെ വിലയുയര്‍ത്തി ഇന്റര്‍

സ്പാനിഷ് ലാ ലിഗയില്‍ പുതിയ സീസണിലേക്കു മികച്ച ടീമിനെ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് ബാഴ്‌സലോണയും നിലവിലെ ജേതാക്കളായ അത്‌ലറ്റിക്കോ മാഡ്രിഡും. ലോകോത്തര നിലവാരമുള്ള ഒരു യുവ സ്‌ട്രൈക്കറെയാണ് ഇരുടീമുകളും തേടുന്നത്.

ഒടുവില്‍ ഇന്റര്‍മിലാന്റെ അര്‍ജന്റീന്‍ താരം ലാത്വാരോ മാര്‍ട്ടിനസിലാണ് ഇരുടീമുകളുടെയും കണ്ണുടക്കിയത്. മാര്‍ട്ടിനസിനായി ബാഴ്‌സയും അത്‌ലറ്റിക്കോയും ഇന്ററുമായി ചര്‍ച്ചകളും ആരംഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്റര്‍ താരത്തിന്റെ വിലയുയര്‍ത്തിയതോടെ ഇരുകൂട്ടര്‍ക്കും മാര്‍ട്ടിനസ് അപ്ര്യാപ്യമാകുകയാണ്.

90 മില്യണ്‍ യൂറോയാണ് മാര്‍ട്ടിനസിന്റെ ട്രാന്‍സ്ഫര്‍ ഫീ ആയി ഇന്റര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തില്‍ ബാഴ്‌സയ്ക്കും അത്റ്റിക്കോയ്ക്കും ഈ തുക വളരെ വലുതാണ്. ഇതിനിടെ രണ്ടു തവണ 40 മുതല്‍ 50 മില്യന്‍ യൂറോ വരെ അത്‌ലറ്റിക്കോ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇന്റര്‍ നിരസിക്കുകയായിരുന്നു.

മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് ഫ്രീ ട്രാന്‍സ്ഫറില്‍ സെര്‍ജിയോ അഗ്യൂറോ എത്തിച്ച ബാഴ്‌സയും 50 മില്യണിനു മുകളില്‍ മാര്‍ട്ടിനസിനായി മുടക്കാന്‍ തയാറാകുന്നില്ല. 50 മില്യണും മിറാലെ യാനിക്കിനെയും നല്‍കി മാര്‍ട്ടിനസിനെ സ്വന്തമാക്കാനാണ് ബാഴ്‌സ ലക്ഷ്യമിടുന്നത്. എന്നാല്‍ ഇതിനോട് ഇന്റര്‍ പ്രതികരിച്ചിട്ടില്ല.

ഇക്കഴിഞ്ഞ സീസണില്‍ ഇന്ററിനായി മികച്ച പ്രകടനമായിരുന്നു മാര്‍ട്ടിനസിന്റേത്. എല്ലാ ചാമ്പ്യന്‍ഷിപ്പുകളിലുമായി സീസണില്‍ ഇന്ററിനായി 48 മത്സരങ്ങള്‍ കളിച്ച മാര്‍ട്ടിനസ് 19 ഗോളുകളും 11 അസിസ്റ്റുകളും കുറിച്ചിട്ടുണ്ട്.

Covid 19 updates

Latest News