Top

‘വിജിലന്‍സ് റെയ്ഡിന് പിന്നില്‍ സ്വകാര്യ ചിട്ടിക്കമ്പനികള്‍’; ഗുരുതര ആരോപണവുമായി കെഎസ്എഫ്ഇ ചെയര്‍മാന്‍

വിജിലന്‍സിനെതിരെ ഗുരുതര ആരോപണവുമായി കെഎസ്എഫ്ഇ. വിജിലന്‍സ് നടത്തിയ മിന്നല്‍ റെയ്ഡുകള്‍ക്ക് പിന്നില്‍ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളായിരിക്കാമെന്ന് കെഎസ്എഫ്ഇ ചെയര്‍മാന്‍ പീലിപ്പോസ് തോമസ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറിനിടെയാണ് പീലിപ്പോസ് തോമസിന്റെ പ്രതികരണം. കൊവിഡ് കാലമായിട്ടും സ്വര്‍ണ പണയ വായ്പയിലും ചിട്ടിയിലും വലിയ മുന്നേറ്റമുണ്ടാക്കാന്‍ സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്എഫ്ഇയ്ക്ക് കഴിഞ്ഞു. ബിസിനസില്‍ വലിയ വളര്‍ച്ചയുണ്ടായതുകൊണ്ട് തങ്ങളോട് മത്സരിക്കുന്നവരുടെ സ്വാധീനം ഈ നീക്കത്തിന് പിന്നിലുണ്ടെന്നാണ് കരുതുന്നതെന്നും കെഎസ്എഫ്ഇ മേധാവി വ്യക്തമാക്കി. വിജിലന്‍സ് 36 ശാഖകളില്‍ റെയ്ഡ് നടത്തിയതില്‍ ഗൂഢാലോചനയുണ്ടോ […]

29 Nov 2020 9:35 AM GMT

‘വിജിലന്‍സ് റെയ്ഡിന് പിന്നില്‍ സ്വകാര്യ ചിട്ടിക്കമ്പനികള്‍’; ഗുരുതര ആരോപണവുമായി കെഎസ്എഫ്ഇ ചെയര്‍മാന്‍
X

വിജിലന്‍സിനെതിരെ ഗുരുതര ആരോപണവുമായി കെഎസ്എഫ്ഇ. വിജിലന്‍സ് നടത്തിയ മിന്നല്‍ റെയ്ഡുകള്‍ക്ക് പിന്നില്‍ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളായിരിക്കാമെന്ന് കെഎസ്എഫ്ഇ ചെയര്‍മാന്‍ പീലിപ്പോസ് തോമസ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറിനിടെയാണ് പീലിപ്പോസ് തോമസിന്റെ പ്രതികരണം. കൊവിഡ് കാലമായിട്ടും സ്വര്‍ണ പണയ വായ്പയിലും ചിട്ടിയിലും വലിയ മുന്നേറ്റമുണ്ടാക്കാന്‍ സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്എഫ്ഇയ്ക്ക് കഴിഞ്ഞു. ബിസിനസില്‍ വലിയ വളര്‍ച്ചയുണ്ടായതുകൊണ്ട് തങ്ങളോട് മത്സരിക്കുന്നവരുടെ സ്വാധീനം ഈ നീക്കത്തിന് പിന്നിലുണ്ടെന്നാണ് കരുതുന്നതെന്നും കെഎസ്എഫ്ഇ മേധാവി വ്യക്തമാക്കി. വിജിലന്‍സ് 36 ശാഖകളില്‍ റെയ്ഡ് നടത്തിയതില്‍ ഗൂഢാലോചനയുണ്ടോ എന്ന ചോദ്യത്തിന് പീലിപ്പോസ് തോമസിന്റെ മറുപടി ഇങ്ങനെ;

“ഞങ്ങള്‍ ഇതിനെ കാണുന്നത് വേറൊരു ആംഗിളില്‍ കൂടിയാണ്. കാരണം ഈ കൊവിഡ് കാലഘട്ടത്തിലായിട്ടും കേരളത്തിലെ സ്വര്‍ണ പണയ വായ്പാ സ്ഥാപനങ്ങളില്‍ കെഎസ്എഫ്ഇയ്ക്ക് 500 കോടിയോളം രൂപ കൂടുതലായി കൊടുക്കാന്‍ കഴിഞ്ഞു. ഞങ്ങളുടെ ഗോള്‍ഡ് പോര്‍ട്ട് ഫോളിയോയില്‍ വലിയ വര്‍ധനവുണ്ടായി. ചിട്ടിയില്‍ കളക്ഷന്‍ കുറഞ്ഞെങ്കിലും മറ്റേത് ധനകാര്യ സ്ഥാപനത്തേക്കാളും കൊടുക്കാന്‍ കഴിഞ്ഞു. ബിസിനസ് കിട്ടി. അതുകൊണ്ട് ഞങ്ങളോട് മത്സരിക്കുന്നവരുടെ സ്വാധീനം ഇതിലുണ്ടെന്ന് ഞങ്ങള്‍ കരുതുന്നു.

സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ സ്വാധീനമുണ്ടെന്ന് സംശയിക്കേണ്ട സാഹചര്യമുണ്ട്. ആരുടെ പരാതിയിലാണ് നടപടിയെന്ന് ഞങ്ങളോട് ഇതുവരെ പറഞ്ഞിട്ടില്ല. അതാരുടെ പരാതിയാണെന്ന് കൂടി നോക്കുമ്പോള്‍ ഇക്കാര്യം കുറേക്കൂടി വ്യക്തമാകും. ആരിലാണ് സ്വാധീനം ചെലുത്തിയതെന്ന് പുറത്തുവരേണ്ട കാര്യങ്ങളാണ്. സ്വകാര്യ സ്ഥാപനങ്ങളുടെ സ്വാധീനമുണ്ടോയെന്ന് ന്യായമായി സംശയിക്കുന്നു.”

കെഎസ്എഫ്ഇയ്ക്ക് നേരെയുണ്ടായ വിജിലന്‍സ് നീക്കത്തിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ആഭ്യന്തരകാര്യ ഉപദേഷ്ടാവാണെന്ന് സിഎംപി നേതാവ് സി പി ജോണ്‍ പറഞ്ഞു.

കെഎസ്എഫ്ഇയ്ക്ക് സമാന്തരമായി നോണ്‍ ബാങ്കിങ് ഫിനാന്‍സ് കമ്പനികള്‍ സര്‍ക്കാരിനെ സ്വാധീനിച്ച് അല്ലെങ്കില്‍ മുഖ്യമന്ത്രിയുടെ വകുപ്പിനെ സ്വാധീനിച്ച് കെഎസ്എഫ്ഇയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നാണ് പീലിപ്പോസ് പറഞ്ഞത്. അതിന് തെളിവുകളുണ്ട്. മുഖ്യമന്ത്രിയുടെ പ്രധാനപ്പെട്ട ആഭ്യന്തരകാര്യ ഉപദേഷ്ടാവ് കെഎസ്എഫ്ഇയുമായി മത്സരിക്കുന്ന വലിയൊരു കമ്പനിയില്‍ നിന്ന് ശമ്പളം വാങ്ങുന്നയാളാണ്. പേര് ഞാന്‍ പറയുന്നില്ല.

സി പി ജോണ്‍

കെഎസ്എഫ്ഇ റെയ്ഡില്‍ അതൃപ്തി വ്യക്തമാക്കി സിപിഐഎം നേതാക്കളും രംഗത്തെത്തിയിരുന്നു. റെയ്ഡിന് പിന്നില് ഗൂഢാലോചനയുണ്ടെന്നും എന്താണ് സംഭവിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ പ്രതികരിച്ചു. റെയ്ഡ് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ക്ക് വേണ്ടി നടന്നതാണെന്ന് സംശയിക്കണം. കെഎസ്എഫ്ഇയുടെ വിശ്വാസ്യത തകര്‍ക്കാനാണ് ശ്രമം. ഇതിന്റെ പ്രത്യാഘ്യാതം എന്തെന്ന് വിജിലന്‍സ് സാമാന്യ ബുദ്ധി ഉപയോഗിച്ച് ആലോചിച്ചില്ലേയെന്നും ആനത്തലവട്ടം ആനന്ദന്‍ ചോദിക്കുകയുണ്ടായി. വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് പ്രതികരണം നടത്തി സംസ്ഥാന ആക്ടിങ്ങ് സെക്രട്ടറി എ വിജയരാഘവന്‍ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയിരുന്നു.

കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി ബിജെപി നേതാവ് എംടി രമേശ് രംഗത്തെത്തി. കെഎസ്എഫ്ഇ ധന ഇടപാടുകള്‍ സംബന്ധിച്ച് വിജിലന്‍സില്‍ പരാതിക്കാരന്‍ വടകരക്കാരനാണ്. ഈ വടകരക്കാരന്‍ കേരളത്തിലെ ഒരു വന്‍ വ്യവസായിയുടെ ബെനാമിയാണ്. ഈ വ്യവസായി മുഖ്യമന്ത്രിയുടെ ഏറ്റവും അടുപ്പക്കാരനുമാണ്, അതായത് മുഖ്യമന്ത്രി ധനമന്ത്രിക്കെതിരെ കൊടുപ്പിച്ച പരാതിയാണ് വിജിലന്‍സ് റെയ്ഡ് നടന്നതെന്നും എംടി രമേശ് ആരോപിച്ചു.

റെയ്ഡ് നടത്തിയവര്‍ക്ക് വട്ടാണെന്നായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രതികരണം. വിജിലന്‍സ് കണ്ടെത്തലുകള്‍ അസംബന്ധമാണ്. സംസ്ഥാനത്തെ വിശ്വസ്തതയുള്ള ഒരു ധനകാര്യ സ്ഥാപനത്തില്‍ റെയ്ഡ് നടത്തുമ്പോള്‍ പാലിക്കേണ്ട ഔചിത്യബോധം പോലുമില്ലാതെയാണ് വിജിലന്‍സ് കെഎസ്എഫ്ഇയില്‍ പരിശോധന നടത്തിയത്. ധനകാര്യ സ്ഥാപനത്തില്‍ പരിശോധന നടത്തുമ്പോള്‍ പാലിക്കേണ്ട മര്യാദകളൊന്നും വിജിലന്‍സ് പാലിച്ചില്ല. സിഎജിയുടെ കണ്ടെത്തലുകള്‍ക്കപ്പുറം കെഎസ്എഫ്ഇയില്‍ വിജിലന്‍സിന് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ധനമന്ത്രി പറയുകയുണ്ടായി.

Next Story