Top

വിധിയോട് വിയോജിച്ച് ഐഎന്‍എല്‍; സ്വാഗതം ചെയ്ത് കേരള കോണ്‍ഗ്രസ്; തിരക്കിട്ട് തീരുമാനം വേണ്ടെന്ന നിലപാടിലുറച്ച് സര്‍ക്കാര്‍

പാര്‍ട്ടി കൂടിയാലോചിച്ചശേഷം വിഷയം എല്‍ഡിഎഫില്‍ ഉന്നയിക്കുമെന്നും സര്‍ക്കാരിനോട് അപ്പീല്‍ നല്‍കാന്‍ ആവശ്യപ്പെടുമെന്നും ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ കാസര്‍കോഡ് പറഞ്ഞു.

29 May 2021 2:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിധിയോട് വിയോജിച്ച് ഐഎന്‍എല്‍; സ്വാഗതം ചെയ്ത് കേരള കോണ്‍ഗ്രസ്; തിരക്കിട്ട് തീരുമാനം വേണ്ടെന്ന നിലപാടിലുറച്ച് സര്‍ക്കാര്‍
X

ന്യൂനപക്ഷക്ഷേമ പദ്ധതി വിതരണത്തിന് നിശ്ചയിച്ച അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് എല്‍ഡിഎഫിന്റെ ഘടകകക്ഷിയായ ഐഎന്‍എല്‍. പാര്‍ട്ടി കൂടിയാലോചിച്ചശേഷം വിഷയം എല്‍ഡിഎഫില്‍ ഉന്നയിക്കുമെന്നും സര്‍ക്കാരിനോട് അപ്പീല്‍ നല്‍കാന്‍ ആവശ്യപ്പെടുമെന്നും ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ കാസര്‍കോഡ് പറഞ്ഞു.

ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ് രംഗത്തെത്തി. ന്യായമായ വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ജോസഫ് ആവശ്യപ്പെട്ടു. ഓരോ സമുദായങ്ങള്‍ പറയുന്നതുപോലെയല്ല കാര്യങ്ങള്‍ നടപ്പിലാക്കേണ്ടത്. എല്ലാ കാര്യങ്ങളും പരിശോധിച്ചാണ് ഹൈക്കോടതി വിധി പറഞ്ഞത്. പിന്നോക്കാവസ്ഥയെക്കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ പിന്നീടാകാകാമെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഹൈക്കോടതി വിധിയുമായി ബന്ധപ്പെട്ട് തിരക്കിട്ട് തീരുമാനം എടുക്കേണ്ടതില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍ ഇപ്പോഴുള്ളത്. ഹൈക്കോടതി വിധി പഠിച്ചശേഷം നിയമവകുപ്പ് ഉടന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് മുസ്ലിം ലീഗ് അറിയിച്ചിട്ടുണ്ട്. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ 100 ശതമാനവും മുസ്ലിങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് ലീഗ് പറയുന്നു. പദ്ധതിയില്‍ 20 ശതമാനം പിന്നോക്ക ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് നല്‍കുന്നത് പിന്നീടെടുത്ത തീരുമാനമാണ്. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളുടെ 80 ശതമാനം അവകാശം എങ്ങനെയാണ് മുസ്ലിങ്ങള്‍ക്ക് ലഭിക്കുന്നതെന്ന ചോദ്യം അന്നു മുതല്‍ ദുരാരോപണമാണ്. ഈ പദ്ധതി ആര്‍ക്ക് വേണ്ടിയാണെന്ന് പഠിക്കാതെയാണ് വിധി വന്നത്. സര്‍ക്കാരും വിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്ന് മുസ്ലിം ലീഗ് എംപി ഇടി മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു.

ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിതരണം 80% മുസ്‌ലിം വിഭാഗത്തിനും 20% ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്നതായിരുന്നു 2015ല്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ്. പൊതുവായ പദ്ധതികളില്‍ 80% വിഹിതം മുസ്‌ലിം സമുദായത്തിനും ബാക്കി 20% ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, ജൈന, പാര്‍സി എന്നീ 5 ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമായി മാറ്റിവച്ചുകൊണ്ടുള്ള ഉത്തരവാണ് ഇതോടെ റദ്ദാക്കിയിരിക്കുന്നത്.

ക്രിസ്ത്യന്‍ പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി സമിതിയുടെ ടേംസ് ഓഫ് റഫറന്‍സ് സര്‍ക്കാര്‍ നേരത്തെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതും പരിഗണനയില്‍ എടുത്താണ് ഹൈകോടതി ഡിവിഷന്‍ ബഞ്ചിന്റെ നടപടി. വിവിധ ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യ അനുപാതത്തില്‍ ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ നിര്‍ദേശിച്ചുകൊണ്ടാണു കോടതി ഉത്തരവിട്ടിരിക്കുന്നത്.

നിലവിലെ ജനസംഖ്യാ കണക്ക് ഇതിനു പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങളെ മുസ്‌ലിം, ക്രിസ്ത്യന്‍ തുടങ്ങിയ രീതിയില്‍ വേര്‍തിരിക്കുന്നത് മതനിരപേക്ഷതയ്ക്ക് എതിരാണ്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ജനസംഖ്യാ അനുപാതത്തില്‍ ലഭ്യമാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ജിക്കാരന്‍ ഉയര്‍ത്തിയത്.

Next Story