‘ഗില്‍ തുടങ്ങി, പന്ത് പൂര്‍ത്തിയാക്കി’; ബ്രിസ്ബേനിലെ ചരിത്രപ്പോരിന് നേതൃത്വം നല്‍കിയത് യുവതാരങ്ങള്‍

ബ്രിസ്ബേനില്‍ ചരിത്രം രചിച്ച ഇന്ത്യയുടെ പ്രകടനത്തിന് ചുക്കാന്‍ പിടിച്ചത് യുവതാരങ്ങള്‍. ഓസീസിനെതിരായ ആദ്യ മൂന്ന് ടെസ്റ്റുകളില്‍ 9 മുന്‍നിര താരങ്ങള്‍ക്കാണ് പരിക്കേറ്റത്. ഇതോടെ യുവതാരങ്ങളെ ആശ്രയിച്ച് കളിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ഒരുഘട്ടത്തില്‍ ഇന്ത്യ കളിക്കുന്നത് റിസര്‍വ്വ് താരങ്ങളുമായിട്ടാണെന്ന് വരെ നിരീക്ഷകര്‍ ചൂണ്ടിക്കാണിച്ചു. എന്നാല്‍ പ്രവചനങ്ങളെയും കണക്കുകളെയും അട്ടിമറിച്ച പ്രകടനമാണ് ടീം ഇന്ത്യ പുറത്തെടുത്തത്.
ഒന്നാം ഇന്നിംഗ്സില്‍ കളി മെനഞ്ഞ് വാലറ്റം

സീനിയര്‍ താരങ്ങള്‍ നിരുത്തരവാദിത്വം കാണിച്ചപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദറും ഷാര്‍ദ്ദുള്‍ താക്കൂറും നടത്തിയ ചെറുത്തുനില്‍പ്പാണ് ബ്രിസ്ബേനിലെ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യക്ക് രക്ഷയായത്. ആദ്യ ഇന്നിംഗ്സില്‍ 369 റണ്‍സാണ് ഓസീസ് നേടിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ ശുഭ്മാന്‍ ഗില്ലിന് നഷ്ടമായിരുന്നു. പിന്നീട് ഒത്തുചേര്‍ന്ന റോഹിത് ശര്‍മ്മയും(44) ചേതേശ്വര്‍ പൂജാരയും (25) മികച്ച സ്കോറിലേക്ക് ടീമിനെ നയിക്കുമെന്ന് തോന്നിച്ചെങ്കിലും അതുണ്ടായില്ല. സ്കോര്‍ 60ല്‍ നില്‍ക്കെ ഹിറ്റ്മാന് മടങ്ങി. 105ലെത്തിയപ്പോഴേക്കും ചേതേശ്വര്‍ പൂജാരയും കൂടാരം കയറി.
ചേതേശ്വര്‍ പൂജാര (25), അജിന്‍ക്യ രഹാനെ (37), മായങ്ക് അഗര്‍വാള്‍ (38), ഋഷഭ് പന്ത് (23) എന്നിവരുടെ വിക്കറ്റുകള്‍ കൂടി എളുപ്പം നഷ്ടമായതോടെ മത്സരം മാറിമറിഞ്ഞു. ഓസീസിന് മുന്‍തൂക്കം ലഭിക്കുന്ന ബ്രിസ്ബേനിലെ മൈതാനത്ത് ആദ്യ ഇന്നിംഗ്സില്‍ മികച്ച സ്കോര്‍ നേടാന്‍ സാധിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ അപകടരമാവുമായിരുന്നു. ബൗളര്‍മാരുടെ റോളില്‍ മാത്രമെത്തിയ അരങ്ങേറ്റക്കാരന്‍ വാഷിംഗ്ടണ്‍ സുന്ദര്‍ ഷാര്‍ദ്ദുള്‍ താക്കൂര്‍ എന്നിവരുടെ കൈകളിലേക്കാണ് പിന്നീട് കളി എത്തിച്ചേര്‍ന്നത്.
കരിയറിലെ രണ്ടാം മത്സരത്തിനാണ് താക്കൂര്‍ ഇറങ്ങുന്നത്. വാഷിംഗ്ടണ്‍ സുന്ദറാകട്ടെ അരങ്ങേറ്റ മത്സരവും. ബൗളറുടെ റോളില്‍ തിളങ്ങിയാണ് സുന്ദര്‍ ബാറ്റിംഗിന് ഇറങ്ങുന്നത്. സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച ഇരുവരും കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സുകളായിരുന്നു ബ്രിസ്ബേനില്‍ പടത്തുയര്‍ത്തിയത്. 114 പന്തുകള്‍ നേരിട്ട സുന്ദര്‍ 62 റണ്‍സ് സ്വന്തം പേരിലാക്കി. 115 പന്തുകളില്‍ നിന്ന് 67 റണ്‍സാണ് താക്കൂറിന്റെ സമ്പാദ്യം.
രണ്ടാം ഇന്നിംഗ്സില്‍ കംഗാരുക്കളെ മെരുക്കി മുഹമ്മദ് സിറാജ്

മൂന്നാം ടെസ്റ്റില്‍ കാണികളുടെ വംശീയ അധിക്ഷേപത്തിന് മൈതാനത്താണ് മുഹമ്മദ് സിറാജ് മറുപടി നല്‍കിയത്. രണ്ട് ഇന്നിംഗ്സുകളില്‍ നിന്നായി 6 വിക്കറ്റുകളാണ് സിറാജ് നേടിയത്. രണ്ടാമത്തെ ഇന്നിംഗ്സില്‍ കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടവും താരം സ്വന്തമാക്കി. രണ്ടാം ഇന്നിങ്സില്‍ മര്‍നസ് ലബുഷെയ്ന് (25), സ്റ്റീവന്‍ സ്മിത്ത് (55), മാത്യു വെയ്ഡ് (0), മിച്ചല്‍ സ്റ്റാര്‍ക്ക് (1), ജോഷ് ഹേസല്‍വുഡ് (9) എന്നിവരാണ് സിറാജിന് മുന്നില്‍ മുട്ടുമടങ്ങിയത്.
മുഹമ്മദ് ഷമിയുടെ പരിക്കാണ് സിറാജിന് അരങ്ങേറ്റ മത്സരത്തിന് വഴിയൊരുക്കിയത്. ആദ്യ മത്സരത്തിലെ രണ്ട് ഇന്നിംഗ്സുകളിലായി അഞ്ച് വിക്കറ്റുകള്‍ നേടാനും യുവതാരത്തിന് കഴിഞ്ഞു. അഞ്ച് വിക്കറ്റ് പ്രകടനത്തിന് പിന്നാലെ സിറാജിന് അഭിനന്ദനങ്ങളുമായി ഇതിഹാസ താരം സച്ചിന് ടെന്‍ണ്ടുല്‍ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നിരുന്നു. ഷര്‍ദ്ദുള്‍ താക്കൂറിന്റെ രണ്ടാം ഇന്നിംഗ്സിലെ പ്രകടനവും നിര്‍ണായകമായിരുന്നു. നാല് വിക്കറ്റുകളാണ് താക്കൂര്‍ രണ്ടാം ഇന്നിംഗ്സില്‍ നേടിയത്.
ഗില്ല് തുടങ്ങി, പന്ത് പൂര്‍ത്തിയാക്കി

327 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് 18 റണ്‍സെടുക്കുന്നതിനിടെ രോഹിത് ശര്‍മ്മയെ നഷ്ടമായിരുന്നു. ഹിറ്റ്മാന് മടങ്ങിയതോടെ കൂടുതല്‍ ഉത്തരവാദിത്വം കാണിച്ച ഗില്‍ ടീമിനെ മുന്നോട്ടു നയിച്ചത്. ആദ്യ സെഞ്ച്വറിക്ക് 9 റണ്‍സ് അകലെ നഥാന്‍ ലെയ്ണ്‍ കീഴടങ്ങി മടങ്ങുമ്പോള്‍ ഗില്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിലൊന്ന് പൂര്‍ത്തിയാക്കിയിരുന്നു.
വിദേശ പിച്ചുകളില്‍ പരിചയ സമ്പത്ത് നിര്‍ണായകമാണ്. എന്നാല്‍ പേസ് ബൗളര്‍മാരെ യാതൊരു ഭയവുമില്ലാതെ നേരിട്ട ഗില്‍ ഇന്ത്യയെ ചരിത്ര വിജയത്തിലേക്ക് നയിച്ചു. ഗില്‍ പുറത്തായതിന് പിന്നാലെയെത്തിയ നായകന് രഹാനെ കാര്യമായ സംഭാവനകളൊന്നും നല്‍കാനിയിരുന്നില്ല. 24 റണ്‍സെടുത്ത രാഹനെ കമ്മിന്‍സിന്റെ പന്തില്‍ ടിം പെയ്ന് ക്യാച്ച് നല്കി മടങ്ങി.

ഋഷഭ് പന്തിനൊപ്പം രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്ത പൂജാര ആക്രമിച്ചു കളിക്കാതെ ക്രീസില്‍ നിലയുറപ്പിച്ചു. അര്‍ധ സെഞ്ച്വറി തികച്ചതിന് പിന്നാലെ പൂജാരെ പുറത്തായി. പിന്നാലെ മായങ്ക അഗര്‍വാളും കൂടാരം കയറിയതോടെ ഇന്ത്യയുടെ നില പരുങ്ങലിലാവുമെന്ന് തോന്നിച്ചിരുന്നു. എന്നാല്‍ ഋഷഭ് പന്തിന്റെ അപരാജിത ഇന്നിംഗ്സ് ഇന്ത്യക്ക് ചരിത്രം വിജയം സമ്മാനിച്ചു. 138 പന്തില്‍ 89 റണ്‍സാണ് പന്ത് അടിച്ചു കൂട്ടിയത്. മത്സരത്തിന്റെ അസാനഘട്ടത്തില്‍ ടി20 ശൈലിയില്‍ കളി മുന്നോട്ട് നയിക്കാനും പന്തിന് കഴിഞ്ഞു.