പിഎസ്സി അംഗത്വം മറിച്ചുവിറ്റെന്ന ആരോപണം; പിന്നില്‍ ലീഗെന്ന് ഐഎന്‍എല്‍; വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് യൂത്ത് ലീഗ്
ഐഎന്‍എല്ലിന് കോഴ കൊടുത്ത് പിഎസ്സിയില് അംഗത്വം നേടുന്നയാള്‍ ഈ പണം മുതലാക്കുന്നതിനായി അഴിമതിക്ക് ശ്രമിക്കുമെന്ന് വ്യക്തമാണെന്നും പികെ ഫിറോസ് പറഞ്ഞു.
4 July 2021 11:28 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഐഎന്‍എല്‍ പിഎസ്സി അംഗത്വം 40 ലക്ഷം രൂപയ്ക്ക് വിറ്റെന്ന ആരോപണത്തെച്ചൊല്ലി മുസ്ലീം ലീഗ്- ഐഎന്‍എല്‍ പോര് മുറുകുന്നു. തെറ്റായ ഈ കോഴ ആരോപണത്തിന് പിന്നില്‍ കളിച്ചത് മുസ്ലീം ലീഗാണെന്നാണ് ഐഎന്‍എല്‍ നേതാക്കളുടെ പ്രത്യാരോപണം. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ ഇസി മുഹമ്മദിനുമേല്‍ ലീഗ് സമ്മര്‍ദ്ദം ചെലുത്തിയതിനാലാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചതെന്നാണ് ഐഎന്‍എല്‍ പ്രതികരിച്ചത്.
അതിനിടെ ഐഎന്‍എല്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് രംഗത്തെത്തി. വിഷയം ഗൗരവമുള്ളതാണെന്നും ഇതില്‍ വിജിലന്‍സ് അന്വേഷണം ആവശ്യമാണെന്നുമാണ് യൂത്ത് ലീഗിന്റെ പ്രതികരണം. ഐഎന്‍എല്ലിന് കോഴ കൊടുത്ത് പിഎസ്സിയില് അംഗത്വം നേടുന്നയാള്‍ ഈ പണം മുതലാക്കുന്നതിനായി അഴിമതിക്ക് ശ്രമിക്കുമെന്ന് വ്യക്തമാണെന്നും പികെ ഫിറോസ് പറഞ്ഞു.
ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇസി മുഹമ്മദാണ് നേതൃത്വത്തിനുനേരെ പുതിയ ആരോപണവുമായി രംഗത്തെത്തിയത്. കാസിം ഇരിക്കൂര്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരെയാണ് ഗുരുതരമായ ആരോപണം ഉന്നയിക്കപ്പെട്ടിട്ടുള്ളത്. നേതൃത്വവുമായി ഇടഞ്ഞ് പിടിഎ റഹീം വിഭാഗം പാര്‍ട്ടി വിടാനൊരുങ്ങുകയാണെന്നാണ് സൂചന.
പാര്‍ട്ടിയുടെ പിഎസ്സി അംഗത്വത്തെ വരുമാനമുണ്ടാക്കാനുള്ള മാര്‍ഗ്ഗമായി കാസിം ഇരിക്കൂറും സംഘവും കണ്ടെന്നാണ് ഉയരുന്ന പ്രധാനആക്ഷേപം. എന്നാല്‍ പിഎസ്സി കോഴ ആരോപണം ഉന്നയിച്ച ആള്‍ക്ക് ഐഎന്‍എല്ലിനെക്കുറിച്ച് ഒന്നുമറിയില്ലെന്ന പരിഹാസമായിരുന്നു കാസിം ഇരിക്കൂറിന്റെ മറുപടി. അബ്ദുള്‍ സമദിനെ പിഎസ്സി അംഗമാക്കിയത് കോഴ വാങ്ങിയാമെന്ന് ഇസി മുഹമ്മദ് ആരോപിച്ചിരുന്നു. ആദ്യ ഗഡുവായി 20 ലക്ഷം രൂപ വാങ്ങിയെന്നും ബാക്കി 20 ലക്ഷം പിന്നീട് ലഭിക്കുമെന്നും ഇദ്ദേഹം ആരോപിച്ചു.