മൂന്നാംമാസവും ധനകമ്മി പിടിച്ചുനിര്‍ത്താനായില്ല; രാജ്യം രൂക്ഷമായ സാമ്പത്തികപ്രതിസന്ധിയില്‍

എല്ലാ കണക്കുകൂട്ടലുകളും തകര്‍ത്ത് രാജ്യത്ത് തുടര്‍ച്ചയായി മൂന്നാംമാസവും ധനകമ്മിയില്‍ വന്‍വര്‍ധനവ്. 8 ലക്ഷം കോടി ധനകമ്മി പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് 9.1 ലക്ഷം കോടി ധനകമ്മിയാണ് ഇപ്പോഴുള്ളത്. ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവിലാണ് ധനകമ്മി ഈ വിധത്തില്‍ വര്‍ധിച്ചത്. കനത്ത വര്‍ധനവ് സൂചിപ്പിക്കുന്നത് രാജ്യം സാമ്പത്തികപ്രതിസന്ധിയിലാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ പരമാധി ചെലവുചുരുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് ധനകമ്മി സംബന്ധിച്ച കണ്ട്രോളര് ആര്‍ഡ് ഓഡിറ്റര്‍ ജനറലുടെ ഔദ്യോഗിക റിപ്പോര്‍ട്ട് പറയുന്നത്. ബജറ്റ് എസ്റ്റിമേറ്റിന്റെ 53 ശതമാനമായിരുന്ന ചെലവ് കേന്ദ്രം 47 ശതമാനമാക്കി ചുരുക്കിയിട്ടുണ്ട്. കൊവിഡ് വ്യാപനവും ലോക്ക്ഡൗണും തന്നെയാണ് ധനകമ്മി ഈ വിധത്തില്‍ വര്‍ധിക്കാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍. 14.8 ലക്ഷം കോടി രൂപയാണ് ആകെ ചെലവ്. വിവിധ മന്ത്രാലയങ്ങള്‍ മുന്‍വര്‍ഷങ്ങളേക്കാള്‍ ഈ വര്‍ഷം ചെലവുചുരുക്കിയിട്ടുണ്ട്.
4,58,508 കോടി നികുതിയിനത്തില്‍ വരുമാനമായി ലഭിച്ചപ്പോള്‍ നികുതിയേതരയിനത്തില് 92,274 കോടി വരുമാനം ലഭിച്ചെന്നും റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നു. 2,59,941 കോടി നികുതിവിഹിതമായി സംസ്ഥാനങ്ങള്‍ക്ക് കൈമാറി. 51,277 കോടിയുടെ കുറവാണ് സംസ്ഥാനങ്ങള്‍ക്ക് നല്കിയ നികുതിവിഹിതത്തിലുണ്ടായത്. ഈ സാമ്പത്തികവര്‍ഷത്തില്‍ നികുതിവരുമാനത്തില്‍ 30 ശതമാനം ഇടിവുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.