Top

‘കുമ്മനത്തിനെതിരെ പരസ്യ വിമര്‍ശനങ്ങളൊന്നുമില്ല, പഴി ഹെലികോപ്റ്ററിനും ധൂര്‍ത്തിനും’; സുരേന്ദ്രനും മുരളീധരനും ആശങ്കയില്‍

കുമ്മനം രാജശേഖരന്റെ തോല്‍വിക്ക് കാരണമായത് ഒ രാജഗോപാലിന്റെ സഹകരണമില്ലായ്മയാണെന്ന് നേരത്തെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. അണികള്‍ രാജഗോപാലിനെതിരെ പരസ്യമായി രംഗത്തുവന്നു കഴിഞ്ഞു.

12 May 2021 4:50 AM GMT

‘കുമ്മനത്തിനെതിരെ പരസ്യ വിമര്‍ശനങ്ങളൊന്നുമില്ല, പഴി ഹെലികോപ്റ്ററിനും ധൂര്‍ത്തിനും’; സുരേന്ദ്രനും മുരളീധരനും ആശങ്കയില്‍
X

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയില്‍ ബിജെപി നേതൃത്വത്തിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമാകുന്നു. ബിജെപി കോഴിക്കോട് ജില്ലാ നേതൃ യോഗത്തില്‍ കേന്ദ്ര മന്ത്രി വി. മുരളീധരനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ പാര്‍ട്ടിക്കുള്ളിലെ അസ്വാരസ്യങ്ങള്‍ വെളിപ്പെടുത്തുന്നതാണ്. ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗത്തില്‍ നിന്ന് മുരളീധരന്‍ പ്രസംഗിക്കാതെ ഇറങ്ങി പോവുകയാണ് ഉണ്ടായത്. തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ മുതിര്‍ന്ന നേതാക്കള്‍ പോലും പരസ്പരം വാക്‌പോര് നടത്തി. എസ്. സുരേഷ്, ജെ ആര്‍ പന്തകുമാര്‍ തുടങ്ങിയ നേതാക്കളാണ് തിരുവനന്തപുരം യോഗത്തില്‍ ഏറ്റുമുട്ടിയത്.

കുമ്മനം രാജശേഖരന്റെ തോല്‍വിക്ക് കാരണമായത് ഒ രാജഗോപാലിന്റെ സഹകരണമില്ലായ്മയാണെന്ന് നേരത്തെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. അണികള്‍ രാജഗോപാലിനെതിരെ പരസ്യമായി രംഗത്തുവന്നു കഴിഞ്ഞു. ഫെയ്‌സ്ബുക്കില്‍ രാജഗോപാലിനെ അപമാനിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന അണികളുടെ എണ്ണവും വര്‍ധിക്കുകയാണ്. നേമത്തെ തോല്‍വിക്ക് പിന്നില്‍ മുരളീധരന്റെ സ്ഥാനാര്‍ത്ഥ്വം കാരണമായെന്നും ബിജെപിക്കുള്ളില്‍ ചര്‍ച്ചയുണ്ട്. കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിയിലേക്ക് പോകാതെ മുരളീധരന്‍ പിടിച്ചെടുത്തതാണ് കുമ്മനത്തിന് പ്രതീക്ഷിച്ച മുന്നേറ്റം കാഴ്ച്ചവെക്കാന്‍ സാധിക്കാതിരുന്നതെന്നും വിലയിരുത്തലുകളുണ്ട്.

പാര്‍ട്ടിയുടെ തോല്‍വിയുടെ ഉത്തരവാദിത്വം മുരളീധരനും കെ. സുരേന്ദ്രനുമാണെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. ശോഭാ സുരേന്ദ്രന്റ പിണക്കം മാറ്റാന്‍ നേതൃത്വം ഇതുവരെ ഇടപെട്ടിട്ടില്ലെന്നതും ഇതുമായി ചേര്‍ത്തുവായിക്കാവുന്നതാണ്. കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടത് പ്രകാരമാണ് സുരേന്ദ്രന്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചതെന്ന് പാര്‍ട്ടി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഹെലികോപ്റ്റര്‍ പ്രചരണം അത്ര ഫലിച്ചിട്ടില്ല. തോല്‍വിയുടെ ആഘാതം വര്‍ധിച്ചുവെന്നല്ലാതെ യാതൊരു ഗുണവും കെ. സുരേന്ദ്രനെ കൊണ്ട് ഉണ്ടായില്ല. ഇത് അണികളിലും അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്.

നേമത്തെ തോല്‍വിയില്‍ കുമ്മനത്തിന് വലിയ പേര് ദോഷമുണ്ടാക്കിയിട്ടില്ല. ലളിത ജീവിതത്തിന്റെ ആനുകൂല്യം കൂടി കുമ്മനത്തിനുണ്ട്. സംസ്ഥാന നേതൃ മാറ്റമുണ്ടായാല്‍ പിണങ്ങി നില്‍ക്കുന്ന ശോഭാ സുരേന്ദ്രനും തിരികെയെത്തും. നിലവില്‍ കുമ്മനത്തിന് തന്നെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യത. അതേസമയം കേന്ദ്ര നേതൃത്വം തന്നെ കൈവിടില്ലെന്ന പ്രതീക്ഷയിലാണ് സുരേന്ദ്രന്‍. ആശങ്ക മുരളീധരന്‍ ഗ്രൂപ്പിലുമുണ്ടെന്നാണ് അഭ്യൂഹങ്ങള്‍. കൊവിഡ് പ്രതിസന്ധി കഴിഞ്ഞാല്‍ ബിജെപിയില്‍ അഴിച്ചുപണി ഉണ്ടാവുമെന്നാണ് നിലവിലെ സൂചനകള്‍.

Next Story