Top

‘കൊവിഡിനെതിരെ കുത്തിവെപ്പ് കൊണ്ടൊന്നും ഒരു കാര്യവുമില്ല, പക്ഷേ രണ്ട് പെഗ്ഗ് ഫലിക്കും’; ചിരി പടര്‍ത്തി ദില്ലി സ്വദേശിനിയുടെ പ്രതിഷേധം;വീഡിയോ വൈറല്‍

മദ്യവില്‍പ്പനശാലകളും ബാറുകളും അടച്ചുപൂട്ടിയതിനെതിരെ പ്രതിഷേധിച്ച് നിരവധി ആളുകള്‍ ദില്ലിയിലെ തെരുവുകളില്‍ തടിച്ചുകൂടിയിരുന്നു.

19 April 2021 10:15 AM GMT

‘കൊവിഡിനെതിരെ കുത്തിവെപ്പ് കൊണ്ടൊന്നും ഒരു കാര്യവുമില്ല, പക്ഷേ രണ്ട് പെഗ്ഗ് ഫലിക്കും’; ചിരി പടര്‍ത്തി ദില്ലി സ്വദേശിനിയുടെ പ്രതിഷേധം;വീഡിയോ വൈറല്‍
X

കൊവിഡ് രണ്ടാം തരംഗം ശക്തിയാര്‍ജിക്കുന്ന പശ്ചാത്തലത്തില്‍ ദില്ലിയില്‍ ഇന്ന് മുതല്‍ അടുത്ത തിങ്കളാഴ്ച്ച വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയാണെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ്് കെജരിവാള്‍ അറിയിച്ചിരുന്നു. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകളൊഴികെയുള്ളവയെല്ലാം ഇന്ന് മുതല്‍ ഒരാഴ്ച്ചക്കാലം അടഞ്ഞുകിടക്കുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു. മറ്റ് സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കുമൊപ്പം മദ്യശാലകളും പൂട്ടിയതില്‍ ദില്ലി സ്വദേശിയായ ഒരു സ്ത്രീ അറിയിക്കുന്ന പ്രതിഷേധമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ആശങ്കകള്‍ക്കിടയിലും ചിരി പടര്‍ത്തുന്നത്. കൊവിഡിനെതിരെ വാക്‌സിനെടുത്തത് കൊണ്ട് യാതൊരു കാര്യവുമില്ല, പക്ഷേ രണ്ട് പെഗ്ഗ് ഫലം ചെയ്യുമെന്ന് ദില്ലി സ്വദേശിനി ഒരു ന്യൂസ് റിപ്പോര്‍ട്ടറിനോട് പറയുന്ന വീഡിയോ ട്വിറ്ററില്‍ തരംഗമാകുകയാണ്.

മദ്യവില്‍പ്പനശാലകളും ബാറുകളും അടച്ചുപൂട്ടിയതിനെതിരെ പ്രതിഷേധിച്ച് നിരവധി ആളുകള്‍ ദില്ലിയിലെ തെരുവുകളില്‍ തടിച്ചുകൂടിയിരുന്നു. മദ്യശാലയ്ക്ക് മുന്നില്‍ പ്രതിഷധവുമായി നിന്ന ഒരു സ്ത്രീയോട് എന്തിനാണ് ഈ പ്രതിഷേധമെന്ന് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോഴായിരുന്നു മധ്യവയസ്‌കയുടെ വൈറല്‍ മറുപടി. ഞാന്‍ 35 വര്‍ഷമായി സ്ഥിരമായി മദ്യപിക്കുന്ന ആളാണെന്നും തനിക്ക് ഇതുവരെ ഡോക്ടറുടെയുടുത്ത് പോകേണ്ടി വന്നിട്ടില്ലെന്നും ഇവര്‍ കൂളായി മറുപടി പറയുന്നതാണ് സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തിയത്. താന്‍ ദിവസവും ഓരോ പെഗ് വീതം കഴിക്കാറുണ്ടെന്നും ഈ സ്ത്രീ പരസ്യമായി വീഡിയോയില്‍ പറയുന്നുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ ഏർപ്പെടുത്തിയിരുന്ന വാരാന്ത്യ കർഫ്യുകൾ ഫലപ്രദമാകാത്തതിനെ തുടർന്നാണ് ഒരാഴ്ച്ച നീണ്ടുനില്‍ക്കുന്ന കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ അരവിന്ദ് കെജിരിവാളിന്റെ പുതിയ തീരുമാനം. എല്ലാ സ്വകാര്യ ഓഫീസുകൾക്കും വീട്ടിൽ നിന്ന് പ്രവർത്തിക്കാമെന്നും സർക്കാർ ഓഫീസുകളും അവശ്യ സേവനങ്ങളും മാത്രമേ പ്രവർത്തിക്കേണ്ടതുള്ളൂ എന്നും അധികൃതർ അറിയിച്ചു.

24 മണിക്കൂറിനിടെ രേഖപ്പെടുത്തിയ പുതിയ 25,462 കൊവിഡ് കേസുകളുമായി ഡൽഹിയിൽ രോഗവ്യാപനം നിയന്ത്രണാതീതമാകുകയാണ്. അതായത് തലസ്ഥാനത്തു പരീശോധനക്ക് വിധേയമാകുന്ന എല്ലാ മൂന്നാമത്തെ സാമ്പിളുകളും പോസിറ്റീവ് ആയി മാറുന്നു.

അതിവേഗത്തിലാണ് ഇന്ത്യയില്‍ കൊവിഡിന്റെ രണ്ടാം തരംഗം വ്യാപിച്ചുകൊണ്ടിരിക്കുന്നത്. തുടര്‍ച്ചയായ അഞ്ച് ദിവസവും രണ്ടര ലക്ഷത്തിന് മുകളിലാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം. ഒരാഴ്ചയിലേറെയായി പ്രതിദിന മരണം ആയിരത്തിന് മുകളിലാണ്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡൽഹി എന്നിവിടങ്ങളിലാണ് രോഗ വ്യാപനം കൂടുതലുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിലെ പ്രതിദിന കൊവിഡ് കണക്ക് 2.73 ലക്ഷം ആണ്. 1,619 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. 3.15 കോടി രോഗികളുമായി അമേരിക്കയ്ക്ക് ശേഷം ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ഉള്ളതും ഇന്ത്യയിലാണ്.

Also Read:- കൊവിഡ് 19: അവലോകന യോഗം വിളിച്ച് നരേന്ദ്ര മോദി; ഡൽഹിയിൽ സമ്പൂർണ്ണ കർഫ്യൂ പ്രഖ്യാപിച്ച് അരവിന്ദ് കെജരിവാൾ

Next Story